
താൻ കളിച്ച അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും ടീമിന് പുറത്ത് പോകേണ്ടി വന്ന റുതുരാജ് ഗെയ്‌ക്വാദ്. സമാന നേട്ടമുണ്ടായിട്ടും ഡഗൗട്ടിലിരിക്കേണ്ട സ്ഥിതിയുള്ള യശസ്വി ജയ്‌സ്വാള്‍. ശുഭ്മാൻ ഗില്ലിന്റേയും ശ്രേയസ് അയ്യരിന്റേയും തിരിച്ചുവരവുകള്‍. രോ-കോ റീലോഡിങ്. നീതിയെന്നും അനീതിയെന്നും തോന്നാവുന്ന നിരവധി തിരഞ്ഞെടുപ്പുകളുണ്ടായിരുന്നു ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന ടീമില്‍. എല്ലാത്തിനുമപ്പുറം മൂന്ന് മത്സരങ്ങള്‍ മാത്രവും, അത്ര പ്രാധാന്യം അര്‍ഹിക്കാത്തതുമായ പരമ്പര ഏറെ നിര്‍ണായകമായ രണ്ട് താരങ്ങളുണ്ട്. ഗില്ലും ശ്രേയസും.
വിമര്‍ശനങ്ങളുടെ കുത്തൊഴുക്കിലായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്‍. അഞ്ച് മാസങ്ങള്‍ക്ക് മുൻപ് ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് ഉപനായകനായി ടീമിലേക്ക് എൻട്രി. സ്ഥിരതയില്ലായ്മയും മോശം സ്ട്രൈക്ക് റേറ്റും. ഒടുവില്‍ ബിസിസിഐ പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തു. ഗില്ലിന്റെ ടാലന്റും ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥാനവും വെച്ചളക്കുമ്പോള്‍ ഒരുതരത്തില്‍ തരംതാഴ്ത്തലിന് സമാനമായിരുന്നു മാനേജ്മെന്റിന്റെ നീക്കം. ശേഷം ഗില്‍ ഇന്ത്യക്കായി കളത്തിലെത്തുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണ് ന്യൂസിലൻഡിനെതിരായത്.
ട്വന്റി 20യില്‍ മാത്രമല്ല, ഏകദിന ഫോര്‍മാറ്റിലും ഗില്‍ തിളക്കം നഷ്ടപ്പെട്ടാണ് തുടരുന്നത്. 2025 ചാമ്പ്യൻസ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിന് ശേഷം ഫോര്‍മാറ്റില്‍ ഗില്‍ തുടരെ പരാജയപ്പെട്ടു. 2, 8, 31, 10, 9, 24 എന്നിങ്ങനെയാണ് കഴിഞ്ഞ ആറ് മത്സരങ്ങളിലെ സ്കോര്‍. ഓസ്ട്രേലിയൻ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 43 റണ്‍സ് മാത്രം. പരുക്കിന് ശേഷം വിജയ് ഹസാരയില്‍ പഞ്ചാബിനായി ക്രീസിലെത്തി. ഗോവയ്ക്ക് എതിരെ സ്കോര്‍ ചെയ്തത് 11 റണ്‍സ്. 2027 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുന്ന നായകൻ കടന്നുപോകുന്നത് ചെറുതല്ലാത്ത സമ്മര്‍ദത്തിലൂടെയാണ്,
ഉപനായകനായിരുന്നിട്ടുകൂടി ട്വന്റി 20 ടീമിലെ ഓപ്പണര്‍ സ്ഥാനം നഷ്ടമായി. ഏകദിന ഫോര്‍മാറ്റില്‍ ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിര സെഞ്ചുറി നേടിയതിന് ശേഷം മികച്ച ഒരു ഇന്നിങ്സുണ്ടായിട്ടില്ല. ട്വന്റി 20 ലോകകപ്പിനില്ലാത്തതിനാല്‍ ഗില്ലിന് ന്യൂസിലൻഡ് പരമ്പര വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനുള്ള അവസരമാണ്. ആത്മവിശ്വാസം വീണ്ടെടുക്കാൻ മുന്നിലുള്ളത് മൂന്ന് മത്സരങ്ങളാണ്. കറിയറിന്റെ ഗ്രാഫ് താഴേക്ക് വീഴാതിരിക്കാൻ ഗില്ലിന് ന്യൂസിലൻഡ് പരമ്പരയില്‍ തിളങ്ങിയെ മതിയാകു, ബിസിസിഐയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടില്ലെന്നും തെളിയിക്കേണ്ടതുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ശ്രേയസിന്റെ അഭാവത്തിലായിരുന്നു നാലാം സ്ഥാനത്ത് റുതുരാജ് ക്രീസിലെത്തിയത്. രണ്ടാം മത്സരത്തില്‍ സെഞ്ചുറിയും നേടി. എന്നാല്‍, ശ്രേയസിന്റെ മടങ്ങിവരവ് റുതുരാജിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുന്നതിനും കാരണമായി. അനീതിയെന്ന് തോന്നിയേക്കാം, മറുവശത്ത് ശ്രേയസ് സമീപകാലത്ത് ഇന്ത്യക്കായി പുറത്തെടുത്ത പ്രകടനങ്ങളോട് കണ്ണടയ്ക്കാൻ ബിസിസിഐക്ക് സാധിക്കില്ല. അത് എതിര്‍പ്പുകളില്ലാതെ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു.
2023 ഏകദിന ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി. ഈ രണ്ട് ഏകദിന ടൂര്‍ണമെന്റിലും ശ്രേയസായിരുന്നു വിരാട് കോഹ്ലിക്കും കെ എല്‍ രാഹുലിനുമൊപ്പം ഇന്ത്യയുടെ മധ്യനിരയെ ശക്തമാക്കിയത്. ആ നാലാം സ്ഥാനം ശ്രേയസ് അര്‍ഹിക്കുന്നു. പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ശ്രേയസ് വിജയ് ഹസാരയില്‍ മുംബൈക്കായി മോശമാക്കിയില്ല. ഹിമാചല്‍ പ്രദേശിനെതിരെ 82 റണ്‍സും പഞ്ചാബിനെതിരെ 45 റണ്‍സും സ്കോര്‍ ചെയ്തു. ഇത് തുടരുക എന്നതായിരിക്കും ശ്രേയസിന്റെ ലക്ഷ്യവും. റുതുരാജ് തന്റെ സ്ഥാനത്തിനായി കാത്തിരിക്കുന്നു എന്ന ഓര്‍മയും ശ്രേയസിനുണ്ടാകും.
റുതുരാജിന്റെ ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയോട് ഏറെക്കാലം ഇനിയും കണ്ണടയ്ക്കാൻ ബിസിസിഐക്ക് സാധിക്കില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 413 റണ്‍സാണ് റുതുരാജ് സ്കോര്‍ ചെയ്തത്. രണ്ട് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. തന്റെ സ്ഥാനം നിലനിര്‍ത്താൻ ശ്രേയസിന് മികച്ച സ്കോറുകള്‍ അനിവാര്യമാണ്. പ്രത്യേകിച്ചും 2027 ഏകദിന ലോകകപ്പ് ടീമിനെ നിര്‍ണയിക്കുന്ന വര്‍ഷം കൂടിയാണ് ഇത്. ഒരു ഇന്നിങ്സും ഒരു താരത്തിനും ചെറുതല്ല.
നിലവില്‍ ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ രോഹിത് ശർമയ്ക്കും തൊട്ടുപിന്നിലുള്ള കോഹ്ലിക്കും തങ്ങളുടെ ഫോം തുടരേണ്ടതുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിലും ദക്ഷിണാഫ്രിക്കൻ പരമ്പരയിലും തിളങ്ങിയ ഇരുവരും അത് ആവര്‍ത്തിക്കുകയാണെങ്കില്‍ റുതുരാജിനും ജയ്സ്വാളിനുമൊക്കെ കൂടുതല്‍ കാലം ഏകദിന ടീമിന് പുറത്തിരിക്കേണ്ടിയും വന്നേക്കാം.