ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?

Published : Dec 18, 2025, 03:29 PM IST
IPL

Synopsis

കാമറൂണ്‍ ഗ്രീൻ അബുദാബിയിലെ താരമായി, ലേലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാത്തവരും വീഴ്ചകള്‍ പറ്റിയവരുമുണ്ട്. 2026 ഐപിഎല്‍ സീസണിലേ ഏറ്റവും ശക്തരായ നിരയേത്

മിനി താരലേലം കഴിഞ്ഞു, 2026 ഐപിഎല്‍ സീസണിലേക്കുള്ള ടീമുകളെ ഒരുക്കി ഫ്രാഞ്ചൈസികള്‍. ഒരടിപോലും വ്യതിചലിക്കാത്തവര്‍ മുതല്‍ സമ്പൂര്‍ണ അഴിച്ചുപണികള്‍ നടത്തിയവര്‍ വരെയുണ്ട്. ധോണിക്കൊപ്പം ജെൻ സി പടയുമായി ചെന്നൈ, ചാമ്പ്യൻ സംഘവുമായി മുംബൈ, കരുത്തുകൂട്ടി ബെംഗളൂരു, അടിമുടി മാറി കൊല്‍ക്കത്ത...അങ്ങനെ നീളുന്ന ടീമുകളുടെ പൊതുചിത്രം. ലേലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാത്തവരും വീഴ്ചകള്‍ പറ്റിയവരുമുണ്ട്. 2026 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നിരയേതെന്ന് പരിശോധിക്കാം.

അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ് തന്നെയാണ് പേപ്പറിലെ കരുത്തര്‍. റിയാൻ റിക്കല്‍ട്ടണ് ബാക്ക് അപ്പായി റോബിൻ മിൻസ് മാത്രമായിരുന്നു 2025ലുണ്ടായിരുന്നത്. ഇത്തവണ ക്വിന്റണ്‍ ഡി കോക്കിനെ തിരികെ എത്തിച്ചതോടെ പരിഹാരം കണ്ടു. രോഹിതും ഹാര്‍ദിക്കും ബുമ്രയും ബോള്‍ട്ടും അടങ്ങിയ കോര്‍ ടീം തന്നെയാണ് കരുത്ത്. ഇതിനുപുറമെ ഏത് സാഹചര്യത്തിനും ബാറ്റിങ് ലൈനപ്പിനും അനുയോജ്യമായ ബൗളിങ് നിരകൂടിയുണ്ട് ബ്ലു ആൻഡ് ഗോള്‍ഡില്‍. അതിപ്പോള്‍ സ്പിൻ നിരയാണെങ്കിലും പേസര്‍മാരാണെങ്കിലും ഓള്‍ റൗണ്ടര്‍മാരാണെങ്കിലും.

നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ബാറ്റിങ് ബൗളിങ് ഡിപ്പാര്‍ട്ടുമെന്റുകള്‍ വെല്‍ സെറ്റില്‍ഡായ ടീം. നമ്പര്‍ ത്രീയും ജോഷ് ഹേസല്‍വുഡ്-യാഷ് ദയാല്‍ ദ്വയത്തിനുള്ള ബാക്കപ്പും, ഇതായിരുന്നു ലേലത്തിലെത്തിയപ്പോള്‍ ബെംഗളൂരുവിന്റെ ലക്ഷ്യം. വെങ്കടേഷ് അയ്യ‍ര്‍, ന്യൂസിലൻഡ് പേസര്‍ ജേക്കബ് ഡഫി, യുവതാരം മങ്കേഷ് യാദവ് എന്നിവരിലൂടെ ലക്ഷ്യം നിറവേറ്റപ്പെട്ടു. രണ്ടാം കിരീടം നേടാൻ കെല്‍പ്പുണ്ട് ഈ ടീമിന്.

പരിചയസമ്പത്തിനോടുള്ള വിശ്വാസത്തിന് വിട നല്‍കി ഭാവി മുന്നില്‍ക്കണ്ടുള്ള നീക്കമായിരുന്നു ചെന്നൈ നടത്തിയത്. 14.2 കോടി വീതം നല്‍കി അണ്‍ക്യാപ്‌ഡായ പ്രശാന്ത് വീറിനേയും കാര്‍ത്തിക്ക് ശര്‍മയേയും ടീമിലെത്തിച്ചു. റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, എം എസ് ധോണി എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ടീം സമ്പൂര്‍ണമായും ജെൻ സി വൈബിലാണ്.

ബൗളിങ്ങില്‍ അല്‍പ്പം പോരായ്മയുണ്ടെന്ന് തോന്നിച്ചാലും ദുര്‍ബലരല്ല, എന്നാല്‍ അത്ര ശക്തരുമല്ല. ഖലീല്‍ അഹമ്മദ്, നാഥാൻ എല്ലിസ്, അക്കീല്‍ ഹുസൈൻ, നൂര്‍ അഹമ്മദ്, അൻഷുല്‍ കാമ്പോജ്, ജേമി ഓവര്‍ട്ടണ്‍ തുടങ്ങിയ ഒരു നിരതന്നെയുണ്ട്. ആറാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ യുവതാരങ്ങളുടെ ഉത്തരവാദിത്തബോധം നിര്‍ണായകമാകും.

മാര്‍ക്യു താരങ്ങളെയെല്ലാം റിലീസ് ചെയ്ത് സമ്പന്നരായി എത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആന്ദ്രെ റസലിന്റെ പകരക്കാരനെ കാമറൂണ്‍ ഗ്രീനിലൂടെ ലഭിച്ചു. മധ്യനിരയിലേയും മുൻനിരയിലേയും പോരായ്മകളകറ്റാൻ വിദേശ ബാറ്റര്‍മാരെ സ്വന്തമാക്കി. മുസ്തഫിസൂര്‍ റഹ്മാന്റെയും മതീഷ പതിരാനയുടേയും വരവോടെ പേസ് ഡിപ്പാര്‍ട്ട്മെന്റിനും കരുത്തുകൂടിയിട്ടുണ്ട്. ഹര്‍ഷിത് റാണ, വൈഭവ് അറോറ എന്നിവരടങ്ങിയ ഇന്ത്യൻ താരങ്ങള്‍ തന്നെയാണ് പേസ് നിരയുടെ കോര്‍. സ്ഥിരതയുള്ള ബൗളറായി വരുണ്‍ ചക്രവര്‍ത്തി മാത്രമാണുള്ളതെന്നാണ് കെകെആറിന്റെ പോരായ്മ.

സമീപ കാലത്തെ ഏറ്റവും മികച്ച ടീമിനെ സൃഷ്ടിക്കാൻ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞിട്ടുണ്ട്. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിനൊപ്പം പാതും നിസങ്ക അല്ലെങ്കില്‍ ബെൻ ‍ഡക്കറ്റ്. മധ്യനിരയുടെ പൂര്‍ണ ഉത്തരവാദിത്തം നിതേഷ് റാണയും കരുണ്‍ നായരും നയിക്കുന്ന സംഘത്തിന്. ഫിനിഷ് ചെയ്യാൻ അഷുതോഷ് ശര്‍മയും ഡേവിഡ് മില്ലറും. ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, നടരാജൻ, കുല്‍ദീപ്, വിപ്രജ് നിഗം, അക്വിബ് നബിയെന്ന ആഭ്യന്തര സെൻസേഷനും. അക്സര്‍ പട്ടേലുകൂടി ചേരുമ്പോള്‍ ഡല്‍ഹി ടോപ് ഫോറിലെത്താൻ സാധ്യതയുള്ള ടീമാകുന്നു.

ഏഴ് കോടി രൂപയ്ക്കെടുത്ത ജേസണ്‍ ഹോള്‍ഡര്‍ മാത്രമായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ ലേലത്തിലെ നേട്ടം. ഓള്‍ റൗണ്ടറായ ഹോള്‍ഡര്‍ ടീമിന്റെ ബാലൻസ് കൂടുതല്‍ മികച്ചതാക്കുമെങ്കിലും ഗ്ലെൻ ഫിലിപ്‌സ് എന്ന ബിഗ് ഹിറ്ററെ താണ്ടേണ്ടി വരും ടീമിലെത്താൻ. കഴിഞ്ഞ സീസണില്‍ ടോപ് ഫോറിലെത്തിയ ഗുജറാത്തിന് ഫിലിപ്സിന്റെ സഹായമുണ്ടായിരുന്നില്ല, ഹോള്‍ഡറിനെപ്പോലൊരു ഓള്‍ റൗണ്ടറുമുണ്ടായിരുന്നില്ല. ഇരുവരും ഇലവനിലേക്ക് എത്തിയാല്‍ കരുത്തില്‍ ഗുജറാത്ത് ഒരുപടികൂടി മുകളിലേക്ക് കയറും.

ലേലത്തില്‍ വേണ്ടതൊന്നും നേടിയെടുക്കാൻ കഴിയാത പോയി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്. ഫിനിഷറായിരുന്ന ഡേവിഡ് മില്ലറിനെ കൈവിട്ടു, മേടിച്ചത് നാല് മത്സരങ്ങള്‍ മാത്രം വരും സീസണില്‍ കളിക്കുന്ന ജോഷ് ഇംഗ്ലിസിനെ, അതും എട്ടരക്കോടി രൂപയ്ക്ക്. രവി ബിഷ്ണോയ്ക്ക് പകരം വനിന്ദു ഹസരങ്ക. ബാറ്റിങ് ഡെപ്തുണ്ട് എന്നത് മുൻതൂക്കമാണ്. ഇന്ത്യൻ താരങ്ങളാല്‍ സമ്പന്നമാണ് ലഖ്നൗവിന്റെ പേസ് നിര. നയിക്കുന്നത് മുഹമ്മദ് ഷമി, ഒപ്പം ആൻറിച്ച് നോര്‍ക്കെയും. മറ്റ് പേസര്‍മാരെല്ലാം ഇനിയും തെളിയിക്കേണ്ടതുണ്ട് എന്നതാണ് ദുര്‍ബലത.

ജോഷ് ഇംഗ്ലിസിന്റെ പകരക്കാരനായി കുറ്റനടിക്കാരൻ കൂപ്പര്‍ കനോലിയെത്തിച്ച് പരിഹാരം കാണുകയാണ് പഞ്ചാബ് കിങ്സ്. കഴിഞ്ഞ തവണ ഫൈനലില്‍ നഷ്ടമായ കിരീടം നേടുക എന്ന ലക്ഷ്യത്തിന് കുടപിടിക്കുന്ന ശക്തമായ സംഘം തന്നെയാണ് ശ്രേയസ് അയ്യരുടേത്.

ഹസരങ്കയ്ക്കും മഹേഷ് തീക്ഷണയ്ക്കും പകരക്കാരെയായിരുന്നു രാജസ്ഥാൻ റോയല്‍സിന്റെ പ്രധാന ലക്ഷ്യം. രവി ബിഷ്ണോയിലൂടെ ഒരു പരിഹാരമായെങ്കിലും ശേഷം ലേലത്തിലെടുത്ത സ്പിന്നര്‍മാരായ യാഷ് രാജും വിഘ്നേഷ് പുത്തൂരും പരിചയസമ്പന്നരല്ല എന്നത് തിരിച്ചടിയാണ്. കോര്‍ ടീമിനെ കൈവിടാത്ത രാജസ്ഥാൻ കഴിഞ്ഞ സീസണിലെ പോരായ്മ പരിഹരിക്കാൻ മികച്ച ഒരു ഫിനിഷറെ തേടിയിറങ്ങിയിരുന്നെങ്കിലും ലഭിച്ചില്ല.

സണ്‍റൈസേഴ്സ് ഹൈദരാബാദിനാണ് ലേലത്തിലേക്ക് കടക്കാൻ ഒരു ഘട്ടത്തിലും കഴിയാതെ പോയത്. 25.5 കോടി കൈവശമുണ്ടായിട്ടും മുഹമ്മദ് ഷമിയുടെ റീപ്ലേസ്മെന്റിനെ ലേലത്തില്‍ നേടാനായില്ല. പരിചയസമ്പത്ത് കുറഞ്ഞ ആഭ്യന്തര താരങ്ങളെയാണ് ഹൈദരാബാദ് കൂടുതലായും ലേലത്തില്‍ നേടിയത്. 13 കോടി നല്‍കി ലിയാം ലിവിങ്സ്റ്റണെ എടുത്താണ് ആരാധകരെ ഞെട്ടിച്ചത്. പ്രത്യേകിച്ചും ഹൈദരാബാദിന്റെ മാര്‍ക്യു താരങ്ങളെല്ലാം വിദേശികളായതിനാല്‍. മുംബൈ, ബെംഗളൂരു, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയവരാണ് മറ്റ് ടീമുകളേക്കാള്‍ ശക്തരെന്ന് വിലയിരുത്താം.

PREV
Read more Articles on
click me!

Recommended Stories

'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ
സെറ്റായി ബെംഗളൂരു, ആശയക്കുഴപ്പത്തില്‍ കൊല്‍ക്കത്ത; സ്ക്വാഡ് ഡെപ്തും പോരായ്മകളും