വാട്‌സ്ആപ്പ് സ്വകാര്യത വെറും സങ്കൽപ്പമോ, മെറ്റ നിങ്ങളുടെ ചാറ്റുകൾ രഹസ്യമായി വായിക്കുന്നുണ്ടോ?

Published : Jan 26, 2026, 01:08 PM IST
WhatsApp Logo

Synopsis

ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി പറയപ്പെടുന്നത് അതിന്‍റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറാണ്, എന്നാല്‍ വാട്‌സ്ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വെറും സങ്കല്‍പ്പം മാത്രമോ?

സാന്‍ ഫ്രാന്‍സിസ്‌കോ: വാട്‌സ്ആപ്പ് ചാറ്റുകൾ പൂർണ്ണമായും സുരക്ഷിതമാണെന്നാണ് മാതൃ കമ്പനിയായ മെറ്റയുടെ വളരെക്കാലമായുള്ള അവകാശവാദം. ഉപയോക്താക്കളുടെ മെസേജുകള്‍ അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ കാണാനാവുകയുള്ളൂ എന്ന് വാട്‌സ്ആപ്പ് അധികൃതര്‍ കാലങ്ങളായി അവകാശപ്പെടുന്നു. എന്നാൽ യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ഒരു ഫെഡറൽ കോടതിയിൽ അടുത്തിടെ ഫയൽ ചെയ്ത ഒരു കേസ് വാട്‌സ്ആപ്പിലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവകാശവാദങ്ങളെ കുറിച്ച് ഗുരുതരമായ ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. സ്വകാര്യ സംഭാഷണങ്ങളുടെ സുരക്ഷയെ കുറിച്ച് മെറ്റയും വാട്‌സ്ആപ്പും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഈ കേസിലെ ആരോപണം.

മെറ്റയ്‌ക്കെതിരായ കേസിലെ ആരോപണങ്ങൾ

മെറ്റയും വാട്‌സ്ആപ്പും അവരുടെ ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് എന്നാണ് കേസിലെ പ്രധാന ആരോപണം. അതായത്, ആവശ്യമെങ്കിൽ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ച് വിശകലനം ചെയ്യാനും മെറ്റയ്‌ക്ക് സാധിക്കുമെന്ന് പരാതിക്കാർ ആരോപിക്കുന്നു. മെറ്റ കമ്പനിയിലെ ജീവനക്കാർക്ക് ഈ ചാറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും പരാതിയിലുണ്ട്. ഇത് വാട്‌സ്ആപ്പിന്‍റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവകാശവാദങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമാണ്. വാട്‌സ്ആപ്പിലെ കോടിക്കണക്കിന് ഉപയോക്താക്കളെ അവരുടെ സംഭാഷണങ്ങൾ പൂർണ്ണമായും സ്വകാര്യമാണെന്ന് വിശ്വസിപ്പിച്ച് മെറ്റ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാർ ആരോപിക്കുന്നു.

ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി പറയപ്പെടുന്നത് അതിന്‍റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറാണ്. അതായത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ വാട്‌സ്ആപ്പ് സന്ദേശങ്ങൾ വായിക്കാൻ കഴിയൂ എന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്നാം കക്ഷികൾക്ക് വാട്‌സ്ആപ്പ് ചാറ്റുകള്‍ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നാണ് വാദം. ഈ അവകാശവാദം പൂർണ്ണമായും ശരിയല്ലെന്നും വാട്‌സ്ആപ്പ് ചാറ്റ് ഡാറ്റകള്‍ കമ്പനിയുടെ സിസ്റ്റങ്ങൾക്കുള്ളിൽ സംഭരിച്ചിരിക്കുന്നുവെന്നും കേസില്‍ പരാതിക്കാര്‍ പറയുന്നു.

പരാതിക്കാർ ആരൊക്കെ?

മെറ്റയ്‌ക്കെതിരായ ഈ കേസിലെ പരാതിക്കാര്‍ അമേരിക്കയിൽ മാത്രം ഒതുങ്ങുന്നില്ല. ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. ഓസ്‌ട്രേലിയ, ബ്രസീൽ, ഇന്ത്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒരു സംഘം വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഈ പരാതിക്കാരിൽ ഉൾപ്പെടുന്നു. ആഗോളതലത്തിൽ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ച് മെറ്റ തെറ്റിദ്ധരിപ്പിച്ചുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഉപയോക്താക്കളുടെ സംഭാഷണങ്ങളിലേക്ക് കമ്പനിക്ക് പ്രവേശനമുണ്ടെന്ന് സൂചിപ്പിക്കുന്ന ചില വിസിൽബ്ലോവർമാർ ആന്തരിക വിവരങ്ങൾ പങ്കിട്ടിട്ടുണ്ടെന്നും പരാതിക്കാർ അവകാശപ്പെട്ടു. അതേസമയം, ഈ വിസിൽബ്ലോവർമാരുടെ ഐഡന്‍റിറ്റികൾ പരസ്യമാക്കിയിട്ടില്ല.

ആരോപണങ്ങളെക്കുറിച്ച് മെറ്റയുടെ പ്രതികരണം എന്ത്?

എന്നാല്‍ വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്വകാര്യതയും സുരക്ഷയുമായി ബന്ധപ്പെട്ട ഈ കേസ് പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നാണ് മെറ്റയുടെ പ്രതികരണം. വാട്‌സ്ആപ്പിന്‍റെ ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടുന്നുവെന്നും ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ മറ്റാരെങ്കിലും വായിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്നും മെറ്റ അധികൃതര്‍ ഇപ്പോഴും അവകാശപ്പെടുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റിപ്പബ്ലിക് ദിന സുരക്ഷ; കുറ്റവാളികളെ സ്പോട്ടില്‍ തിരിച്ചറിയുന്ന എഐ കണ്ണടയുമായി ദില്ലി പൊലീസ്
18 വയസിന് താഴെയുള്ളവർക്ക് മെറ്റയുടെ ആപ്പുകളിൽ ഈ പ്രത്യേക ഫീച്ചർ ലഭിക്കില്ല, ഇതാണ് കാരണം