
സുനില്‍ നരെയ്‌ന്റെ സ്പെല്ലിലെ അവസാന പന്തില്‍ മുഹമ്മദ് ഷമി മടങ്ങുമ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വിജയത്തിലേക്കുള്ള ദൂരം ഏറെക്കുറെ അസാധ്യമായിരുന്നു. പല അത്ഭുതങ്ങള്‍ ഗ്യാലറികള്‍ക്ക് വിരുന്നായി നല്‍കിയ ഈഡൻ ഗാര്‍ഡൻസ്, അവിടെ വ്യാഴാഴ്ച രാത്രി അങ്ങനൊന്നിന് തരമില്ലെന്നാണ് കരുതിയത്. ആദ്യ ജയമെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്വപ്നം 24 പന്ത് അകലത്തിലാണപ്പോള്‍. ക്രീസില്‍ അവശേഷിക്കുന്ന ഏക ഡെസിഗ്നേറ്റഡ് ബാറ്റര്‍, പേര് മുകുള്‍ ചൗദരി. സ്കോര്‍ബോര്‍ഡില്‍ ആ പേരിന് നേര്‍ക്ക് തെളിഞ്ഞ അക്കങ്ങള്‍ക്കണ്ടവരെല്ലാം മറിച്ച് വിശ്വസിച്ചതുമില്ല, എട്ട് പന്തില്‍ രണ്ട് റണ്‍സ്.
നിശബ്ദതയും ആരവങ്ങളും മുഴങ്ങിയ അരമണിക്കൂറിന് ശേഷം ഈഡന്റെ ഒരു ഓരത്ത് നിന്നു മുകുള്‍ ചൗദരി, 21 വയസ് മാത്രമുള്ള ആ പയ്യന്റെ കൈയിലപ്പോള്‍ കളിയിലെ താരത്തിന്റെ പുരസ്കാരവും. അവൻ പറഞ്ഞു, സമ്മര്‍ദം ഉണ്ടായിരുന്നു. പക്ഷേ, ദൈവം എനിക്ക് മുന്നില്‍ ഒരുക്കിയ അവസരമായാണ് ഞാൻ കണ്ടത്, ഞാൻ എന്റെ മികവില്‍ വിശ്വസിച്ചു. എനിക്ക് എന്തെങ്കിലും ആകാൻ, എന്റെ പേര് അടയളപ്പെടുത്താൻ കാലം ഒരുക്കിയ അവസരത്തിനായിരുന്നു മുൻഗണ, സമ്മര്‍ദത്തിനായിരുന്നില്ല. യെസ്, ആ പേര് ഐപിഎല്ലിന്റെ ഭൂപടത്തില്‍ അടയാളപ്പെട്ട് കഴിഞ്ഞിരുന്നു അപ്പോഴേക്കും.
അവസാന നാല് ഓവറില്‍ ജയിക്കാൻ 54 റണ്‍സ്. നേരിട്ട ഒൻപതാം പന്തിലാണ് ആദ്യ ബൗണ്ടറി, വൈഭവ് അറോറ ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ എറിഞ്ഞ സ്ലോ ബൗണ്‍സര്‍ രമണ്‍ദീപിന്റെ അത്ലറ്റിസത്തെ മറികടന്ന് ബൗണ്ടറി റോപ്പ് തൊടുന്നു. പക്ഷേ, വരാൻ പോകുന്നതിന്റെ സൂചന അടുത്ത പന്തിലായിരുന്നു. ലഖ്നൗവിന്റെ അവസാന പ്രതീക്ഷയും അവസാനിപ്പിക്കാൻ വൈഭവ് അറോറയുടെ യോര്‍ക്കര്‍ ശ്രമം, എന്നാല്‍ വൈഭവിന് അവിടെ യോര്‍ക്കര്‍ മിസ് ആകുന്നു.
റിസ്റ്റ് വര്‍ക്കും പവറും സമന്വയിപ്പിച്ച് ആ ഫുള്‍ ലെങ്ത് പന്തില്‍ ഒരു ഹെലിക്കോപ്റ്റര്‍ ഷോട്ട്, ലോങ് ഓണിന് മുകളിലൂടെ ഒരു സിക്സ്. എം എസ് ധോണിയെ ഓര്‍മിപ്പിക്കും വിധമെന്ന് പറയാതിരിക്കാൻ വയ്യായിരുന്നു കമന്ററി ബോക്സിലിരുന്ന ഫാഫ് ഡുപ്ലെസിസിന്. കേവലമൊരു ധോണി ഫാൻ മാത്രമല്ല, ഇതിഹാസത്തിന്റെ ഫിലോസഫിയെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ് കളത്തിലേക്ക് മുകുള്‍ ചുവടുവെച്ചതെന്ന് വൈകാതെ അജിങ്ക്യ രഹാനെയുടെ സംഘത്തിന് ബോധ്യമായി.
18-ാം ഓവറില്‍ കാര്‍ത്തിക്ക് ത്യാഗി, ആദ്യ പന്തൊരു വൈഡ് ഷോര്‍ട്ട് ബോള്‍. പന്ത് ഗ്യാലറിയില്‍, കമന്ററി ബോക്സില്‍ നിന്ന് ശബ്ദമുയര്‍ന്നു ഹിയര്‍ ഈസ് മുകള്‍ ചൗദരി, അനൗണ്‍സിങ് ഹിംസെല്‍ഫ്. ലഖ്നൗ ഡൗഗ് ഔട്ടിലിരുന്ന ദിഗ്വേഷ് രാത്തി അത്ഭുതത്തോടെ വാട്ട് ആ ഷോട്ട് എന്ന് ഉരുവിട്ടു. രണ്ട് പന്തുകളുടെ ഇടവേളയ്ക്ക് ശേഷം ഒരു 92 മീറ്റര്‍ താണ്ടിയ ഒരു മോണ്‍സ്റ്റര്‍ ഹിറ്റ്. 18 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് ഓവറില്‍ ഇനിയും 30 റണ്‍സ് ആവശ്യമായിരുന്നു, എളുപ്പമല്ല.
കേവലം മൂന്ന് ഐപിഎല്‍ മത്സരങ്ങളുടെ മാത്രം പരിചയം പേറുന്ന മുകുള്‍ ഒന്നരപതിറ്റാണ്ടിലധികം മൈതാനത്ത് നിലകൊണ്ട രഹാനെയെന്ന തന്ത്രജ്ഞന് വെല്ലുവിളിയായി മാറുന്ന കാഴ്ച. 19-ാം ഓവര്‍ കാമറൂണ്‍ ഗ്രീൻ നന്നായി തുടങ്ങി, രണ്ട് ഷോര്‍ട്ട് ബോളുകള്‍, രണ്ട് ഡോട്ട് ബോള്‍. പക്ഷേ, മൂന്നാം പന്തില്‍ ഗ്രീനിന് പിഴച്ചു, ഷോര്‍ട്ട് ബോള്‍ തന്നെ പ്രതീക്ഷിച്ച മുകുളിന് തെറ്റിയില്ല, സിക്സ്.
ഏറ്റവും നിര്‍ണായകമായ അവസാന പന്ത്. മുകുള്‍ സിംഗിള്‍ എടുക്കുമെന്നായിരുന്നു രഹാനെ കരുതിയതും. അത് മുന്നില്‍ക്കണ്ടായിരുന്നു ഫീല്‍ഡ് ഒരുക്കിയതും. എന്നാല്‍ അവസാന ഓവറില്‍ സമ്മര്‍ദം ഒഴിവാക്കാനായിരുന്നു തീരുമാനം, ഗ്രീനിന്റെ ഡീപ് മിഡ് വിക്കറ്റിലേക്ക് പുള്‍ ചെയ്തൊരു ഫ്ലാറ്റ് സിക്സ്. അവസാന ആറ് പന്തില്‍ 14 റണ്‍സ്, ആവേശ് ഖാനില്‍ വിശ്വാസം അര്‍പ്പിക്കാൻ മുകുള്‍ കാണിച്ച ധൈര്യവും നിര്‍ണായകമായി എന്ന് പറയാം.
ആവേശ് ഖാനെ സ്ട്രൈക്കില്‍ തന്നെ തളച്ചിടാൻ വൈഭവിന് കഴിയാതെ പോയി. മുകുള്‍ സ്ട്രൈക്കിലേക്ക് മടങ്ങിയും എത്തി. രണ്ടാം പന്തില്‍ സിക്സ് നേടിയെങ്കിലും അടുത്ത രണ്ട് പന്തുകളില്‍ യോര്‍ക്കറുകളുമായി വൈഭവിന്റെ തിരിച്ചുവരവ്. ഈഡന്റെ ഗ്യാലറികളില്‍ ആരവം. പക്ഷേ, ആ ആരവത്തിന് നിമിഷായുസ് മാത്രമായിരുന്നു. വൈഭവിന്റെ വൈഡ് യോര്‍ക്കര്‍ ശ്രമം തലനാരിഴയ്ക്ക് തെറ്റി, ടൈമിങ്ങും ബാറ്റ് സ്പീഡും എല്ലാം ചേര്‍ന്ന, ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഷോട്ട് അവിടെ പിറവി കൊണ്ടു, ഡീപ് കവറിന് മുകളിലേക്ക് മുകളിന്റെ ബാറ്റില്‍ നിന്ന് പന്ത് മൂളിപ്പറക്കുകയായിരുന്നു, സിക്സ്.
ഒരു പന്തില്‍ ഒരു റണ്‍സ്, വൈഭവിന്റെ ഷോര്‍ട്ട് ബോള്‍, മുകുളിന്റെ ബാറ്റിനും അഗ്രിഷ് രഘുവംശിയുടെ കൈകള്‍ക്കും പിഴച്ചു. ലഖ്നൗവിന് ജയം. നോണ്‍ സ്ട്രൈക്കര്‍ എൻഡിലേക്ക് ഓടിയെത്തി ജയം ഉറപ്പിച്ച് മുകുള്‍ ആ വലിയ അവസരത്തിന് നന്ദി പറഞ്ഞു. 27 പന്തില്‍ 54 റണ്‍സ്, രണ്ട് ഫോര്‍, ഏഴ് സിക്സ്. 15-ാം നമ്പര്‍ ജഴ്സിയണിഞ്ഞ ഒരു താരം ഉദിച്ചിരിക്കുന്നു, മുകുള്‍ ചൗദരി. ഐപിഎല്ലിന്റെ സുവര്‍ണകിരീടത്തില്‍ കൊത്തിവെച്ചിരിക്കുന്ന വാചകം ഒരിക്കല്‍ക്കൂടി അര്‍ത്ഥവത്തായി കഴിവ് അവസരത്തെ കണ്ടുമുട്ടുന്ന ഇടം.