ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ??

Published : Dec 17, 2025, 11:17 AM IST
Chennai Super Kings

Synopsis

വയസൻ പടയ്ക്ക് അവസാനവും ശൈലിമാറ്റവും സംഭവിച്ചിരിക്കുന്നു. ഇനി സാക്ഷാല്‍ എം എസ് ധോണിക്കൊപ്പം ജെൻ സി പിള്ളേര്‍. അടിമുടി യുവതാരങ്ങളുമായാണ് ധോണി 2026ല്‍ കളത്തിലെത്തുക

ഭാവി, പ്രതീക്ഷ, ആഴം. ഈ മൂന്ന് വാക്കുകളിലൊതുക്കാം 2026 ഐപിഎല്ലിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെ. വയസൻ പടയ്ക്ക് അവസാനവും ശൈലിമാറ്റവും സംഭവിച്ചിരിക്കുന്നു. ഇനി സാക്ഷാല്‍ എം എസ് ധോണിക്കൊപ്പം ജെൻ സി പിള്ളേര്‍. എത്രത്തോളം ശക്തരാണ് മിനി താരലേലത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ്.

അതിവേഗതകൈവരിക്കുന്ന ട്വന്റി 20 ക്രിക്കറ്റിനൊപ്പം സഞ്ചരിക്കാനാകാത്തവരെ തഴഞ്ഞതായിരുന്നു മാറ്റത്തിന്റെ ആദ്യ സൂചന. വിജയ് ശ‍ങ്കര്‍, രാഹുല്‍ ത്രിപാതി, ദീപക് ഹൂഡ, ഡെവോണ്‍ കൊണ്‍വെ, രച്ചിൻ രവീന്ദ്ര. പോയ സീസണില്‍ സ്ട്രൈക്ക് റേറ്റ് 100 പോലും കടക്കാൻ ബുദ്ധിമുട്ടിയ സീനിയേഴ്സുണ്ട് മേല്‍പ്പറഞ്ഞവരില്‍. ഈ നാണയത്തിന്റെ മറുവശമാണ് ഇത്തവണ. ലേലത്തിന് മുൻപ് തന്നെ ഏറെക്കുറെ സമ്പൂര്‍ണമായിരുന്നു ബാറ്റിങ് ലൈനപ്പ്. ഹൈലി എക്സ്പ്ലോസീവ്. പരിചയസമ്പന്നരും ഫിയര്‍ലെസായ യുവതാരങ്ങളും.

ആയുഷ് മാത്രെ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ഉ‍ര്‍വില്‍ പട്ടേല്‍, ഒപ്പം ഫിനിഷറായി എം എസ് ധോണിയും. ഈ നീണ്ട പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നത് സ‍ര്‍ഫറാസ് ഖാൻ, കാര്‍ത്തിക്ക് ശര്‍മ, മാത്യു ഷോര്‍ട്ട് എന്നിവ‍ര്‍. സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ കേട്ട പഴിക്കെല്ലാം ഉത്തരമുണ്ട് മേല്‍പ്പറഞ്ഞ പേരുകളില്‍. മാത്രെയും ബ്രെവിസും ഉര്‍വിലും 2025ല്‍ തന്നെ തങ്ങളുടെ മൂല്യം ചുരുങ്ങിയ മത്സരങ്ങളില്‍ തെളിയിച്ചതാണ്.

കേവലം ഏഴ് മത്സരങ്ങളില്‍ നിന്ന് 188 സ്ട്രൈക്ക് റേറ്റിലാണ് 240 റണ്‍സ് ആയുഷ് മാത്രെ എടുത്തത്. 11 സിക്സറുകള്‍. 180 സ്ട്രൈക്ക് റേറ്റിലായിരുന്നു ബ്രെവിസ് 225 റണ്‍സ് നേടിയത്, 17 സിക്സറുകള്‍. ഉ‍ര്‍വില്‍ പട്ടേലിന്റെ സ്ട്രൈക്ക് റേറ്റാകട്ടെ 200ന് മുകളിലും. ഇവിടേക്കാണ് പരിചയസമ്പന്നരുടെ കോളത്തില്‍ ടിക്കിട്ടുകൊണ്ട് ഗെയ്ക്വാദിന്റേയും ദുബെയുടേയും സഞ്ജുവിന്റേയും എൻട്രി. പിന്നെ തലയും. ബാറ്റിങ് ഡെപ്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ സര്‍ഫറാസ്-കാ‍ര്‍ത്തിക്ക്-മാത്യു ഷോര്‍ട്ട് ത്രയത്തിലൂടെയും കഴിഞ്ഞിട്ടുണ്ട്.

സെയ്ദ് മുഷ്താഖ് അലിയില്‍ സര്‍ഫറാസ് 203 സ്ട്രൈക്ക് റേറ്റിലാണ് 329 റണ്‍സ് നേടിയത്. ഓസീസ് താരം മാത്യു ഷോര്‍ട്ടിന്റെ അന്താരാഷ്ട്ര ട്വന്റി 20യിലെ പ്രഹരശേഷി 150നും മുകളില്‍ നില്‍ക്കുന്നു. കാര്‍ത്തിക്ക് ശര്‍മയിലേക്ക് എത്തിയാല്‍ ചേര്‍ത്തുപറയേണ്ടി വരും പ്രശാന്ത് വീറിന്റേയും കാര്യം. 14.20 കോടി രൂപ വീതം നല്‍കി ചെന്നൈ സ്വന്തമാക്കിയ അണ്‍ക്യാപ്‍ഡ് താരങ്ങള്‍. പ്രായം 19 വയസും ഇരുപതും. കാ‍ര്‍ത്തിക്കിന്റെ ട്വന്റി 20 കരിയറെടുത്താല്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 334 റണ്‍സ്. 28 സിക്സറുകളാണ് 11 അവസരങ്ങളില്‍ ഗ്യാലറിയിലെത്തിച്ചത്, സ്ട്രൈക്ക് റേറ്റ് 160ന് മുകളിലും.

പ്രശാന്താകട്ടെ രവീന്ദ്ര ജഡേജയുടെ പെര്‍ഫക്റ്റ് റീപ്ലേസ്മെന്റായി കണക്കാക്കാൻ കഴിയുന്ന ഓള്‍ റൗണ്ടര്‍. യുപിക്കായി നിലവില്‍ പുരോഗമിക്കുന്ന സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഏഴ് കളികളില്‍ നിന്ന് ഒൻപത് വിക്കറ്റ് താരം നേടി, അതും 6.76 എക്കണോമിയില്‍. ഇതിന് പുറമെ 170 സ്ട്രൈക്ക് റേറ്റില്‍ 112 റണ്‍സും സ്കോര്‍ ചെയ്തു. കൃത്യമായി കണക്കുകൂട്ടിയാണ് ഇരുവരേയും മഞ്ഞയണിയിച്ചതെന്ന് ചുരുക്കിപ്പറയാനാകും.

സമാനമാണ് ബൗളിങ് നിരയിലേയും കാര്യങ്ങള്‍, അക്കില്‍ ഹൊസൈനെ അടിസ്ഥാന വിലയില്‍ തന്നെ സ്വന്തമാക്കിയതൊരു മാസ്റ്റര്‍ സ്ട്രോക്കാണെന്ന് പറയാം. ഇടം കയ്യൻ സ്പിന്നറായ അക്കില്‍ ഹൊസൈൻ ഒരു പവര്‍പ്ലേ സ്പെഷ്യലിസ്റ്റുകൂടിയാണ്. രവി അശ്വിനെ പവര്‍പ്ലേയില്‍ ഉപയോഗിച്ച് വിക്കറ്റ് കൊയ്യുന്ന ധോണി തന്ത്രം ഓര്‍മയില്ലെ, അശ്വിന് ശേഷം അത്തരമൊരും താരത്തെ സ്ഥിരതയോടെ ലഭിച്ചിട്ടില്ല ചെന്നൈക്ക്. അതിനുള്ള ഉത്തരമാണ് വിൻഡീസ് താരം.

പോയ സീസണില്‍ നൂര്‍ അഹമ്മദിന് പിന്തുണ നല്‍കാൻ അശ്വിനും ജഡേജയ്ക്കുമായിരുന്നില്ല. ഇരുവരും ചേര്‍ന്ന് 17 വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. റൂറൊറ്റക്ക് 24 വിക്കറ്റും നേടി. നൂറിനൊപ്പം ഇത്തവണ അക്കീല്‍ മാത്രമല്ല രാഹുല്‍ ചഹറുമുണ്ട് പിന്തുണയ്ക്കായി. നാഥാൻ എല്ലിസിന് ഒരു ബാക്ക് അപ്പില്ലാത്തതായിരുന്നു ചെന്നൈയുടെ മറ്റൊരു പോരായ്മയായി എടുത്തുകാണിക്കപ്പെട്ടത്. മാറ്റ് ഹെൻറിയുടേയും സാക്ക് ഫോക്ക്സിന്റേയും വരവിലൂടെ അതിനും പരിഹാരമായി. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റുകൂടിയാ എല്ലിസിന് തന്നെയായിരിക്കും പ്രധമ പരിഗണന. ഖലീല്‍ അഹമ്മദ്, അൻഷുല്‍ കാമ്പോജ് ദ്വയത്തേയും പേസ് നിരയില്‍ കാണാം.

ഇതിനുപുറമെയാണ് നായകൻ റുതുരാജിന് ലക്ഷ്വറി എന്നവണ്ണം ഓള്‍റൗണ്ടര്‍മാരുടെ നിര ഫസ്റ്റ് ഇലവനില്‍ തന്നെയുള്ളത്. ദുബെ, ബ്രെവിസ് തുടങ്ങിയവര്‍ കുറഞ്ഞത് ഒരു ഓവറെങ്കിലും ഇടവേളകളില്‍ എറിയാൻ കെല്‍പ്പുള്ളവരാണ്. അമൻ ഖാനും രാമകൃഷ്ണ ഘോഷുമൊക്കെ ഈ പട്ടികയില്‍പ്പെടുത്താൻ കഴിയുന്നവരുമാണ്.

ഓരോ സീസണ്‍ കഴിയുമ്പോഴും ചെന്നൈക്ക് മുന്നിലുയര്‍ന്ന ചോദ്യങ്ങള്‍ ധോണിയുടേയും ജഡേജയുടേയും പകരക്കാര്‍ ആരൊക്കെ, ട്വന്റി 20 ശൈലിക്ക് അനുയോജ്യരായ ബാറ്റര്‍മാര്‍ എന്ന് ക്രീസിലെത്തുമെന്നൊക്കെയായിരുന്നു. സഞ്ജുവിന്റേയും പ്രശാന്തിന്റേയും വരവോടെ ആദ്യ ചോദ്യത്തിന് ഉത്തരമായി, രണ്ടാമത്തേതിന് ബാറ്റിങ് നിരയിലേക്ക് കണ്ണോടിച്ചാല്‍ ലഭ്യമാകും. അങ്ങനെ അടിമുടി പോരായ്മകള്‍ പരിഹരിച്ചാണ് ചെന്നൈയുടെ വരവ്.

എന്നാല്‍ ചെറിയ ആശങ്ക കരുത്തായി നിലനില്‍ക്കുന്ന യുവതാരങ്ങളില്‍ തന്നെയാണ്. ഇവര്‍ക്ക് സ്ഥിരതയോടെ ഫിയര്‍ലെസായി ബാറ്റ് ചെയ്യാൻ സീസണിലുടനീളം കഴിയുമോയെന്നതാണ് ചോദ്യം. കഴിഞ്ഞ സീസണിലെ പോലെ അഞ്ച് അല്ലെങ്കില്‍ ആറ് മത്സരങ്ങളല്ല കാത്തിരിക്കുന്നത്, 14 മുതല്‍ 17 വരെയാണ്. സഞ്ജു-റുതുരാജ്-ദുബെ ത്രയത്തിന് എല്ലാ മത്സരത്തിലും ഒരുപോലെ തിളങ്ങാനായില്ലെങ്കില്‍ ഉത്തരവാദിത്തഭാരം യുവതാരങ്ങളിലേക്ക് എത്തും. എങ്ങനെ ഈ വെല്ലുവിളി അവര്‍ ഏറ്റെടുക്കുമെന്നത് അനുസരിച്ചായിരിക്കും ചെന്നൈയുടെ കുതിപ്പ്. ഭാവി ഭ്രദ്രമാണ്, പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് യുവതയില്‍, സ്ക്വാഡ് ഡെപ്തിലും ഡബിള്‍ ഓക്കെ. ഇനിയെല്ലാം കളത്തിലാണ്.

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ തൂക്കിയ 'പിള്ളേര്‍'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം