
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ്, ഒന്നാം ദിനം.
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്ലയുടെ ഗ്യാലറികള്‍ നിറഞ്ഞിരുന്നില്ല. കേസരകള്‍ ഒഴിഞ്ഞുകിടക്കുന്നു. വിരാട് കോഹ്ലിയുടെ വിരമിക്കലിന്റെ ആലസ്യത്തിലാണിന്നും തലസ്ഥനത്തെ മൈതാനം. എണ്ണത്തില്‍ കുറവെങ്കിലും ഉയര്‍ന്ന ശബ്ദത്തില്‍ കോഹ്ലി...കോഹ്ലി...എന്നുള്ള ചാന്റ് നിരന്തരം ഉയരുന്നുണ്ട്, അയാളെ അങ്ങനെ മറക്കാൻ ഗ്യാലറിക്കാകുമോ. പൊടുന്നനെയാ ശബ്ദം താഴ്ന്നു, പകരം അവിടെ പുതിയൊരു പേര് ഉയരുകയാണ്. മണിക്കൂറുകളായി വിൻഡീസ് ബൗളര്‍മാര്‍ക്ക് മുകളില്‍ അസാധാരണ നിയന്ത്രണത്തോടെ ബാറ്റ് വീശിയവൻ, ജയ്സ്വാള്‍...ജയ്സ്വാള്‍...യശസ്വി ജയ്സ്വാള്‍.
ഡല്‍ഹിയിലെ വിക്കറ്റില്‍ ജയ്സ്വാളിന്റെ ഇന്നിങ്സ് എത്രത്തോളം കമ്പോസ്‌ഡായിരുന്നെന്ന് അറിയണമെങ്കില്‍ സ്കോര്‍ബോര്‍ഡിലെ ഏക്സ്ട്രാസിന്റെ എണ്ണത്തിലേക്ക് നോക്കണം. ആദ്യ ദിനം ഒരു എക്സ്ട്ര പോലും വഴങ്ങാതെ, അത്രയും കൃത്യതയോടെയായിരുന്നു വിൻഡീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. 258 പന്തില്‍ 175 റണ്‍സ്. ജയ്സ്വാളിന്റെ ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥാനം എന്താണെന്നും ഇനി എന്തായിരിക്കുമെന്നും വ്യക്തമാക്കിയ ഇന്നിങ്സ്. കോഹ്ലിയുടേയും രോഹിതിന്റേയും പടിയിറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് ഡല്‍ഹിയിലെ കാണികളെ ഉണര്‍ത്തിയ ഒരു ദിവസം.
ജയ്‌ഡൻ സീല്‍സും ആൻഡേഴ്‌സണ്‍ ഫിലിപ്പും ജസ്റ്റിൻ ഗ്രീവ്‌സും പന്തെറിഞ്ഞ ആദ്യ മണിക്കൂറില്‍ ക്ഷമയോടെയാണ് ജയ്സ്വാള്‍ ക്രീസില്‍ നിലയുറപ്പിച്ചത്. അഹമ്മദാബാദില്‍ കൂട്ടാളികളുടെ കൂറ്റൻ സ്കോറുകള്‍ പുറത്തിരുന്ന് കാണേണ്ടി വന്നത് തിരുത്താൻ ഉറച്ചായിരുന്നു ബാറ്റെടുത്തതും. പരമ്പരയില്‍ ഫാള്‍സ് ഷോട്ട് ശതമാനം ഏറ്റവും കുറഞ്ഞ് കണ്ട് ആദ്യ മണിക്കൂര്‍. ജയ്സ്വാളിന്റേയും രാഹുലിന്റേയും നിയന്ത്രണം എത്രത്തോളം മികച്ചതായിരുന്നെന്ന് പറയേണ്ടതില്ലല്ലോ. ആദ്യ സെഷനില്‍ ജയ്സ്വാള്‍ നേടിയത് 78 പന്തില്‍ 40 റണ്‍സായിരുന്നു.
ജയ്സ്വാളിന്റെ ബാറ്റിങ്ങിന്റെ പ്രത്യേക റേഞ്ച് ഓഫ് ഷോട്ട്സ് മാത്രമല്ല, സ്വാഭാവികമായും അഗ്രസീവ് ഇൻസ്റ്റിങ്‌സുള്ള ബാറ്ററാണ് ജയ്സ്വാള്‍. ഇത്തരം താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിലെ അതിജീവനം എളുപ്പമല്ല. പ്രത്യേകിച്ചും ഫോര്‍മാറ്റിന്റെ ദൈര്‍ഘ്യം പരിഗണിക്കുമ്പോള്‍. ഇവിടെയാണ് 23 വയസുകാരന്റെ ആദ്യ ചുവടുകളില്‍ ക്രിക്കറ്റ് ലോകം അമ്പരക്കുന്നതും. സ്വഭാവികമായുള്ള ഈ കളിശൈലികൊണ്ട് ടെസ്റ്റ് ക്രിക്കറ്റിനെ കീഴടക്കുന്ന ജയ്സ്വാളിന്റെ ഒരു ക്ലാസിക്ക് സെഷനായിരുന്നു രണ്ടാമത്തേത്. സീല്‍സിനെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയായിരുന്നു സെഷൻ ജയ്സ്വാള്‍ തുടങ്ങിയതുതന്നെ.
സെഷൻ മുന്നോട്ട് പോകുംതോറും ജയ്സ്വാളിന്റെ ഫാള്‍സ് ഷോട്ട് ശതമാനം കുറയുകയും അറ്റാക്കിങ് ഷോട്ടുകളുടെ എണ്ണം കൂടുകയും ചെയ്തു. ഇത് രണ്ടും ഒത്തൊരുമിക്കണമെങ്കില്‍ അത്രത്തോളം കണ്‍ട്രോള്‍ഡായിരുന്നു ഇന്നിങ്സ്. ജയ്സ്വാള്‍ 90ലേക്ക് കടന്നപ്പോഴായിരുന്നു വിൻഡീസ് ബൗളര്‍മാരുടെ പ്രലോഭനമുണ്ടായത്. താരത്തെ ഡ്രൈവ് ചെയ്യിക്കാനുള്ള തീവ്രശ്രമം. ഹാഫ് വോളികളും ഷോര്‍ട്ട് ബോളുകളുമെറിഞ്ഞ് ജയ്സ്വാളിനെ പരീക്ഷിച്ചു. എന്നാല്‍, ഒരുതവണ പോലും ബൗണ്ടറിക്ക് താരം ശ്രമിച്ചില്ല. 51-ാം ഖാരി പിയറിയുടെ പന്തില്‍ മൂന്നക്കം തൊട്ടു. ടെസ്റ്റ് കരിയറിലെ ഏഴാം ശതകം.
24 വയസ് തികയും മുൻപ് ഏഴ് ടെസ്റ്റ് സെഞ്ച്വറികളില്‍ക്കൂടുതല്‍ നേടിയ മൂന്ന് താരങ്ങളെ ഒന്നരനൂറ്റാണ്ടിന്റെ ചരിത്രമുള്ള ഫോര്‍മാറ്റിലുള്ളു. ബ്രാഡ്മാൻ, സച്ചിൻ, സോബേഴ്സ്. രണ്ടാം സെഷൻ അവസാനിക്കുമ്പോള്‍ ജയ്സ്വാളിന്റെ സ്കോര്‍ 162 പന്തില്‍ 111 റണ്‍സ്. സെഷനില്‍ നേരിട്ട 84 പന്തുകളില്‍ നേടിയത് 71 റണ്‍സ്. പക്ഷേ, മൂന്നാം സെഷനില്‍ വിൻഡീസ് ബൗളര്‍മാര്‍ ആദ്യ സെഷനിലെ കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ ജയ്സ്വാളിന്റെ ബാറ്റ് ബഹുമാനത്തിന്റെ പാതയിലായിരുന്നു. അറ്റാക്കിങ് ഷോട്ടുകളുടെ അളവ് കുറച്ച്, മെല്ലെയാണ് 150ലേക്ക് എത്തിയത്. കരിയറില്‍ അഞ്ചാം തവണയാണ് 150ലേക്ക് എത്തുന്നത്.
തന്റെ പ്രിയപ്പെട്ട കട്ട് ഷോട്ടുകളിലായിരുന്നു താരം ഡല്‍ഹിയിലും വിശ്വാസമര്‍പ്പിച്ചത്. പന്ത് ലേറ്റ് ആയി കളിക്കാനുള്ള ജയ്സ്വാളിന്റെ വഴക്കം നേടിക്കൊടുത്തത് ആറ് ബൗണ്ടറികളായിരുന്നു. ഒന്നാം ദിനം ക്രീസ് വിടുമ്പോള്‍ 253 പന്തില്‍ 173 റണ്‍സ്. ഇന്ത്യയുടെ സ്കോര്‍ബോര്‍ഡില്‍ 318 റണ്‍സുണ്ടായിരുന്നു അപ്പോള്‍.
കേവലം 23 വയസ് മാത്രമാണ് ജയ്സ്വാളിന്റെ പ്രായം. ഇനിയും തെളിയാൻ ബാക്കിയുണ്ടെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാര്‍ ജയ്സ്വാളിനെക്കുറിച്ച് വാഴ്ത്തുന്നത്. റിസ്ക്ക് ഷോട്ടുകള്‍ കളിക്കാൻ താല്‍പ്പര്യപ്പെടുന്ന യുവനിരയുടെ കാലത്താണ് അത്തരമൊന്നിന് തയാറാകാതെ ഡല്‍ഹിയില്‍ ജയ്സ്വാള്‍ ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ്പ് ഷോട്ടുകള്‍ക്കൊന്നും തയാറാകാതെയായിരുന്നു ഇന്നിങ്സ്.
വിൻഡിസിനെതിരെ സെഞ്ച്വറിയോടെ തുടങ്ങിയ കരിയര്‍, ഇംഗ്ലണ്ടിനെതിരെ രണ്ട് ഇരട്ടശതകങ്ങള്‍, ഓസ്ട്രേലിയയില്‍ ഇതിഹാസങ്ങള്‍ വീണപ്പോള്‍ നിലകൊണ്ടു, ഇംഗ്ലണ്ടിലും ആവര്‍ത്തനം. ജയ്സ്വാള്‍, വണ്ടര്‍ ബോയ്.