'ചരമക്കുറിപ്പില്‍' നിന്ന് ഒരു വൈരം പിറന്ന കഥ; ആഷസ് പരമ്പരയുണ്ടായത് ഇങ്ങനെ

Published : Nov 20, 2025, 01:19 PM IST
The Ashes

Synopsis

1882 ഓഗസ്റ്റ് 29 ആയിരുന്നു ഇന്നുകാണുന്ന ഇംഗ്ലണ്ട് - ഓസ്ട്രേലിയ പരമ്പരയ്ക്ക് കാരണമായ നിര്‍ണായക ദിവസം. അന്ന് ഓവലില്‍ ഓസ്ട്രേലിയ ചരിത്രമെഴുതി, ഇംഗ്ലണ്ട് നാണക്കേടും പേറി

പരിഹാസരൂപേണ എഴുതിയ ഒരു ചരമക്കുറിപ്പ്. ആ വരികള്‍ക്ക് ചിരിച്ചുതള്ളാനുള്ള ആയുസ് മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൈവല്‍റിയുടെ പിറവിയുടെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. The Birth of the Ashes!

29 ഓഗസ്റ്റ് 1882

ലണ്ടണിലെ കെന്നിങ്റ്റണ്‍ ഓവല്‍ മൈതാനം ഒരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. 1877ല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ജനനത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ട് സ്വന്തം ആകാശത്തിന് കീഴില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. 86 റണ്‍സ് വിജയലക്ഷ്യത്തിന് എട്ട് റണ്‍സ് അകലെയായിരുന്നു തോല്‍വി.

തൊട്ടടുത്ത ദിവസം ഇംഗ്ലീഷ് ദിനപത്രം സ്പോർട്ടിങ് ടൈംസ് കൈയ്യിലെത്തിയവരുടെ കണ്ണിലൊരു ചരമക്കുറിപ്പ് ഉടക്കി. ഓസ്ട്രേലിയയോട് കീഴടങ്ങിയ ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ചുകൊണ്ടായിരുന്നു കുറിപ്പ്. വാചകങ്ങള്‍ ഇങ്ങനെയായിരുന്നു.

1882 ഓഗസ്റ്റ് 29ന് ഓവലില്‍ മരണപ്പെട്ട ഇംഗ്ലീഷ് ക്രിക്കറ്റിന്റെ സ്നേഹസ്മരണയ്ക്കായ്. സുഹൃത്തുക്കളുടേയും പരിചയക്കാരുടെയും ഒരു വലിയ സമൂഹത്തിന്റെ ദുഃഖമറിയിക്കുന്നു. റെസ്റ്റ് ഇൻ പീസ്. മൃതദേഹം സംസ്കരിക്കുകയും ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുകയും ചെയ്യും.

ആഷസ് എന്ന പദം ക്രിക്കറ്റില്‍ ആദ്യമായി പ്രയോഗിക്കപ്പെട്ടത് അന്നായിരുന്നു. യുവ മാധ്യമപ്രവർത്തകനായ റെജിനാള്‍ഡ് ഷേർളി ബ്രൂക്ക്‌സിന്റെ തലയായിരുന്നു പിന്നില്‍, ആക്ഷേപഹാസ്യ മാഗസീനായ പഞ്ചിന്റെ മുൻ എഡിറ്ററായ ഷേർളി ബ്രൂക്ക്‌സിന്റെ മകൻ. റെജിനാള്‍ഡ് തയാറാക്കിയ ചരമക്കുറിപ്പിനന്ന് ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ഭൂപടത്തെ ഒന്ന് ഉലയ്ക്കാനുള്ള ശേഷിയുണ്ടായിരുന്നു.

മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഓസ്ട്രേലിയൻ പര്യടനത്തിന് ഇംഗ്ലണ്ട് തയാറായി. നായകൻ ഇവൊ ബ്ലൈയുടെ കീഴിലായിരുന്നു പടയൊരുക്കം. കംഗാരുക്കളുടെ മടയില്‍ ചെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ചാരം ഇംഗ്ലീഷ് മണ്ണിലേക്ക് തിരികെക്കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബ്ലൈയുടെ സംഘം ഓസ്ട്രേലിയിലേക്ക് തിരിച്ചത്.

മൂന്ന് പ്രധാന മത്സരങ്ങളായിരുന്നു പരമ്പരയിലുണ്ടായിരുന്നത്. ആദ്യ ടെസ്റ്റ് മെല്‍ബണില്‍, ഓസ്ട്രേലിയക്ക് ജയം. രണ്ടാം ടെസ്റ്റിനും എംസിജിയായിരുന്നു ആതിഥേയത്വം വഹിച്ചത്, ഇംഗ്ലണ്ടിന് വിജയം. നിർണായകമായ മൂന്നാം ടെസ്റ്റ് സിഡ്നിയിലായിരുന്നു, ഓസ്ട്രേലിയയെ കീഴടക്കി ബ്ലൈയുടെ സംഘം വാക്കുപാലിച്ചു അവിടെ.

സിമ്പോളിക്കായി ഉപയോഗിച്ച ആഷസ് എന്ന പദം, ഒരു കുഞ്ഞൻ ട്രോഫിയുടെ രൂപത്തിലായതും ഈ പരമ്പരയിലായിരുന്നു. പരമ്പര തുടങ്ങുന്നതിന് മുൻപ് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു വില്യം ക്ലാർക്ക് താരങ്ങള്‍ക്കായി ഡിന്നർ ഒരുക്കിയിരുന്നു. അന്ന്, ലേഡി ക്ലാർക്ക്, ജാനറ്റ്, ഫ്ലോറൻസ് മോര്‍ഫി തുടങ്ങിയവരുള്‍പ്പെട്ട ഒരു കൂട്ടം സ്ത്രീകള്‍ ഓസ്ട്രേലിയയുടെ ചാരമിതാ എന്ന് പറഞ്ഞ് പരിഹാസരൂപേണയായി നല്‍കിയതായിരുന്നു അത്. ഇതാണ് ഒരു കഥ. ഫ്ലോറൻസിനെയാണ് ബ്ലൈ പിന്നീട് വിവാഹം കഴിച്ചതും.

പക്ഷേ, കൂടുതല്‍ വിശ്വാസയോഗ്യമായി കരുതപ്പെടുന്നത് മറ്റൊന്നാണ്. പരമ്പരയ്ക്ക് ശേഷം 83 മാർച്ചില്‍ നടന്ന ഒരു ചടങ്ങില്‍ സംഭവിച്ചത്. അന്ന്, ഒരു റെഡ് വെല്‍വെറ്റ് ബാഗിലാണ് ബ്ലൈക്കിന് ഇന്ന് കാണുന്ന രൂപത്തിലുള്ള ടെറക്കോട്ടകൊണ്ട് നിർമിച്ച ചാരം സൂക്ഷിക്കുന്ന രൂപം നല്‍കിയത്. നാല് ഇഞ്ച് ഉയരമാണ് ഈ രൂപത്തിനുള്ളത്. കുഞ്ഞൻ ട്രോഫി പോലെ തൊന്നിക്കുമെങ്കിലും ഇതൊരു പെർഫ്യൂം ബോട്ടിലാണെന്നും പറയപ്പെടുന്നുണ്ട്. മുകളില്‍ ദ ആഷസെന്നും കീഴിലായി ഒരു കവിതയും രചിക്കപ്പെട്ടിട്ടുണ്ട്.

രൂപത്തിനുള്ളില്‍ എന്താണ് എന്നതില്‍ പലതരം വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഉപയോഗിച്ച ഒരു ബെയിലിന്റെ ചാരമാണ് അതിലെന്നാണ് ഒരു വ്യാഖ്യാനം. ക്രിക്കറ്റ് ബോളിന്റെ ചാരമാണെന്നും പറയപ്പെടുന്നു. എന്നാല്‍, 1998ല്‍ ബ്ലൈയുടെ മരുമകള്‍ ഇത് സംബന്ധിച്ചൊരു വെളിപ്പെടുത്തല്‍ നടത്തി. തന്റെ മദർ ഇൻ ലോയുടെ മൂടുപടത്തിന്റെ ചാരമാണതില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന്. എന്നാല്‍, ഇതിലൊന്നും ക്യത്യമായൊരു വ്യക്തത കൈവരിച്ചിട്ടില്ല.

1927ല്‍ ബ്ലൈയുടെ മരണത്തിന് ശേഷം ഫ്ലോറൻസ് മാരിലേബോൺ ക്രിക്കറ്റ് ക്ലബിന് ഈ രൂപം നല്‍കി. 1929ലായിരുന്നു ഇത്. 1953 വരെ ഇത് ലോർഡ്‌സിന്റെ പവലിയനില്‍ സൂക്ഷിച്ചിരുന്നു. പിന്നീട് മ്യൂസിയത്തിലേക്കും മാറ്റി. മൂന്ന് തവണ മാത്രമാണ് യഥാർത്ഥ ആഷസ് ട്രോഫി ഓസ്ട്രേലിയയില്‍ എത്തിയിട്ടുള്ളത്. പരമ്പര ജയിക്കുന്നവര്‍ക്ക് ആഷസ് രൂപത്തിലുള്ള ക്രിസ്റ്റല്‍ ട്രോഫിയാണ് നല്‍കിവരുന്നത്.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ രണ്ട് വർഷം കൂടുമ്പോഴാണ് ആഷസ് പരമ്പരകള്‍ നടക്കാറുള്ളത്. പരമ്പര വിജയിക്കുന്നവർക്കാണ് ആഷസ് ട്രോഫി. സമനിലയാകുകയാണെങ്കില്‍ മുൻപ് നടന്ന പരമ്പരയിലെ വിജയിക്ക് ട്രോഫി നിലനിർത്താം. ചരിത്രത്തില്‍ ഇതുവരെ 73 ആഷസ് പരമ്പരകളാണ് നടന്നിട്ടുള്ളത്. ഓസ്ട്രേലിയ 34 പരമ്പരകള്‍ ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് 32 എണ്ണവും വിജയിച്ചു. ഏഴെണ്ണമാണ് ഇതുവരെ സമനിലയിലായിട്ടുള്ളത്. മത്സരവിജയങ്ങളെടുത്താല്‍ ഓസ്ട്രേലിയക്കാണ് മുൻതൂക്കം.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?