
മുംബൈ: റിലയന്‍സ് ജിയോയുടെ ബജറ്റ്-ഫ്രണ്ട്ലി ഫോണുകള്‍ 10 മിനിറ്റിനകം ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ക്വിക് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടുമായി കരാര്‍. രാജ്യത്തെ 95 നഗരങ്ങളില്‍ ജിയോഭാരത് വി4, ജിയോഫോണ്‍ പ്രൈമ 2 എന്നിവ ഡെലിവറി ചെയ്യാനാണ് ഇന്‍സ്റ്റാമാര്‍ട്ടിനെ ജിയോ ഏല്‍പിച്ചിരിക്കുന്നത്.
ജിയോഭാരത് വി4
റിലയന്‍സ് ജിയോയുടെ 799 രൂപ വിലയുള്ള 4ജി ഫീച്ചര്‍ ഫോണാണ് ജിയോഭാരത് വി4. ജിയോപേയിലൂടെ യുപിഐ പേയ്‌മെന്‍റ് സൗകര്യം ഈ ഫോണില്‍ ലഭിക്കും. ഇതിന് പുറമെ സ്പോര്‍ട്‌സ് അടക്കം 455 ലൈവ് ടിവി ചാനലുകള്‍, 1000 എംഎഎച്ച് ബാറ്ററി, എച്ച്‌ഡി വോയിസ് കോളിംഗ് എന്നീ ഫീച്ചറുകലും ജിയോഭാരത് വി4 ഫോണിലുണ്ട്.
ജിയോഫോണ്‍ പ്രൈമ 2
അതേസമയം ജിയോഫോണ്‍ പ്രൈമ 2 2,799 വിലയിലാണ് റിലയന്‍സ് ജിയോ വിറ്റഴിക്കുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഗൂഗിള്‍ വോയിസ് അസിസ്റ്റന്‍റ്, ജിയോടിവി തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഈ ഫോണിലുണ്ട്. സ്‌നാപ്‌ഡ്രാഗണ്‍ പ്രൊസ്സസറിലുള്ള ഫോണില്‍ 512 എംബി റാമും 2,000 എംഎഎച്ച് ബാറ്ററിയും, വൈ-ഫൈയും, ബ്ലൂടൂത്തും ഉണ്ട്. 23 ഭാഷകളുടെ പിന്തുണയും ജിയോഫോണ്‍ പ്രൈമ 2-ലുണ്ട്.
2020ല്‍ ആരംഭിച്ച സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് രാജ്യത്തെ 125 നഗരങ്ങളില്‍ സേവനം എത്തിക്കുന്നു. പ്രധാനമായും പലചരക്ക് സാധനങ്ങളാണ് ക്വിക് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് വില്‍ക്കുന്നത്. ഓര്‍ഡര്‍ ചെയ്ത് 10 മിനിറ്റ് കൊണ്ട് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കുക എന്നതാണ് ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മുതല്‍ ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, റെഡ‍്‌മി, മോട്ടോറോള, ഓപ്പോ, വിവോ, റിയല്‍മി കമ്പനികളുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി വില്‍ക്കുന്നുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം