
മൂന്ന് സീസണുകള്‍, മൂന്ന് ഫൈനലുകള്‍. മൂന്ന് തവണയും കിരീടം അകന്നു നിന്ന ടീം. ഡല്‍ഹി ക്യാപിറ്റല്‍സ്. വനിത പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പില്‍ കളത്തിലേക്ക് ഇറങ്ങുന്ന ഡല്‍ഹിക്ക് ഒരേയൊരു ലക്ഷ്യം മാത്രം, നിരാശയുടെ നീണ്ട പരമ്പര അവസാനിപ്പിക്കുക. ഓസീസ് ഇതിഹാസം മെഗ് ലാനിങ്ങിന് പകരം ഇക്കുറി ടീമിനെ നയിക്കുന്നത് ഇന്ത്യൻ സൂപ്പര്‍ താരം ജെമീമ റോഡ്രിഗ്‌സ്. ശക്തമായ ബാറ്റിങ് നിരയുമായി എത്തുന്ന ഡല്‍ഹിക്ക് ഇക്കുറി അവസാന ലാപ്പ് കടക്കാനാകുമോ.
മേല്‍പ്പറഞ്ഞതുപോലെ ബാറ്റിങ് നിര തന്നെയാണ് ഡല്‍ഹിക്ക് എഡ്ജ് നല്‍കുന്ന ഘടകം. മെഗ് ലാനിങ്ങിന്റെ അഭാവം നികത്താൻ എത്തുന്നത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാര്‍ട്ടാണ്. വനിത ക്രിക്കറ്റ് പരിശോധിച്ചാല്‍ ലോറയോളം ഫോമിലും സ്ഥിരതയിലും തുടരുന്ന മറ്റൊരു താരമില്ല. 2025 ലോകകപ്പിലെ ടോപ് സ്കോററായ ലോറ ദക്ഷിണാഫ്രിക്കയ്ക്കായി അവസാനം കളത്തിലെത്തിയ അഞ്ച് മത്സരങ്ങളില്‍ നേടിയത് മൂന്ന് സെഞ്ചുറിയാണ്. ഡബ്ല്യുപിഎല്ലില്‍ ഈ പെരുമയ്ക്കൊത്ത് തിളങ്ങാൻ ലോറയ്ക്ക് കഴിഞ്ഞിട്ടില്ല, 13 മത്സരങ്ങളില്‍ നിന്ന് 342 റണ്‍സാണ് ഇതുവരെ നേടിയത്.
പോയകാലത്തെ തിരുത്തേണ്ടതുണ്ട് ലോറയ്ക്ക്. താരത്തിനൊപ്പം ഓപ്പണറായി എത്തുക ഷഫാലി വര്‍മയാണ്. മോസ്റ്റ് എക്സ്പ്ലോസീവ് ടി 20 ബാറ്റര്‍. ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ 181 സ്ട്രൈക്ക് റേറ്റില്‍ 241 റണ്‍സ് നേടിയാണ് ഡബ്ല്യുപിഎല്ലിന് ഷഫാലി തയാറെടുത്തത്. മുൻകാലങ്ങളിലെ പോലെ അഗ്രസീവ് മാത്രമല്ല, കൂടുതല്‍ ഉത്തരവാദിത്തത്തോടെയുമാണ് ഷഫാലി ബാറ്റ് വീശുന്നത്. ലോറ-ഷഫലി ഓപ്പണിങ് ദ്വയം ഐസ് ആൻഡ് ഫയര്‍ വിശേഷണത്തിന് യോജിച്ചതാണ്. സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം ഒരുപക്ഷേ ഡല്‍ഹിയുടേതായിരിക്കും.
ഇരുവര്‍ക്കും ശേഷം ജമീമയും ദക്ഷിണാഫ്രിക്കൻ ഓള്‍ റൗണ്ടര്‍ മരിസാൻ കാപ്പും ഇന്ത്യൻ യുവതാരം നിക്കി പ്രസാദുമായിരിക്കും മധ്യനിരയിലെത്തുക. പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന് നില്‍ക്കുന്ന നിര. നിക്കിക്ക് കഴിഞ്ഞ സീസണില്‍ ലഭിച്ചത് ചുരുങ്ങിയ അവസരങ്ങള്‍ മാത്രമാണ്, മൂന്ന് മത്സരങ്ങള്‍. 118 റണ്‍സ് നേടാനും സാധിച്ചു. മരിസാൻ കാപ്പിന്റെ ഓള്‍ റൗണ്ട് മികവ് പോയ സീസണുകളില്‍ കണ്ടതാണ്. പവര്‍പ്ലേയില്‍ ഉള്‍പ്പെടെ എക്കണോമിക്കലായി പന്തെറിയുന്ന താരം വിക്കറ്റ് വീഴ്ത്താനും ബാറ്റുകൊണ്ട് സംഭാവന ചെയ്യുന്നതിലും മുന്നിലാണ്.
ഫിനിഷര്‍ റോളില്‍ വിൻഡീസ് താരം ചിനലെ ഹെൻറിയായിരിക്കും. യുപി വാരിയേഴ്സിനായി 2025ല്‍ 192 സ്ട്രൈക്ക് റേറ്റിലാണ് ചിനലെ ബാറ്റ് ചെയ്തത്. ചുരുങ്ങിയ ഓവറുകള്‍ക്കൊണ്ട് കളിതിരിക്കാൻ കെല്‍പ്പുള്ള താരം. ബാറ്റിങ് നിര ശക്തമായി തുടരുമ്പോഴും രണ്ട് വെല്ലുവിളികള്‍ ഡല്‍ഹിക്കു മുന്നിലുണ്ട്. ഒന്ന് ജമീമ എന്ന ക്യാപ്റ്റൻ. രണ്ട് ബൗളിങ് നിര. വനിത ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായ മെഗ് ലാനിങ്ങിന്റെ പിൻഗാമിയായാണ് ജമീമ ക്യാപ്റ്റൻസി ഏറ്റെടുത്തത്. മൂന്ന് തവണ നഷ്ടമായ കിരീടം നേടുക എന്ന വലിയ ഉത്തരവാദിത്തം ജമീമക്ക് മുകളിലുണ്ട്.
ക്യാപ്റ്റൻസിയില്‍ കാര്യമായ മുൻപരിചയമില്ലാത്ത ജമീമ എങ്ങനെ ടീമിനെ നയിക്കുമെന്നതാണ് ആകാംഷ. വളരെ ശാന്തതയോടെയും ദൃഢനിശ്ചയത്തോടയും കളിയെ സമീപിക്കുന്ന താരമാണ് ജമീമ. ഒരു ക്യാപ്റ്റന് ആവശ്യമായ സവിശേഷതകളും ഇതൊക്കെ തന്നെയാണ്. ലോറ, മരിസാൻ കാപ്പ് തുടങ്ങിയവരുടെ സഹായങ്ങളും ജമീമയ്ക്ക് ഉണ്ടാകും.
ഇനി ബൗളിങ് നിരയിലേക്ക് വരാം. സ്നേ റാണ, ശ്രീചരണി, അലന കിങ്, മലയാളി താരം മിന്നു മണി തുടങ്ങിയവരടങ്ങിയ മികച്ച സ്പിൻ നിര ഡല്‍ഹിക്കുണ്ട്. എന്നാല്‍, പേസര്‍മാരിലേക്ക് വരുമ്പോള്‍ ഇത്തരമൊരു പട്ടിക കാണാനാകില്ല. 19 വയസുകാരിയായ ഓസീസ് താരം ലൂസി ഹാമില്‍ട്ടണാണ് പ്രതീക്ഷ. ഇടം കയ്യൻ പേസറായ ലൂസി വനിത ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബൻ ഹീറ്റ്സിനായി 20 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇടം കയ്യൻ പേസറെന്ന ആനുകൂല്യം ലൂസിക്കുണ്ട്. കാപ്പിന് സമാനമായി എക്കണോമിക്കലായി പന്തെറിയുന്ന താരമാണ് ലൂസിയും.
എന്നാല്‍, ലൂസിയുടെ അന്തിമ ഇലവനിലേക്കുള്ള സാധ്യതകളാണ് പരിശോധിക്കേണ്ടത്. സീസണ്‍ കഴിയാറയതോടെ ഇന്ത്യയിലെ വിക്കറ്റുകളുടെ വേഗതകുറയും. സ്വാഭാവികമായും സ്പിന്നര്‍മാര്‍ക്ക് മുൻതൂക്കമുണ്ടാകും. ഇത് അലന കിങ്ങിന് ഇലവനിലേക്ക് സ്ഥാനം നല്‍കും. ലോറ, കാപ്പ്, ചിനലെ, അലന എന്നിവരായിരിക്കും പ്ലേയിങ് ഇലവനിലെ വിദേശികള്‍. ഇതോലെ ലൂസിയുടെ സാധ്യത അടയും. മറ്റൊരു പേസര്‍ നന്ദിനി ശര്‍മയാണ്, താരവും വലിയ വേദികളില്‍ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് കാപ്പിനും ചിനലെയ്ക്കും ഉത്തരവാദിത്തമേറും.