ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി; ഇഷാൻ കിഷൻ വരുന്നു

Published : Dec 19, 2025, 01:40 PM IST
Ishan Kishan

Synopsis

സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റ് ‍ഫൈനലില്‍ ജാർഖണ്ഡിനെ കിരീടത്തിലേക്ക് എത്തിക്കുക മാത്രമല്ല കളിയിലെ താരമാകുകയും ചെയ്തു ഇഷാൻ കിഷൻ. ടൂർണമെന്റിന്റെ ടോപ് സ്കോററും താരം തന്നെയാണ്

ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ അവന് നിരാശയുണ്ടായിരുന്നു. കാരണം മികച്ച പ്രകടനങ്ങളുടെ ഒരു നിരതന്നെയുണ്ടായിരുന്നു പിച്ചവെച്ചുതുടങ്ങിയ അന്താരാഷ്ട്ര കരിയറില്‍. അന്ന് അവൻ സ്വയം പറഞ്ഞു. ഇത്രയും മികവ് പുലര്‍ത്തിയിട്ടും ടീമില്‍ ഉള്‍പ്പെടാനായില്ലെങ്കില്‍ ഞാൻ ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. അമര്‍ഷത്തിന് കീഴ്പ്പെടാൻ പാടില്ല. ഞാൻ എന്റെ ടീമിനെ വിജയപ്പിക്കേണ്ടതുണ്ട്. ‍ഒരു ടീം എന്ന നിലയില്‍ മുന്നേറണ്ടത് പ്രധാനമാണ്.

സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ഫൈനല്‍ അതിന്റെ ക്ലൈമാക്സിലേക്ക് എത്തുകയാണ്. ജാർഖണ്ഡിന് കിരീടത്തിലേക്കുള്ള ദൂരം 10 ലീഗല്‍ ഡെലിവെറികള്‍ അല്ലെങ്കില്‍ ഒരുവിക്കറ്റ്. 19-ാം ഓവറിലെ മൂന്നാം പന്ത്. ബാല്‍ കൃഷ്ണയുടെ ഷോര്‍ട്ട് ബോളില്‍ ഹരിയാന താരം ഭരദ്വാജിന്റെ കൂറ്റനടിക്കുള്ള ശ്രമം. ഷോര്‍ട്ട് തേഡ് മാൻ പൊസിഷനിലുണ്ടായിരുന്ന വികാശ് സിങ്ങിന്റെ കൈകളില്‍ പന്തൊതുങ്ങി. സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന്റെ 18 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ജാര്‍ഖണ്ഡിന് കിരീടം.

ആ നിമിഷത്തിലേക്ക് അവരെ നയിച്ചത് മറ്റാരുമായിരുന്നില്ല. അമര്‍ഷത്തിന് കീഴ്പ്പെടാൻ പാടില്ലെന്ന് സ്വയം പറഞ്ഞുപഠിപ്പിച്ചവൻ, ഇനിയും കഠിനാധ്വാനം ചെയ്യണമെന്ന് സ്വയം ഓര്‍മ്മപ്പെടുത്തിയവൻ. ഇഷാൻ പ്രണവ് കുമാര്‍ പാണ്ഡെ കിഷൻ എന്ന ഇന്ത്യയുടെ പോക്കറ്റ് ഡൈനമിറ്റ് ഇഷാൻ കിഷൻ. വിജയനിമിഷം 2007 ട്വന്റി 20 ലോകകപ്പ് ജയിച്ച എം എസ് ധോണിയെപ്പോലെയായിരുന്നു. സ്റ്റമ്പിളക്കി, മൈതാനത്തൂടെ ഇരുകൈകളും വിരിച്ചാഘോഷം. പിന്നാലെ കണ്ടത്, ഇഷാനെ ടീം അംഗങ്ങള്‍ വാരിപ്പുണരുന്നതായിരുന്നു.

നായകനും ബാറ്ററുമായി ഇഷാൻ നിറഞ്ഞാടിയ ടൂര്‍ണമെന്റ്. പത്ത് മത്സരങ്ങളില്‍ നിന്ന് 517 റണ്‍സുമായി ടോപ് സ്കോറര്‍. രണ്ട് വീതം സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറിയും. 51 ഫോറും 33 സിക്സും. പ്രഹരശേഷി 197 ആയിരുന്നു. എല്ലാത്തിനുമുപരിയായി ഫൈനലിലെ ഇന്നിങ്സ്. ഹരിയാനയെ ഫൈനലിന്റെ ചിത്രത്തില്‍ നിന്ന് എടുത്ത് ബൗണ്ടറിക്ക് പുറത്തേക്ക് എറിഞ്ഞ ആ 14 ഓവറുകള്‍. പതിവുപോലെയായിരുന്നു പൂനെയിലെ ഇന്നിങ്സിന് ഇഷാൻ തുടങ്ങിയത്. ആദ്യ ഒൻപത് പന്തില്‍ പത്ത് റണ്‍സ്.

മൂന്നാം ഓവറിലെ അവസാന പന്തില്‍ അൻഷുല്‍ കാമ്പോജിനെതിരെ സിക്സര്‍ പായിച്ചാണ് ഇഷാന്റെ ബാറ്റ് സമാധാനം വെടിഞ്ഞത്. പിന്നാലെ എത്തിയ ഭരദ്വാജിന് ഫോറും സിക്സും. ഓഫ് സ്പിന്നറായ അമിത് റാണയായിരുന്നു ഇഷാന്റെ പ്രധാന വേട്ടമൃഗം. മൂന്ന് സിക്സറുകളായിരുന്നു പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഗ്യാലറിയിലെത്തിയത്. ഇഷാന്റെ കാര്‍ണേജില്‍ ഹരിയാന നായകൻ അങ്കിത് കുമാറിന് പവര്‍പ്ലേയില്‍ തന്നെ നാല് ബൗളര്‍മാരെ പരീക്ഷിക്കേണ്ടി വന്നു. 27 പന്തിലായിരുന്നു അര്‍ദ്ധ ശതകം. രണ്ട് ഫോറും ആറ് സിക്സുമായിരുന്നു അതുവരെ.

രണ്ടാം സെഞ്ചുറിയിലേക്ക് അടുത്ത് 23 പന്തിലെത്തി. കാമ്പോജിനെ കവറിന് മുകളിലൂടെ സിക്സര്‍ ബൗണ്ടറി വര കടത്തിയായിരുന്നു മൂന്നക്കം തൊട്ടത്. ശേഷം പുഷ്പ സ്റ്റൈലില്‍ ആഘോഷവും. സുമിത് കുമാറിന് മുകളില്‍ മാത്രമായിരുന്നു ഇഷാന് ആധിപത്യം സ്ഥാപിക്കാൻ കഴിയാതെ പോയത്, അതേ സുമിത് തന്നെ ഇഷാന്റെ ഇന്നിങ്സും 101 റണ്‍സില്‍ അവസാനിപ്പിച്ചു. 49 പന്തില്‍ 101 റണ്‍സ്, ഇഷാന്റെ മികവില്‍ ജാര്‍ഖണ്ഡ് നേടിയത് 262 റണ്‍സ്. ജയം 69 റണ്‍സിനായിരുന്നു.

എന്തുകാരണത്താലാണോ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത് അതേ കാരണത്താല്‍ ഇഷാൻ അകത്തേക്കുള്ള വാതിലിന് മുന്നില്‍ നില്‍ക്കുന്നു. അല്‍പ്പം പിന്നിലേക്ക് പോകാം. മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഇഷാൻ അവസാനമായി ദേശീയ ടീമിനായി ക്രീസിലെത്തിയത് 2023 നവംബര്‍ 28ന് ഗുവാഹത്തിയിലാണ്. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20യില്‍. ശേഷം, 2023-24 കലണ്ടര്‍ വര്‍ഷത്തെ ബിസിസിഐയുടെ സെൻ‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടു ഇഷാൻ.

ഡിസംബറില്‍ നടക്കാനിരുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍ ഇഷാൻ ഭാഗമായിരുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇഷാൻ ബിസിസിഐയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ബിസിസിഐ അത് ശരിവെക്കുകയും ചെയ്തു. ദേശീയ ടീമിന്റെ ഭാഗമല്ലാത്തതും കരാറിലുമുള്ള താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്ന നിബന്ധന രാഹുല്‍ ദ്രാവിഡ് അവതരിപ്പിച്ചകാലം കൂടിയായിരുന്നു അത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍ നിന്ന് ഇടവേളയെടുത്ത ഇഷാൻ ജാ‍ര്‍ഖണ്ഡിനായി രഞ്ജിയില്‍ കളിക്കുമെന്നായിരുന്നു ബിസിസിഐയുടെ പ്രതീക്ഷ. ടീമിലേക്ക് തിരികെയെത്താൻ ഇഷാൻ ഏതെങ്കിലും ടൂര്‍ണമെന്റില്‍ കളിക്കണമെന്ന് ദ്രാവിഡിന്റെ നിര്‍ദേശവും വന്നു. എന്നിട്ടും ഇഷാൻ രഞ്ജിയില്‍ പ്രത്യക്ഷപ്പെട്ടില്ല. ഇതോടെ മാനേജ്മെന്റിന്റെയും സെലക്ടര്‍മാരുടേയും ഗുഡ് ബുക്കിന് പുറത്തേക്ക് പോകേണ്ടി വന്നു ഇഷാന്.

ശേഷം നടന്ന ഐപിഎല്ലുകളില്‍ ഭേദപ്പെട്ട പ്രകടനത്തിലൊതുങ്ങിയെങ്കില്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയുമായാണ് ഇഷാന്റെ പുതിയ വരവ്. കണ്ണടയ്ക്കാൻ എളുപ്പം സാധിക്കാത്ത പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതും. ട്വന്റി 20യില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ലോട്ടിലേക്ക് തിരിച്ചുവരാൻ എളുപ്പമല്ല. ശുഭ്മാൻ ഗില്‍, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, യശസ്വി ജയ്സ്വാള്‍ എന്നിവരുടെ പട്ടികയ്ക്ക് പിന്നിലാണ് ഇഷാൻ. ഇടം കയ്യൻ ബാറ്ററായതുകൊണ്ട് തന്നെ അഭിഷേകിനേയും ജയ്സ്വാളിനേയും മറികടക്കുകയും വേണം.

PREV
Read more Articles on
click me!

Recommended Stories

അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?
ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?