കവാടങ്ങള്‍ തകര്‍ന്നു, പ്രദേശത്ത് പുക; ഫോര്‍ഡോ ആണവ നിലയത്തില്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടതിന്‍റെ ഉപഗ്രഹ ചിത്രം പുറത്ത്

Published : Jun 22, 2025, 07:07 PM ISTUpdated : Jun 22, 2025, 07:10 PM IST
Fordo Enrichment Plant

Synopsis

ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഒരു മലയ്ക്ക് കീഴിലായി ഭൂഗര്‍ഭ നിലയമായാണ് ഇറാന്‍ കെട്ടിപ്പടുത്തിരിക്കുന്നത്, അതിനാലാണ് ഫോര്‍ഡോ ആക്രമിക്കാന്‍ ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ യുഎസ് തിരഞ്ഞെടുത്തത്

ഫോര്‍ഡോ: ഇറാനിലെ മൂന്ന് ആണവ സമ്പുഷ്‌ടീകരണ കേന്ദ്രങ്ങളില്‍ ഇന്ന് അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇറാനിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ളതും ഒരു മലയ്‌ക്കടിയില്‍ നിലകൊള്ളുന്നതുമായ ഫോര്‍ഡോ ആണവ നിലയമായിരുന്നു ഇതിലൊന്ന്. മുമ്പ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെങ്കിലും അവര്‍ക്ക് തകര്‍ക്കാന്‍ കഴിയാതെ പോയ ഫോര്‍ഡോയില്‍ യുഎസ് കരുത്തുറ്റ ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57 ഉതിര്‍ക്കുകയായിരുന്നു. ഭൂനിരപ്പില്‍ നിന്ന് 60 മീറ്ററിലധികം താഴ്‌ചയില്‍ നിലകൊള്ളുന്നു എന്ന് കരുതപ്പെടുന്ന ഫോര്‍ഡോ ആണവ നിലയത്തിന് ഉള്ളിലെ അറകളില്‍ അമേരിക്കന്‍ ആക്രമണം എന്ത് പ്രത്യാഘാതമുണ്ടാക്കി എന്ന് വ്യക്തമല്ല. എന്നാല്‍ ഫോര്‍ഡോയുടെ പ്രവേശനകവാടങ്ങളില്‍ നാശം വിതയ്ക്കാന്‍ യുഎസിനായി എന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഫോര്‍ഡോയില്‍ എന്ത് സംഭവിച്ചു?

അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ആക്രമണത്തില്‍ ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിന്‍റെ കവാടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഫോര്‍ഡോയില്‍ അമേരിക്കയുടെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പ്ലാനറ്റ് ലാബ്‌സ് പിബിസി ആണ് ഈ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയുടെ ബി-2 ബോംബര്‍ വിമാനങ്ങള്‍ ജിബിയു-57 (GBU-57A/B MOP) എന്ന് പേരുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടതിന് ശേഷം ഫോര്‍ഡോ ആണവ നിലയ പ്രദേശത്ത് പുക ഉയര്‍ന്നിരിക്കുന്നതും മലനിരകള്‍ക്ക് സ്ഫോടന ഫലമായി നിറം മാറ്റം വരിന്നിരിക്കുന്നതും കാണാം എന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്‍റെ വിശകലനം പറയുന്നു. അതേസമയം ഫോര്‍ഡോയിലെ ഭൂഗര്‍ഭ നിലയത്തിനുള്ളില്‍ അമേരിക്കന്‍ ആക്രമണം എന്ത് ആഘാതമാണ് സൃഷ്ടിച്ചത് എന്ന് വ്യക്തമല്ല.

ഇസ്രയേലിന്‍റെ കണ്ണിലെ കരടായ ഫോര്‍ഡോ

ഇറാനില്‍ ഏറ്റവും രഹസ്യസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ഇറാനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലെ മലനിരകള്‍ക്കുള്ളിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ നിലയം സ്ഥിതി ചെയ്യുന്നത്. 3,000 വരെ സെന്‍ട്രിഫ്യൂജുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ ആണവ നിലയത്തിനുണ്ട്. രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ഫോര്‍ഡോയുടെ നിര്‍മ്മാണം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ലെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ വ്യക്തമായി. ഇസ്രയേലിന്‍റെ വ്യോമാക്രമണം ഫോര്‍ഡോയില്‍ കാര്യമായ യാതൊരു ആഘാതവും സൃഷ്ടിച്ചില്ല. ഫോര്‍ഡോയുടെ കട്ടിയേറിയ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ക്കാന്‍ GBU-57A/B ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് മാത്രമേ കഴിയൂ എന്നതിനാലാണ് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങളുമായി ഇറാനില്‍ ആക്രമണം അഴിച്ചുവിട്ടത്.

മറ്റ് ആണവ നിലയങ്ങളിലും ആക്രമണം

ഇന്ന് രാവിലെ അമേരിക്കന്‍ സൈന്യം ഫോര്‍ഡോ, നഥാന്‍സ്, ഇസ്‌ഫഹാന്‍ എന്നീ മൂന്ന് ആണവ സമ്പുഷ്‌ടീകരണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. മണ്ണിനടിയില്‍ കരുത്തുറ്റ കോണ്‍ക്രീറ്റ് പാളിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ ആണവ നിലയം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് മോപ് ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് വര്‍ഷിച്ചതെങ്കില്‍ നഥാന്‍സിലും ഇസ്‌ഫഹാനിലും യുഎസ് ടോമഹോക്ക് സബ്‌സോണിക് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. മുങ്ങിക്കപ്പലുകളില്‍ നിന്നായിരുന്നു അമേരിക്കയുടെ ടോമഹോക്ക് മിസൈല്‍ വര്‍ഷം. 30 ടോമഹോക്ക് മിസൈലുകളാണ് അമേരിക്ക ഇറാനിലെ ആണവ നിലയങ്ങളിലേക്ക് തൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ആണവ നിലയങ്ങളിലെയും യുഎസ് ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് ആണവ വികിരണ തോത് ഉയര്‍ന്നിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. യുഎസ് ബോംബിടും മുമ്പ് ഇറാന്‍ ഫോര്‍ഡോയില്‍ നിന്ന് യുറേനിയം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നുവെന്നാണ് സൂചനകള്‍.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി