
എപ്പോഴെങ്കിലും വിമാനയാത്ര നടത്തിയിട്ടുണ്ടെങ്കില്‍ വിമാനത്താവളത്തിലെ കർശനമായ സുരക്ഷാ പരിശോധനകള്‍ നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകാം. നിങ്ങൾ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ലഗേജ് ഒരു എക്‌സ്-റേ മെഷീനിലൂടെ കടത്തിവിടും. കൂടാതെ യാത്രക്കാർ ഒരു ഫുൾ-ബോഡി സ്‍കാനറിലൂടെയും കടന്നുപോകണം. ആയുധങ്ങളോ സ്ഫോടകവസ്‌തുക്കളോ മറ്റ് അപകടകരമായ വസ്‌തുക്കളോ വിമാനത്തിലേക്ക് കടത്തപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. ഈ പരിശോധന നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാകും. എന്നാൽ സ്‍കാനറിനുള്ളിൽ നിൽക്കുമ്പോൾ സ്‌ക്രീനിൽ എന്താണ് ദൃശ്യമാകുന്നതെന്ന് പല യാത്രക്കാരും ചിന്തിച്ചിട്ടുണ്ടാകും. ഫുൾ-ബോഡി സ്‍കാനറുകൾ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദമായി നോക്കാം.
2000-കളിൽ വിമാനത്താവളങ്ങളിൽ ഫുൾ-ബോഡി സ്‍കാനറുകൾ അവതരിപ്പിച്ചു. 2009-ൽ ആംസ്റ്റർഡാമിൽ നിന്ന് ഡിട്രോയിറ്റിലേക്കുള്ള വിമാനത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്ഫോടകവസ്‌തുക്കൾ കണ്ടെത്തിയ സംഭവത്തിന് ശേഷമാണ് ഇത്തരം സ്‌കാനറുകള്‍ വിമാനത്താവളങ്ങളില്‍ വലിയ തോതിൽ നടപ്പിലാക്കിയത്. ഇന്ന് ലോകമെമ്പാടുമുള്ള മിക്ക വിമാനത്താവളങ്ങളും മില്ലിമീറ്റർ-വേവ് ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ സാങ്കേതികവിദ്യയിൽ, വൈദ്യുതകാന്തിക തരംഗങ്ങൾ വസ്ത്രങ്ങളിലൂടെ കടന്നുപോവുകയും വസ്‌ത്രത്തിലോ ചർമ്മത്തിലോ മറഞ്ഞിരിക്കുന്ന വസ്‌തുക്കളില്‍ തട്ടി പ്രതിഫലിക്കുകയും ചെയ്യുന്നു. മെഷീൻ ഈ സിഗ്നലുകളെ വ്യാഖ്യാനിക്കുകയും ഒരു പൊതു പാറ്റേൺ സൃഷ്‌ടിക്കുകയുമാണ് ചെയ്യുക. ലോഹത്തെ മാത്രമല്ല, വസ്ത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് വസ്‌തുക്കളെയും കണ്ടെത്താൻ ഇതിന് കഴിയും എന്നതിനാൽ, ഈ സാങ്കേതികവിദ്യ മെറ്റൽ ഡിറ്റക്‌ടറുകളേക്കാൾ കൂടുതൽ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.
എന്തുകൊണ്ടാണ് ബാക്ക്‌സ്‌കാറ്റർ മെഷീനുകൾ നീക്കം ചെയ്‌തത്?
2010-നും 2013-നും ഇടയിൽ, എക്‌സ്-റേ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ബാക്ക്‌സ്‌കാറ്റർ സ്‍കാനറുകൾ ചില വിമാനത്താവളങ്ങളിൽ ഉപയോഗിച്ചിരുന്നു. ഈ മെഷീനുകൾക്ക് ശരീരത്തിന്‍റെ വളരെ വിശദമായ ചിത്രം നൽകാൻ കഴിയും. സ്വകാര്യ ഭാഗങ്ങൾ ഉൾപ്പെടെ ഇവ വെളിപ്പെടുത്തും. അതുകൊണ്ടുതന്നെ അവ സ്വകാര്യതയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെട്ടു. സ്വകാര്യതയുടെ ഭീഷണിയെക്കുറിച്ച് ആളുകളില്‍ ഇത് ഭയമുണ്ടാക്കി. പല വിമാനത്താവളങ്ങളിലും വ്യാപകമായ പൊതുജന പ്രതിഷേധത്തെത്തുടർന്ന് 2013-ൽ ഈ മെഷീനുകൾ നിർത്തലാക്കി. തുടർന്ന് മില്ലിമീറ്റർ-വേവ് സ്‍കാനറുകളിൽ സ്വകാര്യതാ ഫിൽട്ടറുകൾ ചേർത്തു, അവ ഒരു പൊതു ചിത്രം മാത്രം പ്രദർശിപ്പിക്കാൻ അനുവദിച്ചു.
ഇപ്പോഴത്തെ ഫുൾ-ബോഡി സ്‍കാനറുകൾക്ക് ഒരു വ്യക്തിയുടെ വസ്ത്രത്തിനുള്ളിലെ വിശദാംശങ്ങള്‍ പൂര്‍ണമായും കാണാൻ കഴിയില്ല എന്നാണ് അവകാശവാദങ്ങള്‍. പകരം, അവ ഒരു മനുഷ്യരൂപം സ്‌ക്രീനിലേക്ക് പ്രദർശിപ്പിക്കുന്നു. സ്‌കാന്‍ ചെയ്യുമ്പോള്‍ വസ്‌ത്രത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന യാതൊന്നും കണ്ടെത്തിയില്ലെങ്കില്‍ ബോഡി സ്‌കാനര്‍ ഒരു അലേർട്ടും ദൃശ്യമാക്കില്ല, നിങ്ങള്‍ക്ക് യാത്രക്കായി മുന്നോട്ട് പോകാം. എന്നാൽ സംശയാസ്‌പദമായ എന്തെങ്കിലും വസ്‍തുവിനെ സ്‍കാനർ കണ്ടെത്തിയാൽ, ഡിസ്‌പ്ലെ ആ പ്രത്യേക ഭാഗം അവ്യക്തമായി ചൂണ്ടിക്കാണിക്കും. ഈ സ്‍കാനറുകൾക്ക് ശരീരത്തിന്‍റെ ഉൾഭാഗം കാണാൻ കഴിയില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam