ഒരുവശത്ത് ഡീപ്‌ഫേക്ക് ഭീഷണി വര്‍ധിക്കുന്നു, പക്ഷേ ആശങ്ക കുറയ്‌ക്കാം; പ്രതിരോധ സാങ്കേതികവിദ്യകളും ശക്തമാകുന്നതായി വിദഗ്‌ധര്‍

Published : Feb 13, 2026, 09:21 AM IST
Deepfake video scam

Synopsis

ഡീപ്‌ഫേക്ക് ഭീഷണികൾ വർധിക്കുന്നതിനൊപ്പം അതിനെ നേരിടാനുള്ള സാങ്കേതികവിദ്യകളും അതിവേഗം വികസിക്കുന്നുണ്ടെന്ന് സൈബർ വിദഗ്ധർ. ദ ഹിന്ദു ടെക് സമിറ്റിലാണ് ഈ വിലയിരുത്തൽ.

ചെന്നൈ: ഡീപ്‌ഫേക്ക് ഭീഷണി വർധിച്ചുകൊണ്ടിരിക്കുമ്പോഴും അതിനെ നേരിടാനുള്ള സാങ്കേതിക പരിഹാരങ്ങളും അതിവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈബര്‍ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. ദ ഹിന്ദുവും വിഐടി സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച ‘ദ ഹിന്ദു ടെക് സമിറ്റ് 2026’-ൽ നടന്ന ചർച്ചയിലാണ് ഈ വിലയിരുത്തൽ.

വര്‍ധിക്കുന്ന ഡീപ്പ്ഫേക്കുകൾ

ഡീപ്‌ഫേക്കുകൾ വഴി വേഗത്തിലും വിലകുറഞ്ഞ രീതിയിലും ആൾമാറാട്ടത്തെ എളുപ്പത്തിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായിച്ചിട്ടുണ്ടെന്ന് സതർലൻഡിന്‍റെ ഡയറക്‌ടർ-പ്ലാറ്റ്‌ഫോംസ് സൊല്യൂഷൻ വിനോദ് ആർ പറഞ്ഞു. "സൈബർ റെസിലിയൻസ് ഇൻ എഐ-ഡ്രൈവൺ വേൾഡ്: ബാലൻസിങ് റിസ്‍ക്, റിക്കവറി ആൻഡ് പ്രൈവസി" എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീപ്പ്ഫേക്കുകൾ വഴിയുള്ള തട്ടിപ്പ് തിരിച്ചറിയുന്നതിനുള്ള കണ്ടെത്തൽ രീതികളിൽ ഒന്നാണ് ടു-ഫാക്‌ടർ അല്ലെങ്കിൽ മൾട്ടിപ്പിൾ-ഫാക്‌ടര്‍ ഓതന്‍റിക്കേഷൻ. ഡീപ്പ്ഫേക്കുകൾ കണ്ടെത്തുന്നതിന്, ഒരൊറ്റ ചിത്രത്തെയോ വീഡിയോയെയോ ആശ്രയിക്കുന്നതിനുപകരം ഒന്നിലധികം സിഗ്നലുകൾ വിശകലനം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദ ഹിന്ദുവിന്‍റെ ഡാറ്റ ആൻഡ് അനലിറ്റിക്‌സ് വിഭാഗം വൈസ് പ്രസിഡന്‍റ് എൻ. നാഗരാജ് മോഡറേറ്റ് ചെയ്‌ത സെഷനിൽ, വരും വർഷങ്ങളിൽ ഡീപ്‌ഫേക്ക് പ്രചാരം വർധിക്കുമെന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. പൊതുജന ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിലൂടെ ഭീഷണിയെ ചെറുക്കാൻ കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു. ഡീപ്ഫേക്കുകൾ ഉയർത്തുന്ന വെല്ലുവിളികൾക്കൊപ്പം സാങ്കേതികവിദ്യയും പൊരുത്തപ്പെടുന്നുണ്ടെന്ന് ടിവിഎസ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് മേധാവി (ഐടി) മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. എഐ കൂടുതൽ സ്‍മാർട്ട് ആകുന്നതിനാൽ മനുഷ്യ വിഭവശേഷിയെ നവീകരിച്ച് പരിശീലിപ്പിക്കേണ്ടതുണ്ടെന്നും സ്ഥാപനങ്ങൾ എഐ യാഥാർഥ്യമാണെന്ന് അംഗീകരിച്ച് സജീവമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡീപ്‌ഫേക്ക് പ്രതിരോധ സാങ്കേതികവിദ്യകളും വളരുന്നു 

ഡീപ്‌ഫേക്ക് ഉള്ളടക്കം യഥാർഥ ഉള്ളടക്കത്തെ മറികടക്കുന്നതായി എപ്പിമണി പ്രൈവറ്റ് ലിമിറ്റഡ് (ഫ്ലെക്സിലോൺസ്) അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് ബാലാജി ടി കെ ചൂണ്ടിക്കാട്ടി. അതിനാൽ ശക്തമായ ആഭ്യന്തര പ്രതിരോധ സംവിധാന നിർമാണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. അപരിചിത സ്രോതസുകളിൽ നിന്ന് വരുന്ന വിവരങ്ങളെ വിശ്വസിക്കരുതെന്ന് ബാങ്കിംഗ് മേഖലയിലെ ഉപഭോക്താക്കളെ ബോധവൽക്കരിക്കുകയും ഇടപാടുകൾക്കായി ബഹുവിധ ഓതന്‍റിക്കേഷൻ അൽഗോരിതങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരെയും ഉപഭോക്താക്കളെയും ഡീപ്‌ഫേക്ക് ഭീഷണി തിരിച്ചറിയാൻ പരിശീലിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ സുരക്ഷാ നടപടികളുടെ നേട്ടങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള പദ്ധതികൾ മാനേജ്മെന്‍റിന് മുന്നിൽ അവതരിപ്പിക്കണമെന്നും വിദഗ്‌ധർ പറഞ്ഞു. ശരിയായ സാങ്കേതിക വിദ്യകൾ സ്വീകരിച്ച് അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനാന്തരീക്ഷവും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.

കമ്പനികൾ ഇപ്പോൾ ഇത്തരം അപകടങ്ങൾ നിയന്ത്രിക്കാൻ വേണ്ട ശരാശരി സമയം പോലുള്ള കൃത്യമായ മാനദണ്ഡങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മിറിഡിയസിന്‍റെ ചീഫ് ഇൻഫർമേഷൻ ഓഫീസറും ഹെഡ് ഓഫ് സെക്യൂരിറ്റിയുമായ രാമകുമാർ ദില്ലി പറഞ്ഞു. സൈബർ പ്രതിരോധ ഘടന ശക്തിപ്പെടുത്താൻ എല്ലാ സ്ഥാപനങ്ങളും അവരുടെ സുരക്ഷാ നില വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബർ സുരക്ഷയുടെ ആക്രമണ-പ്രതിരോധ മേഖലകളിൽ എഐ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് മനുഷ്യ ഇടപെടലിന്‍റെ പ്രാധാന്യവും പാനലിസ്റ്റുകൾ ഊന്നിപ്പറഞ്ഞു. തുടർച്ചയായ നിരീക്ഷണവും നിരീക്ഷണ സംവിധാനങ്ങളും അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫോൺ നഷ്ടപ്പെട്ടോ? ടെൻഷനടിക്കേണ്ട! ആപ്പില്ലാതെ ഗൂഗിൾ വെച്ച് കണ്ടെത്താം
സാംസങ്ങിന്റെ പുതിയ എഐ ചിപ്പുകൾ വിപണിയിലേക്ക്; അറിയേണ്ടതെല്ലാം