
കൊച്ചി: രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന ഒരു അടിസ്ഥാന ശക്തിയായി നിര്‍മിത ബുദ്ധി മാറുമെന്ന് നിരീക്ഷണം. ഇന്ത്യ അതിന്‍റെ സാമ്പത്തിക പരിവര്‍ത്തനത്തിന്‍റെ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഐബിഎമ്മും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബിസിനസ് വാല്യൂവും ഇന്ത്യ എഐയും നടത്തിയ പുതിയ പഠനം പറയുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍മിത ബുദ്ധി 500 ബില്യണ്‍ ഡോളറിലധികം സംഭാവന ചെയ്യുമെന്നും ലോകത്തിലെ ഏറ്റവും ചലനാത്മകമായ എഐ നയിക്കുന്ന സമ്പദ്‌വ്യവസ്ഥകളില്‍ രാജ്യം സ്ഥാനം പിടിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.
'വാഗ്ദാനത്തില്‍ നിന്ന് അധികാരത്തിലേക്ക്: എഐ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ എങ്ങനെ പുനര്‍നിര്‍വചിക്കുന്നു' എന്ന തലക്കെട്ടിലുള്ള പഠനം ദില്ലിയില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐടി സെക്രട്ടറി എസ് കൃഷ്ണന്‍ പുറത്തിറക്കി. എഐ നിക്ഷേപങ്ങള്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ നേരിട്ട് സ്വാധീനിക്കുമെന്ന് പഠനത്തിന്റെ ഭാഗമായ അഞ്ചില്‍ നാല് വ്യവസായ പ്രമുഖര്‍ വിശ്വസിക്കുന്നു, 2030-ഓടെ ഇന്ത്യ ഒരു മുന്‍നിര ആഗോള എഐ രാഷ്ട്രമായി ഉയര്‍ന്നുവരുമെന്ന് 73% പേരും പ്രതീക്ഷിക്കുന്നു.
എഐ അവലംബിക്കുന്നതില്‍ സമകാലികരായ ആഗോള കമ്പനികളെക്കാള്‍ പിന്നിലാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 72% സ്ഥാപനങ്ങളും സമ്മതിക്കുന്നത് ഒരു പരിമിതിയായി പഠനം കണ്ടെത്തുന്നു. പ്രതികരിച്ചവരില്‍ 57% പേര്‍ ഡാറ്റ ഗുണനിലവാരത്തിലെ ഏറ്റകുറച്ചിലുകളും 77% പേര്‍ ചെലവേറിയതും സുരക്ഷിതമായ ക്ലൗഡ് അടിസ്ഥാന സൗകര്യത്തിന്റെ അഭാവവും എഐ കുതിപ്പിന് പ്രധാന തടസ്സങ്ങളാണെന്ന് പറയുന്നു.
നിര്‍മിത ബുദ്ധിയില്‍ വിദഗ്‌ധരെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നൈപുണ്യ വിടവിലേക്ക് പഠനം വിരല്‍ ചൂണ്ടുന്നു. നിലവില്‍ 30% ജീവനക്കാര്‍ക്ക് മാത്രമേ വ്യാപാരങ്ങള്‍ക്ക് ആവശ്യമുള്ള എഐ സാക്ഷരതാ നിലവാരം ഉള്ളൂ. എന്നാല്‍ 2030ല്‍ ഇത് 57% ആയി ഉയരുമെന്ന് പ്രതികരിച്ചവര്‍ സൂചിപ്പിക്കുന്നു. 2030-ഓടെ ഇന്ത്യയില്‍ ആവശ്യമായ മൊത്തം എഐ പ്രതിഭകള്‍ 350 ദശലക്ഷത്തിലധികമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam