
ഇന്ത്യയ്ക്കായി ട്വന്റി 20യില്‍ പലവേഷങ്ങള്‍ കെട്ടിയാടി കയ്യടികള്‍ നേടുമ്പോഴും അര്‍ഹനായിട്ടും നിഷേധിക്കപ്പെട്ട ഒന്നുണ്ട്. ഏകദിന ക്രിക്കറ്റിലൊരു തുടര്‍ച്ച. അവസാനം കളിച്ച ഏകദിനത്തിലേക്ക് രണ്ട് വര്‍ഷത്തോളം ദൂരമുണ്ട്, അതും ദക്ഷിണാഫ്രിക്കയില്‍. സീരീസ് ഡിസൈഡറില്‍ സെഞ്ച്വറി, കളിയിലെ താരം. പിന്നീടൊരിക്കലും അയാളെ തേടിയെത്തിയിട്ടില്ല ആ കുപ്പായം. ഇതിഹാസങ്ങള്‍ മടങ്ങിയെത്തുന്ന ഓസ്ട്രേലിയൻ പര്യടനത്തില്‍ ആ പേരുമുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സഞ്ജു സാംസണിന്റെ ഏകദിന കരിയറിന്റെ രണ്ടാം അദ്ധ്യായം ഓസീസ് മണ്ണിലായിരിക്കുമോ?
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് ഓസ്ട്രേലിയൻ മണ്ണില്‍ അരങ്ങൊരുങ്ങുന്നത്. രോഹിത് ശർമയുടേയും വിരാട് കോഹ്ലിയുടേയും മടങ്ങിവരവ് ഹൈലൈറ്റ് ചെയ്യപ്പെടുന്ന പരമ്പരയിലേക്കാണ് സഞ്ജു സാംസണിന്റെ സാധ്യതകള്‍ ചർച്ചയാകുന്നത്. ട്വന്റി 20യില്‍ നിരന്തരം അവസരം നിഷേധിക്കപ്പെടുന്ന കാലത്ത് ഉയർന്ന് വന്നിരുന്ന വലിയ വിമര്‍ശനം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയായിരുന്നു. എന്നാല്‍, ഏകദിനത്തിലേക്ക് എത്തിയാല്‍ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെയാണ് കരിയറിന് തറക്കല്ലിട്ടിരിക്കുന്നതെന്ന് പറയേണ്ടി വരും.
ഇതുവരെ കളിച്ചത് 16 ഏകദിനങ്ങള്‍, 14 ഇന്നിങ്സുകളില്‍ നിന്നായി 56.66 ശരാശരിയില്‍ 510 റണ്‍സ്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഒരു ശതകവും. സ്ട്രൈക്ക് റേറ്റ് ആകട്ടെ 99.6 ആണ്. പേരിന് നേരെ തെളിഞ്ഞ് നില്‍ക്കുന്ന ആ സെഞ്ച്വറി പലരുംകൊതിക്കുന്ന സെന രാജ്യങ്ങളില്‍ ഒന്നില്‍. അന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ആറ് ഫോറും മൂന്ന് സിക്സറുകളും. തിലക് വർമയല്ലാതെ മറ്റൊരു ഇന്ത്യൻ താരത്തിനും ക്രീസില്‍ പിടിച്ചു നില്‍ക്കാൻ അന്ന് സാധിച്ചിരുന്നില്ല.
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള ആദ്യ ഏകദിനത്തിന് ഇന്ത്യ തയാറെടുക്കുമ്പോള്‍ സഞ്ജുവിന്റെ സാധ്യതകള്‍ക്ക് വഴിതുറക്കുന്നത് താരത്തിന്റെ ഫ്ലെക്‌സിബിലിറ്റിയാണ്. ഏഷ്യ കപ്പില്‍ ടോപ് ഓർഡറിലും മധ്യനിരയിലും പരീക്ഷിക്കപ്പെട്ട സഞ്ജു ടൂർണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോറർമാരില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ശുഭ്മാൻ ഗില്ലിനേക്കാള്‍ മികച്ച പ്രകടനം. ഫൈനലില്‍ പാക്കിസ്ഥാനെതിരെ സമ്മർദ സാഹചര്യത്തില്‍ നേടിയ 24 റണ്‍സ് തന്നെ താരത്തിലുള്ള വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
റിഷഭ് പന്ത് പരുക്കേറ്റ് പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വിക്കറ്റ് കീപ്പർ റോളും ഒഴിഞ്ഞുകിടക്കുകയാണ്. എന്നാല്‍ 2023 ഏഷ്യ കപ്പ് മുതല്‍ ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ കൈകളാണുള്ളത്. രാഹുലിന് തന്റെ സ്ഥാനം ഉറപ്പിക്കാൻ 2023 ഏകദിന ലോകകപ്പുകൊണ്ടും ചാമ്പ്യൻസ് ട്രോഫികൊണ്ടും സാധിച്ചിരുന്നു. രാഹുലില്‍ തന്നെ വിശ്വാസം അര്‍പ്പിക്കാനായിരിക്കാം ഇന്ത്യ താല്‍പ്പര്യപ്പെടുന്നതും. എങ്കിലും മധ്യനിരയിലും പിൻനിരയിലും സഞ്ജുവിന് സാധ്യതകളുണ്ട്.
ശുഭ്മാൻ ഗില്‍, രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, രാഹുല്‍ എന്നിവർക്ക് ശേഷം വരുന്ന ആറാം നമ്പറാണ് അവശേഷിക്കുന്നത്. നിലവില്‍ അക്സര്‍ പട്ടേലും ഹാർദിക്കുമാണ് ഈ സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നത്. ഓസ്ട്രേലിയൻ പര്യടനത്തില്‍ ടീമിലിടം ലഭിച്ചാലും അന്തിമ ഇലവനിലേക്കുള്ള സാധ്യത എത്രത്തോളമുണ്ടെന്നത് ടീം ഘടനയെ ആശ്രയിച്ചിരിക്കും.
2021ലാണ് അവസാനമായി ഇന്ത്യ ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര കളിക്കുന്നത്. അന്ന് അഞ്ച് പ്രോപ്പർ ബാറ്റർമാരും മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഓള്‍ റൗണ്ടറായി ഹാര്‍ദിക്കുമായിരുന്നു ടീമിലുണ്ടായിരുന്നത്. എന്നാല്‍, നിലവില്‍ ഓള്‍ റൗണ്ടര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്താണ് ഇന്ത്യ ടീം ലൈനപ്പ് ഒരുക്കുന്നത്. ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഹാര്‍ദിക്ക്, അക്സര്‍, ജഡേജ തുടങ്ങി മൂന്ന് ഓള്‍ റൗണ്ടര്‍മാരാണ് ടീമിലുണ്ടായിരുന്നത്. ഈ ശൈലി തുടരുകയാണെങ്കില്‍ സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റേക്കും.