ബ്രിട്ടീഷ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നത്തിംഗ്, തങ്ങളുടെ പുതിയ മോഡലായ 'നത്തിംഗ് ഫോൺ 4എ'യുടെ പിങ്ക് നിറത്തിലുള്ള വേർഷൻ ഔദ്യോഗിക ലോഞ്ചിന് മുൻപ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഫോണിന്റെ വിൽപ്പന.

ബെംഗളൂരു: ബ്രിട്ടൻ ആസ്ഥാനമായ സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ നത്തിംഗ് അവരുടെ പുതിയ മോഡൽ ‘നത്തിംഗ് ഫോൺ 4എ’യുടെ പിങ്ക് നിറ വേർഷൻ ഔദ്യോഗിക ലോഞ്ചിന് മുൻപ് പ്രഖ്യാപിച്ചു. ഇതിനുമുമ്പ് വെളിപ്പെടുത്തിയ വൈറ്റ് നിറത്തിനൊപ്പം പിങ്ക് നിറവും അവതരിപ്പിച്ചതോടെ കമ്പനി തങ്ങളുടെ ഡിസൈൻ ശൈലിയിൽ കൂടുതൽ വൈവിധ്യം കൊണ്ടുവന്നിരിക്കുകയാണ്. കമ്പനി പറയുന്നതനുസരിച്ച്, ഈ പുതിയ നിറം കല, ഫാഷൻ, പോപ് സംസ്‍കാരം എന്നിവയിൽ നിന്നുള്ള പ്രചോദനത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

നത്തിംഗ് ഫോൺ 4എ: സവിശേഷതകള്‍

നത്തിംഗ് ഫോൺ 4എ സീരീസ് മാർച്ച് ആദ്യവാരത്തിൽ നടക്കുന്ന ബിൽറ്റ് ഡിഫറന്‍റ് എന്ന ലോഞ്ച് ഇവന്റിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രഖ്യാപനത്തോടനുബന്ധിച്ച് ലണ്ടൻ നഗരത്തിലും ബെംഗളൂരു നഗരത്തിലും പ്രത്യേക പ്രമോഷൻ പരിപാടികളും സംഘടിപ്പിച്ചു. ഡിസൈൻ കാര്യത്തിൽ, നത്തിംഗ് ഫോൺ 4എ മുൻ മോഡലുകളുടെ പാരമ്പര്യം തുടരുന്നതായിരിക്കും. ട്രാൻസ്‌പാരന്‍റ് റിയർ പാനൽ ഡിസൈൻ ഈ ഫോണിലും നിലനിൽക്കും. പിൻവശത്ത് പിൽ-ആകൃതിയിലുള്ള മോഡ്യൂളിൽ മൂന്ന് ക്യാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എൽഇഡി ഫ്ലാഷ് ക്യാമറ യൂണിറ്റിന് പുറത്തായിരിക്കും. കൂടാതെ, കമ്പനി അവതരിപ്പിക്കാൻ പോകുന്ന പുതിയ ‘ഗ്ലിഫ് ബാർ’ നോട്ടിഫിക്കേഷൻ സിസ്റ്റവും ഈ മോഡലിൽ ഉൾപ്പെടാനിടയുണ്ട്. പവർ, വോള്യം ബട്ടണുകൾ വലതുവശത്തും, അധിക ബട്ടൺ ഇടതുവശത്തുമാണ് നൽകിയിരിക്കുന്നത്.

നത്തിംഗ് ഫോൺ 4എ സീരീസ് ക്വാൽക്കം സ്‍നാപ്ഡ്രാഗൺ ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ ഫ്ലിപ്‍കാർട്ട് വഴി ലഭ്യമാകും. അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, നത്തിംഗ് ഫോൺ 4a-യിൽ സ്‍നാപ്‍ഡ്രാഗൺ 7s ജെൻ 4 എസ്ഒസി, 5,400 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 50 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് സൗകര്യം എന്നിവ ഉണ്ടായേക്കാം. കൂടാതെ 6.7 ഇഞ്ച് വലുപ്പമുള്ള 1.5കെ റെസല്യൂഷൻ അമോലെഡ് ഡിസ്പ്ലേയും 120 ഹെർട്സ് വരെ റിഫ്രെഷ് റേറ്റും ഫോണിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പുതിയ നിറവും മെച്ചപ്പെടുത്തിയ ഹാർഡ്‌വെയർ സവിശേഷതകളും ഉൾപ്പെടുത്തി, നത്തിംഗ് ഫോൺ 4എ വിപണിയിൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming