ഉപഗ്രഹ ഇന്‍റര്‍നെറ്റ് രംഗത്ത് മസ്‌കിന് പച്ചക്കൊടി; സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി

Published : Jul 10, 2025, 09:20 AM ISTUpdated : Jul 10, 2025, 09:23 AM IST
Starlink

Synopsis

ഉപഗ്രഹ ശൃംഖല വഴി ലോകമെങ്ങും അതിവേഗ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് എത്തിക്കുന്ന ഇലോണ്‍ മസ്‌കിന്‍റെ സംരംഭമാണ് സ്റ്റാര്‍ലിങ്ക്

ദില്ലി: ഇലോണ്‍ മസ്‌കിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് (SSCPL) ഇന്ത്യന്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് അതോറൈസേഷന്‍ സെന്‍റര്‍ (ഇന്‍-സ്പേസ്) ആണ് അനുമതി നല്‍കിയത്. സ്റ്റാര്‍ലിങ്കിന്‍റെ ജെന്‍1 ലോ എര്‍ത്ത് ഓര്‍ബിറ്റ് (എല്‍ഇഒ) സാറ്റ്‌ലൈറ്റ് നെറ്റ്‌വര്‍ക്ക് വഴിയാണ് ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് എത്തിക്കുക. അഞ്ച് വര്‍ഷത്തേക്കാണ് സ്റ്റാര്‍ലിങ്കിന് ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. എങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നിയന്ത്രണ സംവിധാനങ്ങളുടെയും അനുമതി അനുസരിച്ചായിരിക്കും സ്റ്റാര്‍ലിങ്കിന് രാജ്യത്ത് പ്രവര്‍ത്തിക്കാനാവുക.

രാജ്യത്ത് 2022 മുതലുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖല രംഗപ്രവേശം ചെയ്യുന്നത്. ഇന്ത്യയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. എന്നാല്‍ ഇവരില്‍ ഏറ്റവും വലിയ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയും ഏറ്റവുമധികം രാജ്യങ്ങളില്‍ സേവനവുമുള്ള ഓപ്പറേറ്റര്‍മാരാണ് സ്റ്റാര്‍ലിങ്ക്. കേന്ദ്ര സര്‍ക്കാര്‍ ഇനി സ്‌പെക്‌ട്രം അനുവദിക്കുക കൂടി ചെയ്‌താല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ലഭ്യമായി തുടങ്ങും. ദേശീയസുരക്ഷ മുന്‍നിര്‍ത്തി കര്‍ശന നിര്‍ദ്ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയുമാവും സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക എന്ന് ഇന്‍-സ്പേസ് വക്താവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തനാനുമതി നല്‍കൂവെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഉപഗ്രഹങ്ങള്‍ വഴി വേഗമേറിയ ബ്രോഡ്‌ബാന്‍ഡ് എത്തിക്കാനുള്ള സംവിധാനമാണ് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്ക് കമ്പനി ഒരുക്കിയിരിക്കുന്നത്. സ്റ്റാര്‍ലിങ്കിന്‍റെ ജെന്‍1 സാറ്റ്‌ലൈറ്റ് ശൃംഖലയില്‍ 4,408 കൃത്രിമ ഉപഗ്രഹങ്ങളാണ് ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ളത്. ഭൂമിയില്‍ നിന്ന് 540 മുതല്‍ 570 വരെ കിലോമീറ്റര്‍ ഉയരത്തിലാണ് ഇവ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യയില്‍ എത്ര വരെ വേഗതയാണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റിനുണ്ടാവുക എന്ന് വ്യക്തമല്ല. താരിഫ് നിരക്കുകളുടെ കാര്യത്തിലും അന്തിമ പ്രഖ്യാപനം വരുന്നതേയുള്ളൂ. ഇന്ത്യക്കായി പ്രത്യേക താരിഫ് പ്ലാനുകളാവും സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കാന്‍ സാധ്യത. പരമ്പരാഗത വയര്‍ഡ്, വയര്‍ലസ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സാഹചര്യമില്ലാത്ത വിദൂരഗ്രാമങ്ങളിലും പര്‍വത പ്രദേശങ്ങളിലും വനമേഖലയിലുമെല്ലാം സ്റ്റാര്‍ലിങ്കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റിന് നെറ്റ്‌വര്‍ക്ക് എത്തിക്കാനാകും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

മാട്രിമോണിയൽ സൈറ്റില്‍ കണ്ടയാള്‍ ചതിച്ചു! വിവാഹ വാഗ്‍ദാനം നൽകി യുവാവിൽ നിന്നും തട്ടിയത് 49 ലക്ഷം
കേരളത്തിലെ തിയറ്റര്‍ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍! സിസിടിവി വീഡിയോകള്‍ എങ്ങനെ ചോരുന്നു, എങ്ങനെ തടയാം?