
2022 ഫെബ്രുവരിയിലെ യുക്രൈൻ അധിനിവേശം. ഇതായിരുന്നു ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ നിന്ന് റഷ്യയെ ഫിഫയും യുവേഫയും നിരോധിക്കാനിടയായ കാരണം. മറ്റ് കായികവേദികളിലും ഇത് ആവർത്തിച്ചു. 2026 ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കുന്നത് അമേരിക്കൻ ഐക്യനാടുകളാണ്. നിലവില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പോലും ലംഘിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടുപറക്കുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ അമേരിക്ക. റഷ്യയോട് സ്വീകരിച്ച സമീപനം അമേരിക്കയോട് ആവർത്തിക്കാൻ ഫിഫയ്ക്ക് സാധിക്കുമോ.
2026 ലോകകപ്പിന്റെ ഡ്രോയില്‍ ട്രമ്പിന് സമാധാന പുരസ്ക്കാരം നല്‍കി ആദരിച്ചതില്‍ ഫിഫയും ജിയാനി ഇൻഫന്റീനോയും ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകണം. ഇസ്രയേല്‍-പലസ്തീൻ സംഘർഷത്തില്‍ സമാധനം പുനസ്ഥാപിക്കുന്നതില്‍ ട്രമ്പ് നിർണായക പങ്കുവഹിച്ചുവെന്നതായിരുന്നു പുരസ്കാരത്തിന്റെ അടിസ്ഥാനം. ശേഷമെന്താണ് സംഭവിച്ചത്, വെനസ്വേലയിലും നൈജീരിയയിലും അമേരിക്ക സൈനിക നടപടികള്‍ സ്വീകരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ധിയാക്കി. ഗ്രീൻലാൻഡിലും മെക്‌സിക്കൊ, ഇറാൻ, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങളിലും ഇതിന്റെ ആവർത്തനവും പ്രതീക്ഷിക്കാമെന്നാണ് സൂചന.
മെക്‌സിക്കോയും ഇറാനും കൊളംബിയയും ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുമാണ്. അന്താരാഷ്ട്ര നിയമങ്ങളേയും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തേയും മറകടന്നുള്ള നടപടികള്‍ ട്രമ്പ് തുടർച്ചയായി സ്വീകരിക്കുന്നു. തനിക്ക് അന്താരാഷ്ട്ര നിയമങ്ങള്‍ ആവശ്യമില്ലെന്നും സ്വന്തം ധാർമികതയ്ക്ക് അനുസരിച്ചാണ് പ്രവർക്കുന്നതെന്നും പറഞ്ഞുവെച്ചു അമേരിക്കൻ പ്രസിഡന്റ്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ട്രമ്പ് ഭരണകൂടത്തിനെതിരെ നിരന്തരം പ്രതിഷേധം അലയടിക്കുന്നുണ്ട്. ബ്രിട്ടീഷ് പാർലമെന്റില്‍ നിന്ന് അമേരിക്കയെ ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂർണമെന്റുകളില്‍ നിന്ന് വിലക്കണമെന്ന ആവശ്യവും ഉയർന്നു.
ട്രമ്പിന്റെ ഇമിഗ്രേഷൻ പോളിസി ഇതിനോടകം തന്നെ ലോകകപ്പ് മുന്നില്‍ നില്‍ക്കെ പല അനിശ്ചിതത്വങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ആരാധകർക്ക് ലോകകപ്പ് നേരിട്ടുകാണാൻ സാധിക്കുമോയെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇറാൻ, ഹെയ്‌തി, സെനഗല്‍, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഫുട്ബോള്‍ ആരാധകർക്ക് അമേരിക്കൻ വിസ ലഭിക്കുന്നതില്‍ ഭാഗീകമായും അല്ലാതെയുമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിന് പുറമെ അമേരിക്കയില്‍ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും വെടിവെപ്പുകള്‍. മിനിയപൊളിസില്‍ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ റെനി ഗൂഡ് എന്ന യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അണഞ്ഞിട്ടില്ല. 48 രാജ്യങ്ങളില്‍ നിന്നാണ് താരങ്ങളും ആരാധകരും എത്തുന്നത്. എത്രത്തോളം സുരക്ഷിതമാണ് അമേരിക്ക എന്നതില്‍ ആശങ്കയുണ്ടാകുന്നതില്‍ തെറ്റുപറയാനാകില്ല. ഇത്തരം പ്രശ്നങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് ട്രമ്പ് ഭരണകൂടത്തിന്റെ നടപടികള്‍ ഫിഫയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്.
ഫിഫ എല്ലാക്കാലത്തും സമാധനത്തിനും പരസ്പര ബഹുമാനത്തും ഒപ്പം നില്‍ക്കുകയും വിവേചനങ്ങളോട് നിലപാട് കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫിഫയുടെ കായിക വേദികളെല്ലാം ഇത്തരം സന്ദേശങ്ങള്‍ ലോകത്തോട് പറയാൻ ഉപയോഗിക്കാറുമുണ്ട്. പക്ഷേ, റഷ്യയോട് സ്വീകരിച്ച സമീപനം അമേരിക്കയ്ക്ക് ബാധകമാക്കാൻ ഫിഫ തയാറാകുമോയെന്ന വലിയ ചോദ്യം ഇവിടെ ഉയരുന്നു. റഷ്യയുടെ കാര്യത്തില്‍ അത്‌ലീറ്റുകള്‍ക്കെല്ലാം ബാൻ ബാധകമായിരുന്നു. അതിനാല്‍, ന്യൂട്രലായാണ് റഷ്യയില്‍ നിന്നുള്ള കായിക താരങ്ങള്‍ നിലവില്‍ വിവിധ ടൂർണമെന്റുകളില്‍ കളിക്കുന്നത്.
അതുകൊണ്ട് അമേരിക്കയുടെ തുടർനടപടികളെല്ലാം ലോകകപ്പിന്റെ വിധിയും അമേരിക്കൻ താരങ്ങളുടെ ഒളിമ്പിക്‌സിലെ പങ്കാളിത്തം ഉള്‍പ്പെടെ നിര്‍ണയിക്കുന്നതാകും.
ഗ്രീൻലാൻഡില്‍ അമേരിക്ക സൈനിക നടപടി സ്വീകരിക്കുകയാണെങ്കില്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഡെന്മാര്‍ക്കിന്റെ കീഴില്‍വരുന്ന സ്വയം ഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. നാറ്റോയുടെ ഭാഗമാണ് ഡെന്മാര്‍ക്ക്. അങ്ങനെയെങ്കില്‍ പ്ലേ ഓഫ് വഴി യോഗ്യത നേടുകയാണെങ്കില്‍ ഡെന്മാര്‍ക്ക് ലോകകപ്പ് ബഹിഷ്കരിക്കുമോ. അല്ലെങ്കില്‍ നാറ്റോ രാജ്യങ്ങളെല്ലാം അമേരിക്കയ്ക്ക് എതിരായി നിലപാട് സ്വീകരിച്ച് ലോകകപ്പിന്റെ ഭാഗമാകേണ്ടതില്ല എന്ന് തീരുമാനത്തിലേക്ക് എത്തുമോ. അങ്ങനെ ഒരുപാട് സങ്കീര്‍ണമായ ചോദ്യങ്ങളും സാധ്യതകളുമാണ് ഫിഫയ്ക്ക് മുന്നിലുള്ളത്.
അമേരിക്കൻ പ്രസിഡന്റിന്റെ അടുത്ത സുഹൃത്തെന്ന ലേബല്‍ ദീര്‍ഘകാലമായി ഇൻഫന്റീനോയുട് തലയ്ക്ക് മുകളിലുണ്ട്. ക്ലബ്ബ് ലോകകപ്പിന്റെ ആതിഥേയത്വം അമേരിക്ക വഹിച്ചപ്പോള്‍ പല വിട്ടുവീഴ്ചകള്‍ക്കും ഫിഫ തയാറായതായി വിമർശനം ഉയർന്നിരുന്നു. വംശീയതയ്ക്ക് എതിരെ ക്ലബ്ബ് ലോകകപ്പിന് മുൻപ് പല പ്രമോഷനുകളും നടത്തിയ ഫിഫ, ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം അത്തരം നിലപാടുകളെല്ലാം മറക്കുകയായിരുന്നു. ട്രംപ് ഭരണകൂടത്തിന് കീഴില്‍ വംശീയതയ്ക്ക് എതിരായ ക്യാമ്പയിനുകള്‍ അപ്രതീക്ഷമാകുന്നത് പലതവണ കണ്ടതാണ്.
ക്ലബ്ബ് ലോകകപ്പിലെ സംഭവങ്ങള്‍ക്ക് പിന്നിലും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലാണെന്നാണ് വ്യാപകമായി നിലനില്‍ക്കുന്ന വിമര്‍ശനം. ഫിഫയ്ക്ക് രാഷ്ട്രീയമില്ലെന്ന് പറയുമ്പോള്‍ തന്നെയാണ് ഇതെല്ലാം സംഭവിച്ചതും ട്രമ്പ് ഭരണകൂടത്തിനോട് ചേർന്നു നില്‍ക്കുന്ന ഇൻഫന്റീനൊ തലപ്പത്തിരിക്കുന്ന ഫിഫ അമേരിക്കയ്ക്ക് എതിര നടപടിയെടുക്കാനുള്ള സാധ്യതകള്‍ വിരളമായിരിക്കാം. പക്ഷേ, ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എതിര്‍പ്പുകളും പ്രതിഷേധവും വർധിച്ചാല്‍ ഫിഫയ്ക്ക് ഒന്നും എളുപ്പമാകില്ലെന്ന് വേണം കരുതാൻ.