
വേനൽക്കാലം കനത്തതോടെ നമ്മുടെയെല്ലാം വീടുകളിൽ എസിയുടെ ഉപയോഗം ഇപ്പോള്‍ കൂടിയിട്ടുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം എസി ഓൺ ചെയ്യുന്നതിന് മുൻപ്, അത് ശരിയായി സർവീസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ, എസിക്ക് തണുപ്പ് കുറയുമെന്ന് മാത്രമല്ല, കറണ്ട് ബില്ല് റോക്കറ്റ് പോലെ കുതിച്ചുയരുകയും ചെയ്യും. നിങ്ങളുടെ വീടുകളിലെയും ഓഫീസുകളിലെയും എസിയുടെ ആയുസ്സ് കൂട്ടാനും നല്ല കൂളിംഗ് ലഭിക്കാനും ശ്രദ്ധിക്കേണ്ട 6 പ്രധാന കാര്യങ്ങൾ ഇതാ:
എസിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് അതിലെ ഫിൽട്ടറുകൾ. ഇതിൽ പൊടി അടിഞ്ഞുകൂടിയാൽ, കാറ്റിന്റെ ഒഴുക്ക് തടസ്സപ്പെടും. ഇത് എസിയുടെ പ്രവർത്തനം മോശമാക്കുകയും മുറിയിലേക്ക് മലിനമായ വായു എത്തിക്കുകയും ചെയ്യും. അതിനാൽ, എസി ടെക്‌നീഷ്യനെക്കൊണ്ട് നിങ്ങളുടെ എസിയുടെ ഫിൽട്ടറുകൾ ശരിയായി വൃത്തിയാക്കിക്കുന്നത് ഗുണകരമാകും.
എസിയുടെ ഇൻഡോർ, ഔട്ട്‌ഡോർ യൂണിറ്റുകളിലെ കോയിലുകളിൽ അഴുക്ക് അടിഞ്ഞാൽ, ചൂട് പുറത്തേക്ക് കളയാനുള്ള കഴിവ് കുറയും. ഇതുകാരണം എസി ഒരുപാട് നേരം പ്രവർത്തിച്ചാലും മുറിക്ക് തണുപ്പ് കിട്ടില്ല. ഈ കോയിലുകളിലെ അഴുക്കും എണ്ണമയവും ടെക്‌നീഷ്യൻ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.
എസിയിൽ ആവശ്യത്തിന് ഗ്യാസ് (Refrigerant) ഇല്ലെങ്കിൽ, എത്ര കുറഞ്ഞ താപനിലയിൽ വെച്ചാലും തണുപ്പ് കിട്ടില്ല. സർവീസ് ചെയ്യുമ്പോൾ ഗ്യാസ് ലീക്ക് വല്ലതുമുണ്ടോയെന്നും, ഗ്യാസിന്‍റെ അളവ് കൃത്യമാണോയെന്നും ടെക്‌നീഷ്യനോട് ചോദിച്ച് ഉറപ്പുവരുത്തണം.
എസി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വെള്ളം ഡ്രെയിൻ പൈപ്പ് വഴി പുറത്തേക്ക് പോകണം. ഇതിൽ പൊടിയോ പായലോ അടിഞ്ഞ് അടഞ്ഞുപോയാൽ, വെള്ളം എസിക്കുള്ളിൽത്തന്നെ ലീക്കായി ഭിത്തികളെയും ഇലക്‌ട്രിക്കല്‍ ഭാഗങ്ങളെയും നശിപ്പിക്കും. അതിനാൽ, പൈപ്പിലെ തടസ്സങ്ങൾ നീക്കാൻ ടെക്‌നീഷ്യനോട് ആവശ്യപ്പെടണം.
എസിയുടെ വയറുകൾ എലി കടിച്ചിട്ടുണ്ടാവാം, അല്ലെങ്കിൽ കണക്ഷനുകൾ ലൂസായിരിക്കാം. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമാകും. നിങ്ങളുടെ സുരക്ഷയ്ക്ക്, എല്ലാ വയറുകളും സ്വിച്ചുകളും ടെക്നീഷ്യൻ പൂർണ്ണമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
എസിയുടെ അകത്തും പുറത്തുമുള്ള ഫാനും മോട്ടോറും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കണം. അതിൽ നിന്ന് എന്തെങ്കിലും അസ്വാഭാവിക ശബ്‌ദമുണ്ടോയെന്നോ, വേഗത കുറഞ്ഞിട്ടുണ്ടോയെന്നോ ശ്രദ്ധിക്കുക. ഭാവിയിൽ വരാനിരിക്കുന്ന വലിയ ചെലവുകൾ ഇതിലൂടെ ഇപ്പോൾത്തന്നെ ഒഴിവാക്കാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam