
ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ റോസ്റ്റണ്‍ ചേസിന്റെ പന്ത് ഷോര്‍ട്ട് മിഡ് വിക്കറ്റിലേക്ക് തട്ടിയിടുമ്പോള്‍ അവിടെ ഒൻപത് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുകയായിരുന്നു. 3211 ദിവസങ്ങള്‍ക്ക് ശേഷം കെ എല്‍ രാഹുലിന് സ്വന്തം മണ്ണിലൊരു ശതകം. തന്റെ മകള്‍ക്കായി ഇന്നിങ്സ് സമര്‍പ്പിച്ച് ജീവിതത്തിലേയും കരിയറിലേയും പുതിയ അധ്യായത്തില്‍ രാഹുല്‍ നൂറില്‍ നൂറ് മാര്‍ക്കും നേടുകയായിരുന്നു. ഇതിഹാസങ്ങളുടെ പടിയിറക്കത്തിന് ശേഷം ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ ബാക്ക് സീറ്റില്‍ നിന്ന് ഫ്രണ്ട് സീറ്റിലേക്കുള്ള ചുവടുമാറ്റം പതിറ്റാണ്ട് പിന്നിടുന്ന കരിയറിന് അര്‍ഹിച്ച തിളക്കം നല്‍കുന്നതുപോലെ...
റിസ്ക്കുകളൊ അമിത കരുതലോ ഇല്ലാതെ അഹമ്മദാബാദിലെ വിക്കറ്റില്‍ പതിവുപോലൊരു ക്ലാസിക്ക് ഇന്നിങ്സ്. 197 പന്തില്‍ 12 ബൗണ്ടറി ഉള്‍പ്പെടെ 50 സ്ട്രൈക്ക് റേറ്റിലൊരു ടിപ്പിക്കല്‍ ടെസ്റ്റ് നോക്ക്. രാഹുലിന്റെ പതിവിന് വിപരീതമായി കണ്ടത് ഒരു റിവേഴ്‌സ് സ്വീപ്പ് മാത്രമായിരുന്നു. ഇംഗ്ലണ്ട് പര്യടനം രാഹുലിന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നെങ്കില്‍ അഹമ്മദാബാദിലെ ഇന്നിങ്സോടെ ഒന്നുറപ്പിക്കാനാകും. പരിവര്‍ത്തനം താണ്ടിയ ഇന്ത്യൻ ടെസ്റ്റ് ടീമില്‍ കാണാൻ പോകുന്നത് രാഹുലിന്റെ വെള്ളക്കുപ്പായത്തിലെ വീണ്ടെടുപ്പ് തന്നെയായിരിക്കും.
2014ല്‍ ആരംഭിച്ച ടെസ്റ്റ് കരിയറിലേക്ക് നോക്കു. 36.4 ശരാശരിയില്‍ 3889 റണ്‍സ്. രാഹുലിന്റെ ക്ലാസിനൊത്തതാണോ ഈ കണക്കുകള്‍ എന്ന് ചോദിച്ചാല്‍, മറിച്ചൊന്ന് ചിന്തിക്കാതെ തന്നെ അല്ലായെന്ന് പറയാനാകും. കാരണം, കരിയറിലുടനീളം ഒരു ഫോര്‍ഫാറ്റിലും സ്ഥിരമായൊരു സ്ഥാനം അയാള്‍ക്കുണ്ടായിരുന്നില്ല. ക്രൈസിസ് മാനേജറിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ച് പരാതികളില്ലാതെ, ആരാധകരുടെ മുറവിളികളുടെ അകമ്പടിയില്ലാതെ മുന്നോട്ട് പോയൊരു കരിയര്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രമെടുത്ത് പരിശോധിക്കാം.
ന്യൂസിലൻഡ് പരമ്പരയില്‍ നിന്ന് തന്നെ തുടങ്ങാം. അന്ന് ആറാം നമ്പറിലായിരുന്നു രാഹുല്‍ ക്രീസിലെത്തിയത്. ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലെ പരാജയം രാഹുലിനെ ടീമിന് പുറത്തിരുത്തി. പകരം സര്‍ഫറാസ് ഖാനില്‍ മാനേജ്മെന്റ് വിശ്വാസമര്‍പ്പിച്ചു. പിന്നാലെ ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി. രോഹിതിന്റെ അഭാവത്തിലും സാന്നിധ്യത്തിലും ഓപ്പണറായും മൂന്നാം നമ്പറിലും കളത്തിലെത്തി. ശരാശരിക്കും താഴെ നില്‍ക്കുന്നതായിരുന്നു രാഹുലിന്റെ ബാറ്റിങ് പ്രകടനം. 10 ഇന്നിങ്സുകളില്‍ നിന്ന് 30 ശരാശരിയില്‍ 276 റണ്‍സ്.
ബാറ്റിങ് ലൈനപ്പിലെ തുടരുന്ന അനിശ്ചിതത്വത്തിന് ഓസീസ് മണ്ണിലും അറുതിയുണ്ടായില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ സംബന്ധിച്ച് സമീപകാലത്തെ ഏറ്റവും വലിയ സീരീസായി മുന്നില്‍ക്കണ്ട ആൻഡേഴ്സണ്‍ ടെൻഡുല്‍ക്കര്‍ ട്രോഫിക്ക് രാഹുലിന്റെ കരിയറിനോളം തന്നെ പ്രാധാന്യമുണ്ടായിരുന്നു. കാരണം, ഓപ്പണിങ് സ്ലോട്ടിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ള നിരവധി താരങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍ക്ക്യൂട്ടുകളില്‍ ഊഴം കാത്തിരിക്കുന്നുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് പരമ്പരകളിലെ മോശം പ്രകടനം കരിയറിന് പോലും ഇടവേള നല്‍കുമായിരുന്നു.
പക്ഷേ, ഇംഗ്ലീഷ് മേഘങ്ങള്‍ക്ക് കീഴില്‍ രാഹുല്‍ വാസ് പ്യുവര്‍ ക്ലാസ്. ഇംഗ്ലണ്ട് പേസര്‍മാരുടെ വേഗപ്പന്തുകള്‍ക്ക് മുന്നില്‍ മതില്‍ തീര്‍ത്ത് നേടിയത് 10 ഇന്നിങ്സുകളില്‍ നിന്ന് 532 റണ്‍സ്. രണ്ട് വീതം സെഞ്ച്വറിയും ശതകവും. ശരാശരിയും 50ന് മുകളില്‍. പരമ്പരയിലെ ടോപ് സ്കോറര്‍മാരില്‍ മൂന്നാം സ്ഥാനത്ത്. ഓപ്പണിങ് കസേരയുറപ്പിച്ച പര്യടനം. രാഹുലിന്റെ ഈ രണ്ടാം വരവിന് പിന്നില്‍ ചിലതുകൂടി ചൂണ്ടിക്കാണിക്കാനുണ്ട്. ഓരോ പരമ്പരയ്ക്ക് മുൻപും കൃത്യമായ മുന്നൊരുക്കങ്ങളെടുക്കുന്ന പുതുശൈലിയിലേക്ക് രാഹുലെത്തിയിരിക്കുന്നു.
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുൻ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈൻ രാഹുലിനെക്കുറിച്ച് വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. രാഹുല്‍ 2021ല്‍ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ കുറിച്ച നോട്ടുകളെപ്പറ്റി. അന്ന് തന്റെ ബാറ്റിങ്ങിനെ സഹായിച്ച കാര്യങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം രാഹുല്‍ നടത്തി. ആ പാഠങ്ങളെല്ലാം ഉള്‍ക്കൊണ്ടായിരുന്നു ആൻഡേഴ്സണ്‍ - ടെൻഡുല്‍ക്കര്‍ ട്രോഫിക്ക് വലം കയ്യൻ ബാറ്റര്‍ ഇറങ്ങിയത്.
ഇതുമാത്രമല്ല, ഓരോ പരമ്പരകള്‍ക്ക് മുന്നോടിയായി രാഹുല്‍ സന്നാഹ മത്സരങ്ങളില്‍ ഭാഗമാകുന്നുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സുമായുള്ള സന്നാഹ മത്സരം. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് ആഴ്ചകള്‍ക്ക് മുൻപ് ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരം. ലഖ്നൗവിലെ ദുഷ്കരമായ സാഹചര്യങ്ങളില്‍ സെഞ്ച്വറി നേട്ടത്തോടെയാണ് ഇന്ത്യയെ വിജയത്തിലേക്ക് രാഹുല്‍ നയിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവിലും വിജയശില്‍പ്പിയായി.
രാഹുല്‍ 2.0 അങ്ങനെ എളുപ്പം സംഭവിച്ച ഒന്നല്ല. പിന്നില്‍ ചെറുതല്ലാത്ത ചെറുത്തുനില്‍പ്പുകളും മുന്നൊരുക്കങ്ങളുമുണ്ട്.