കനത്ത തിരിച്ചടി നേരിട്ട് ബിഎസ്എന്‍എല്‍, അടിതെറ്റി വി, ജിയോയെയും പിന്നിലാക്കി എയർടെല്ലിന്‍റെ കുതിപ്പ്

Published : Feb 12, 2026, 02:53 PM IST
Telecom companies in India

Synopsis

ട്രായ്‍യുടെ 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം, എയർടെല്ലും റിലയൻസ് ജിയോയും പുതിയ മൊബൈൽ വരിക്കാരെ ചേർത്തുകൊണ്ട് നേട്ടമുണ്ടാക്കി. അതേസമയം, വോഡഫോൺ ഐഡിയക്കും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനും കാര്യമായ നഷ്ടം സംഭവിച്ചു.

ദില്ലി: രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ 2025 ഡിസംബർ മാസത്തെ കണക്കുകള്‍ പുറത്തുവിട്ട് ട്രായ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം സ്വകാര്യ കമ്പനികളായ ഭാരതി എയർടെല്ലും റിലയന്‍സ് ജിയോയും 2025 ഡിസംബറില്‍ കൂടുതല്‍ വരിക്കാരെ ചേർത്തു. അതേസമയം, മറ്റൊരു സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ വോഡഫോണ്‍ ഐഡിയ (വി), പൊതുമേഖല കമ്പനി ബിഎസ്എന്‍എല്‍ എന്നിവ 2025 ഡിസംബർ മാസം ഉപഭോക്തൃ അടിത്തറയില്‍ കനത്ത തിരിച്ചടി നേരിട്ടു. ബ്രോഡ്ബാന്‍ഡ് കണക്ഷനില്‍ ഫിക്സഡ് വയർലെസ് ആക്സസ് (എഫ്‍ഡബ്ല്യൂഎ) സാങ്കേതികവിദ്യക്ക് പ്രചാരം കൂടുന്നതായും ട്രായ്‍യുടെ റിപ്പോർട്ടിലുണ്ട്. ഡിസംബറില്‍ രാജ്യത്താകെ എഫ്‍ഡബ്ല്യൂഎ കണക്ഷനുകളുടെ എണ്ണത്തില്‍ 5.04 ശതമാനത്തിന്‍റെ വളർച്ച രേഖപ്പെടുത്തി.

ഡിസംബറില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് എയർടെല്‍

2025 ഡിസംബർ മാസം ഭാരതി എയർടെല്ലിന് 54,28,314 മൊബൈല്‍ വരിക്കാരെയും റിലയന്‍സ് ജിയോയ്ക്ക് 29,60,588 മൊബൈല്‍ വരിക്കാരെയും പുതുതായി ചേർക്കാനായി. അതേസമയം വോഡഫോണ്‍ ഐഡിയക്ക് 9,40,731 ഉം, ബിഎസ്എന്‍എല്ലിന് 2,06,797 ഉം വരിക്കാരെ നഷ്ടമായി. 2025 നവംബർ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ എയർടെല്‍ 1.19 ശതമാനവും ജിയോ 0.61 ശതമാനവും വളർച്ചയുണ്ടാക്കി. എന്നാല്‍ വി -0.47 ശതമാനവും ബിഎസ്എന്‍എല്‍ -0.22 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ ആകെ കണക്കെടുത്താല്‍ ജിയോ തന്നെയാണ് മുന്നില്‍. ഒന്നാമതുള്ള ജിയോയ്ക്ക് 39.31 ശതമാനവും രണ്ടാമത് നില്‍ക്കുന്ന എയർടെല്ലിന് 37.24 ശതമാനവും വിപണി വിഹിതമുണ്ട്. മൊബൈല്‍ കണക്ഷനുകളില്‍ ജിയോ വരിക്കാരുടെ എണ്ണം 48,90,50,236 ഉം, എയർടെല്‍ വരിക്കാരുടെ എണ്ണം 46,33,84,389 ഉം വോഡഫോണ്‍ ഐഡിയയുടേത് 19,87,71,306 ഉം ബിഎസ്എന്‍എല്ലിന്‍റെത് 9,27,63,513 ഉം ആണ്. വെറും 7.47 ശതമാനമാണ് മൊബൈല്‍ വരിക്കാരില്‍ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എന്‍എല്ലിന്‍റെ വിപണി വിഹിതം. 2025 ഡിസംബർ മാസം മൊബൈല്‍ നമ്പർ പോർട്ടബിളിറ്റിക്കായി 16.12 ലക്ഷം അപേക്ഷകള്‍ രാജ്യത്തുണ്ടായി എന്നും ട്രായ്‍യുടെ കണക്കുകള്‍ പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർവീസ് മറന്നാൽ എസി സ്വയം വിവരം അറിയിക്കും, 'സ്മാർട്ട് തിങ്സ് ഹോം കെയർ' സംവിധാനം അവതരിപ്പിച്ച് സാംസങ്
പച്ച മാറ്റിപ്പിടിക്കാം, ഇനി വാട്‍സ്ആപ്പ് ഐക്കണിന്‍റെ നിറവും തീമും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാം