ഐപിഎല്‍ 2026: ഗുജറാത്തിന് മുന്നില്‍ മൂന്ന് കടമ്പകള്‍, കിരീടപ്പോരില്‍ മുൻതൂക്കം ആര്‍ക്കാണ്?

Published : May 31, 2026, 01:20 PM IST
IPL

Synopsis

ബെംഗളൂരുവിന് എങ്ങനെ കിരീടം നേടാനാകുമെന്ന് വിലയിരുത്തുന്നതാകില്ല ഉചിതം. ആശിഷ് നെഹ്റയുടെ കുട്ടികള്‍ക്ക് അത് സാധ്യമാകാൻ എന്തൊക്കെ മറികടക്കണമെന്ന് പരിശോധിക്കുന്നതാകും

ഇത്തരമൊരു കാലമായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകര്‍ കൊതിച്ചത്. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരുകിരീടം, ക്രൂരമായ പരിഹാസങ്ങള്‍ക്ക് മുകളില്‍ ഐപിഎല്ലിന്റെ കനകസിംഹാസനം അവര്‍ വെട്ടിപ്പിടിച്ച 2025. ശേഷം ഇതാ മറ്റൊരു ഫൈനല്‍ രാവ് അവരെ തേടിയെത്തിയിരിക്കുന്നു, അല്ല അത് അവര്‍ നേടിയെടുത്തതാണ്. ഒരിക്കല്‍ക്കൂടി അഹമ്മദാബാദിന്റെ മണ്ണില്‍, ഇതിഹാസത്തിന്റെ കരിയര്‍ പൂര്‍ണമാക്കിയ അതേ മൈതാനത്ത്. ധരംശാലയില്‍ അനായാസം കീഴടക്കിയ ഗുജറാത്ത് ടൈറ്റൻസാണ് രജത് പാട്ടിദാറിന്റെ സംഘത്തിന്റെ രണ്ടാം കിരീടമോഹങ്ങള്‍ക്കിടയില്‍.

ബുഡപെസ്റ്റിലെ പുസ്കാസ് അറീനയില്‍ പാരീസ് സെന്റ് ജര്‍മൻ ഇരട്ടിമധുരം നുണഞ്ഞിട്ട് മണിക്കൂറുകളെയാകുന്നുള്ളു. കായികലോകത്തിന്റെ കണ്ണുകള്‍ ഇനി അഹമ്മദാബാദിലേക്ക് മാത്രമാണ്. 2025 ഐപിഎല്‍ ഫൈനലിനും 2026 ടി20 ലോകകപ്പ് കലാശപ്പോരിനും ഒരുക്കിയ അതേ വിക്കറ്റാണ് കാത്തിരിക്കുന്നത്. അഹമ്മദാബാദില്‍ രാജകുമാരന്റെ പട്ടാഭിഷേകമോ അതോ രാജാവിന്റെ വാഴ്ച തുടരുമോ.

ബെംഗളൂരുവിന് എങ്ങനെ കിരീടം നേടാനാകുമെന്ന് വിലയിരുത്തുന്നതാകില്ല ഉചിതം. ആശിഷ് നെഹ്റയുടെ കുട്ടികള്‍ക്ക് അത് സാധ്യമാകാൻ എന്തൊക്കെ മറികടക്കണമെന്ന് പരിശോധിക്കുന്നതാകും. ബെംഗളൂരുവിന്റെ ബാറ്റിങ് ലൈനപ്പ് പൂര്‍ണമായും തന്നെ ആശ്രയിച്ചിരിക്കുന്ന രണ്ട് പേരിലാണ്, വിരാട് കോലിയും രജത് പാട്ടിദാറും. ഓപ്പണറായി കോലി സ്ഥിരതയോടെ നല്‍കുന്ന ഒരു സ്കോര്‍, 15 കളികളില്‍ നിന്ന് അയാള്‍ നേടിയ 600 റണ്‍സെന്ന അടിത്തറയില്‍ നിന്നാണ് ബെംഗളൂരുവിന്റെ ഇന്നിങ്സുകള്‍ പടര്‍ന്ന് പന്തലിച്ചത്.

പാട്ടിദാര്‍ എങ്ങനെ ഗുജറാത്തിന്റെ സ്വപ്നങ്ങള്‍ വിലങ്ങുതടിയാകുമെന്നത് ധരംശാലയില്‍ കണ്ടത്. 33 പന്തില്‍ നേടിയ 93 റണ്‍സ് വ്യക്തമായ സന്ദേശമാണ് നല്‍കിയിട്ടുള്ളത്. ഒരു സ്പിൻ ബാഷറാണ് താൻ എന്ന പേര് പൂര്‍ണമായും തിരുത്താൻ ബെംഗളൂരു നായകൻ തിരഞ്ഞെടുത്തത് ക്വാളിഫയര്‍ ഒന്നായിരുന്നല്ലോ. സീസണ്‍ മുഴുവനായും പരിശോധിച്ചാല്‍ പാട്ടിദാറിനോളം അപകടകാരിയായ ഒരു മധ്യനിര ബാറ്ററില്ലെന്ന് പറയാം. 196 എന്ന സ്ട്രൈക്ക് റേറ്റില്‍ 486 റണ്‍സാണ് സമ്പാദ്യം. പക്ഷേ, ഗില്ലിന്റെ ഭയപ്പെടുത്തുന്നത് മറ്റൊരു കണക്കാണ്.

പവര്‍പ്ലേയ്ക്ക് ശേഷമുള്ള പാട്ടിദാറിന്റെ ഇന്നിങ്സ്. ആറ് ഓവറുകള്‍ക്ക് ശേഷം 450 റണ്‍സാണ് പാട്ടിദാര്‍ സീസണില്‍ നേടിയത്. അതും 216 എന്ന ഭീമമായ സ്ട്രൈക്ക് റേറ്റില്‍. മറ്റൊരാള്‍ക്കും ഇതുവരെ സാധിക്കാത്ത ഒന്നാണിത്. 

പാട്ടിദാറാണ് യഥാര്‍ത്ഥത്തില്‍ ബെംഗളൂരുവിന്റെ ഇന്നിങ്സിനെ ലിഫ്റ്റ് ചെയ്യുന്നത്. ശേഷം കൃത്യമായ പോയിന്റുകളില്‍ ഫിനിഷര്‍മാരെത്തുന്നു, ടിം ഡേവിഡും റൊമാരിയോ ഷെപ്പേഡും, ജിതേഷ് ശര്‍മയുടെ ഫോം കൂടി ഉയര്‍ന്നാല്‍ എല്ലാം പെര്‍ഫെക്റ്റായി സംഭവിക്കും. ഈ ഒരു ഓര്‍ഡര്‍ സംഭവിച്ചപ്പോഴൊന്നും ബെംഗളൂരുവിന് തോല്‍വിയുടെ പക്ഷത്ത് നില്‍ക്കേണ്ടി വന്നിട്ടില്ല.

അതുകൊണ്ട് ഗുജറാത്തിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകം ആദ്യ ഒൻപത് ഓവറിനുള്ളില്‍ തന്നെ ബെംഗളൂരുവിന്റെ ടോപ് ഓര്‍ഡറടങ്ങുന്ന പാതിയെ മടക്കുക എന്നതായിരിക്കും. കഗിസൊ റബാഡ, മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ എന്നിവര്‍ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തം.

ശുഭ്മാൻ ഗില്ലിന്റെ സംഘത്തിന് മുന്നിലെ പ്രധാനവെല്ലുവിളി അയാളാണ്, ഭുവനേശ്വര്‍ കുമാര്‍. കരിയറിന്റെ അസ്തമയകാലത്ത് പോലും വല്ലാത്ത തിളക്കമുള്ള താരം. ഗുജറാത്തിന്റെ ബാറ്റിങ് ലൈനപ്പ് പൂര്‍ണമായും ആശ്രയിച്ചിരിക്കുന്നത് ടോപ് ത്രീയില്‍ തന്നെയാണ്. ഗില്‍, സായ് സുദര്‍ശൻ, ജോസ് ബട്ട്ലര്‍. ഇവര്‍ മൂന്നും ധരംശാലയില്‍ പരാജയപ്പെട്ടതായിരുന്നു ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശനം എളുപ്പമാക്കിയത്. അഹമ്മദാബാദില്‍ ഇത് ഒഴിവാക്കണമെങ്കില്‍ ഭുവനേശ്വര്‍ കുമാറിനെ അതിജീവിക്കേണ്ടി വരും, സീസണിലെ ഏറ്റവും മികച്ച പവര്‍പ്ലേ ബൗളറാണ് ഭുവി. ഗില്ലിനും ബട്ട്ലര്‍ക്കുമെതിരെ മികച്ച റെക്കോര്‍ഡും ഭുവിക്കുണ്ട്.

ഭുവിയെ അതിജീവിക്കുക മാത്രമല്ല, ഡൊമിനേറ്റ് ചെയ്യേണ്ടി വരും ബെംഗളൂരുവിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാൻ. സായ് സുദ‍ര്‍ശനായിരിക്കും ഇവിട കീ പ്ലെയര്‍. ഭുവിയുടെ 45 പന്തുകള്‍ ഇതുവരെ സായ് നേരിട്ടിട്ടുണ്ട്, പുറത്തായത് ഒരുതവണ മാത്രമാണ്. പവര്‍പ്ലേയില്‍ സായി കൂടുതല്‍ നേരം സ്ട്രൈക്ക് എൻഡില്‍ കാണപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

അഹമ്മദാബാദിലെ വിക്കറ്റ് ഭുവിക്കും എളുപ്പമായിരിക്കില്ല, ബാറ്റിങ് പറുദീസയാണ്, വെല്ലുവിളികളുണ്ടാകും. പക്ഷേ, അവിടെ ബൗളര്‍മാര്‍ക്ക് വിജയിക്കാൻ കഴിയുമെന്ന് 2026 ടി20 ലോകകപ്പ് ഫൈനലില്‍ ജസ്പ്രിത് ബുമ്ര തെളിയിച്ചതാണ്. ന്യൂസിലൻഡ് ബാറ്റിങ് തകര്‍ച്ച നേരിട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ മത്സരത്തിന്റെ ശരാശരി റണ്‍റേറ്റഅ 12 കടക്കുമായിരുന്നു. ഇവിടെ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ബുമ്ര എടുത്തത്, അസാധ്യമയൊരു പ്രകടനം.

ബൗളിങ്ങില്‍ ബുമ്രയ്ക്കൊപ്പമോ അല്ലെങ്കില്‍ മുകളിലൊ അച്ചടക്കമുള്ളയാളാണ് ഭുവി. അതുകൊണ്ട് ബുമ്രയുടെ പ്രകടനം ആവര്‍ത്തിക്കാൻ അയാള്‍ക്ക് സാധിച്ചേക്കും. ടോപ് ഓര്‍ഡര്‍ കൊളാപ്സ് സംഭവിച്ചാല്‍ ഗുജറാത്തിന് കിരീടം മറക്കേണ്ടി വരുമെന്നാണ് സീസണ്‍ നല്‍കുന്ന സൂചനയും. കോലി, പാട്ടിദാര്‍, ഭുവി, എന്നിവരെ തന്ത്രപരമായി മറികടക്കുന്നതിനോടൊപ്പം ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കാനും ഗുജറാത്ത് തയാറാകേണ്ടതുണ്, 26 അവസരങ്ങളാണ് സീസണില്‍ കൈവിട്ടത്. ക്വാളിഫയര്‍ ഒന്നില്‍ പാട്ടിദാറിന് ജീവൻ കൊടുത്തതായിരുന്നു ഗുജറാത്തിന് ഏറ്റവും വലിയ സെറ്റ്ബാക്ക് ആയതും.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: രാജസ്ഥാനെ കീഴടക്കിയ ക്ലാസിക്ക് ഗില്‍, എന്തൊരു ഇന്നിങ്സായിരുന്നു
ഐപിഎല്‍ 2026: ആറ്റിറ്റ്യൂഡാണോ പ്രശ്നം? മുംബൈയില്‍ വളര്‍ന്ന് തളര്‍ന്ന ഹാർദിക്ക് പാണ്ഡ്യ