ടി20 ലേശം ഓവറായോ! രോഹിതിനും കോഹ്‌ലിക്കും ശേഷം ഏകദിനത്തിന്റെ ഭാവിയെന്ത്?

Published : Jan 03, 2026, 11:14 AM IST
Virat Kohli and Rohit Sharma

Synopsis

2021ന് ശേഷം അന്താരാഷ്ട്ര തലത്തില്‍ ഏകദിന ഫോര്‍മാറ്റിന്റെ എണ്ണത്തില്‍ ടി20യുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവ് സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ടോപ് ടീമുകളുടെ കാര്യത്തില്‍

Slow Death അഥവാ സാവധാനത്തിലുള്ള മരണം. ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്ക് ഇന്ത്യൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ നല്‍കിയ വിശേഷണമാണിത്. ഇന്ന് ഫോർമാറ്റിന്റെ ജീവശ്വാസം വിരാട് കോഹ്‌ലിയും രോഹിത് ശർമയുമാണ്, അവർക്കായി മാത്രമാണ് ഗ്യാലറികള്‍ നിറയുന്നതും ആരാധകർ സ്ക്രീനിന് മുന്നില്‍ തങ്ങളുടെ സമയം സമർപ്പിക്കുന്നതും. പക്ഷേ, 2027 ലോകകപ്പിന് ശേഷം കഥ മറ്റൊന്നാകും, ഏകദിന ക്രിക്കറ്റിന്റെ ഭാവി എന്തായിരിക്കും.

ട്വന്റി 20 ഫോർമാറ്റിന്റെ സ്വീകാര്യതയും സ്വാധീനവും. ഏകദിന ക്രിക്കറ്റിന്റെ പ്രധാന്യം ഇല്ലാതാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയുടെ ആഭ്യന്തര സീസണ്‍ പുരോഗമിക്കുകയാണ്. ട്വന്റി 20 ഫോർമാറ്റിലുള്ള സെയ്‌ദ് മുഷ്‌താഖ് അലി ടൂർണമെന്റിന് ശേഷമാണ് വിജയ് ഹസാരെ ട്രോഫി ആരംഭിച്ചത്, ഏകദിനം. ടൂർണമെന്റിന് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചത് രോഹിതും കോഹ്‍ലിയും കളിക്കുന്നുവെന്ന കാരണംകൊണ്ട് മാത്രമായിരുന്നു. അവർക്ക് ശേഷം, വിജയ് ഹസാരയുടെ കാണികളില്‍ ഗണ്യമായ ഇടിവും സംഭവിച്ചു.

കാണികളുടെ കുറവ് മാത്രമല്ല ചൂണ്ടിക്കാണിക്കാനുള്ളത്. അശ്വിനെക്കൊണ്ട് അത്തരമൊരു വിശേഷണം പറയിപ്പിച്ചതിന്റെ കാരണമാണ്. ട്വന്റി 20യുടെ ഒരു എക്‌സ്റ്റൻഡഡ് വേർഷനായി വിജയ് ഹസാരെ മാറിയിരിക്കുന്നു. എല്ലാ ടീമുകളും നാല് റൗണ്ടുകള്‍ പൂ‍ര്‍ത്തിയാക്കിയപ്പോള്‍‍ തന്നെ 38 തവണ സ്കോര്‍ 300 കടന്നു, ഇതില്‍ 17 പ്രാവശ്യം സ്കോര്‍ 350ന് മുകളിലായിരുന്നു. അഞ്ച് തവണ 400 റണ്‍സ് താണ്ടി. ബിഹാ‍ര്‍ അരുണാചലിനെതിരെ നേടിയ 574 റണ്‍സാണ് ഉയ‍ര്‍ന്ന സ്കോര്‍, ചരിത്രത്തിലേതും. ഏകദിന ക്രിക്കറ്റിന്റെ കണ്ടുപരിചരിച്ച സത്വം പൂര്‍ണമായും നഷ്ടമായി എന്ന് വേണം കണക്കാക്കാൻ.

ഘട്ടം ഘട്ടമായി ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുപോകുന്ന രീതികള്‍ ഇന്ന് നഷ്ടമായിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിലും അത് പലപ്പോഴും പ്രകടമാകുന്നുണ്ട്, എങ്കിലും ടെസ്റ്റ് ഫോര്‍മാറ്റിന് ഇനിയും ആയുസ് ബാക്കിയുണ്ട്. പക്ഷേ, ഒരുകാലത്ത് ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു ഏകദിനത്തിന്റെ കാര്യം വ്യത്യസ്തമാണ്. കാരണം, വാണിജ്യപരമായും ഏകദിനത്തിനുണ്ടായിരുന്ന പ്രാധാന്യമാണ്, അത് ട്വന്റി 20യിലേക്ക് മാറിയിരിക്കുന്നു. രോഹിതും വിരാടും കളിക്കുമ്പോഴാണ് ഏകദിനത്തിന് മേല്‍പ്പറഞ്ഞ നേട്ടം ഇന്നുള്ളത്.

കണക്കുകള്‍ പ്രകാരം 2021ന് ശേഷം അന്താരാഷ്ട്ര തലത്തില്‍ ഏകദിന ഫോര്‍മാറ്റിന്റെ എണ്ണത്തില്‍ ട്വന്റി 20യുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവ് സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ടോപ് ഫൈവ് ടീമുകളുടെ കാര്യത്തില്‍. ഇന്ത്യ 82, ഓസ്ട്രേലിയ 64, ഇംഗ്ലണ്ട് 68, ന്യൂസിലൻഡ് 75, ദക്ഷിണാഫ്രിക്ക 72 എന്നിങ്ങനെയാണ്. ട്വന്റി 20യിലേക്ക് എത്തിയാല്‍ ഇന്ത്യ 126 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും 88 വീതം. ന്യൂസിലൻഡ് 109ഉം ദക്ഷിണാഫ്രിക്ക 73 കളികളും.

2024 എടുത്താല്‍ ഇന്ത്യ ആകെ കളിച്ചത് മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ്. ടോപ് ഫൈവ് ടീമുകളില്‍ പത്ത് മത്സരങ്ങളില്‍ കൂടുതല്‍ കളിച്ചത് ഓസ്ട്രേലിയ മാത്രം, 11. 2025ല്‍ അഞ്ച് ടീമുകളും പത്ത് ഏകദിനത്തിലധികം കളിച്ചു. ട്വന്റി 20യുടെ കടന്നുവരവിന് ശേഷം പൊതുവെ പരമ്പരകളില്‍ കണ്ടു വന്നിരുന്ന ശൈലി കൂടുതല്‍ ഏകദിനങ്ങളും കുറവ് ട്വന്റി 20കളുമായിരുന്നു. എന്നാല്‍, സമീപകാലത്ത് ഇതിലും മാറ്റമുണ്ടായി. ഇന്ത്യയുടെ പരമ്പരകളെടുത്താല്‍ അഞ്ച് വീതം ട്വന്റി 20യും മൂന്ന് ഏകദിനങ്ങളും മാത്രമാണ്. ഈ കലണ്ടര്‍ വര്‍ഷവും സമാനരീതിയാണ് തുടരുന്നത്.

ഇതിന് പുറമെയാണ് വിവിധ രാജ്യങ്ങളിലെ ട്വന്റി 20 ലീഗുകള്‍. പലതാരങ്ങളും അന്താരാഷ്ട്ര കരിയര്‍ തന്നെ ഉപേക്ഷിച്ചാണ് ലീഗുകളിലേക്ക് ചേക്കേറുന്നത്. പ്രത്യേകിച്ചും വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങള്‍. ആഗോളതലത്തില്‍ ട്വന്റി 20 പ്രചാരമേറുന്ന ശൈലി പരമാവധി ഉപയോഗിക്കുകയാണ് ബോര്‍ഡുകളും. പക്ഷേ, ഇത് വൈകാതെ തിരിച്ചടിയാകാനും സാധ്യതയുണ്ട്. എന്തുകൊണ്ടാണ് ഏകദിന ലോകകപ്പുകള്‍ക്ക് അടുത്തകാലം വരെ ഇത്രത്തോളം പ്രധാനം ലഭിച്ചിരുന്നതെന്നുകൂടി നോക്കാം.

ഒന്നാമത്തെ കാരണം ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഫോര്‍മാറ്റായി ഏകദിനം നിലകൊണ്ടിരുന്നു. രണ്ട് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ലോകകപ്പ് എത്തിയിരുന്നത്. മറ്റൊന്ന്, ബാറ്റര്‍മാരും ബൗളര്‍മാരും തുല്യത അനുഭവിച്ചിരുന്ന വിക്കറ്റുകളും താരങ്ങള്‍ക്കുണ്ടായിരുന്ന സ്വീകാര്യതയും. പക്ഷേ, ട്വന്റി 20യിലേക്ക് വന്നാല്‍ അതല്ല സ്ഥിതി. 2026 ലോകകപ്പുകൂടി പരിഗണിക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നാല് ലോകകപ്പുകളാകും. 2021, 2022, 2024 എന്നീ വര്‍ഷങ്ങളിലായിരുന്നു മുൻപത്തെ ടൂര്‍ണമെറ്റുകള്‍.

നിരന്തരം വരുന്ന ലോകകപ്പുകള്‍, ലോകകപ്പ് എന്ന തലക്കെട്ടിന് നല്‍കുന്ന പ്രാധാന്യത്തെ ഇല്ലാതാക്കാനും സാധ്യതയുണ്ട്. വര്‍ഷാവര്‍ഷം വരുന്ന ടൂര്‍ണമെന്റിന്റെ ലാഘവമായിരിക്കും ആരാധകര്‍ നല്‍കുക. ട്വന്റി 20 ലോകകപ്പുകള്‍ക്ക് ഏകദിന ലോകകപ്പിന് സമാനമായ രൂപ നല്‍കേണ്ടതുണ്ട്. ഇവിടെ, ഏകദിന ഫോര്‍മാറ്റ് പൂര്‍ണമായും തുടച്ചുനീക്കപ്പെടില്ലായിരിക്കാം, എങ്കിലും പ്രസക്തി നഷ്ടപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. ട്വന്റി 20യുടെ വളര്‍ച്ച അനുദിനം കൂടും തോറും ഏകദിനത്തിന്റെ പ്രധാന്യം കുറയും. അല്ലെങ്കില്‍ ഏകദിനം ട്വന്റി 20യുടെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റായി തുടരും.

PREV
Read more Articles on
click me!

Recommended Stories

'പീപ്പിള്‍സ് ചാമ്പ്യൻ', ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ
തൊട്ടതെല്ലാം പൊന്ന്, സർഫറാസ് ഖാന്റെ ബാറ്റിനോട് ഇനി എങ്ങനെ മുഖം തിരിക്കാനാകും?