പാചകക്കുറിപ്പുകൾ കുളമാക്കി ഗൂഗിളിന്‍റെ എഐ സമ്മറി, പുലിവാലുപിടിച്ച് ഫുഡ് ബ്ലോഗർമാർ!

Published : Nov 28, 2025, 09:23 AM IST
Woman Food

Synopsis

എഐ സമ്മറികൾ തങ്ങളുടെ യഥാർഥ പാചകക്കുറിപ്പുകളെ തെറ്റായി പ്രതിനിധീകരിക്കുകയും ഓൺലൈൻ ട്രാഫിക്കിനും വരുമാനത്തിനും വലിയ നഷ്‌ടം വരുത്തുകയും ചെയ്യുന്നുവെന്ന് ഫുഡ് ബ്ലോഗർമാർ പറയുന്നു 

ഗൂഗിളിന്‍റെ എഐ അധിഷ്‍ഠിത സമ്മറികളെക്കുറിച്ച് ലോകമെമ്പാടുമുള്ള ഫുഡ് ബ്ലോഗർമാർ അടുത്തിടെ രോഷാകുലരാണ്. ഈ സമ്മറികൾ തങ്ങളുടെ യഥാർഥ പാചകക്കുറിപ്പുകളെ തെറ്റായി പ്രതിനിധീകരിക്കുകയും ഓൺലൈൻ ട്രാഫിക്കിനും വരുമാനത്തിനും വലിയ നഷ്‌ടം വരുത്തുകയും ചെയ്യുന്നുവെന്ന് അവർ പറയുന്നു. വർഷങ്ങളോളം പാചകക്കുറിപ്പുകൾ പരീക്ഷിച്ചുനോക്കുകയും മികച്ചതാക്കുകയും ചെയ്‌ത നിരവധി ബ്ലോഗർമാർ ഇപ്പോൾ ഗൂഗിൾ അതിവേഗം സൃഷ്‍ടിച്ചെടുക്കുന്ന എഐ സമ്മറികൾ കാരണം കുടുങ്ങിയിരിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഫുഡ് ബ്ലോഗര്‍മാര്‍ പ്രതിസന്ധിയില്‍

ഈസി പീസി ഫുഡി എന്ന ബ്ലോഗ് നടത്തുന്ന എബ് ഗാർഗാനോ തന്‍റെ ടർക്കി, ക്രിസ്‍മസ് കേക്ക് പാചകക്കുറിപ്പുകൾ ഈ സീസണിൽ പ്രതീക്ഷിച്ചത്ര സെർച്ചിംഗ് ഫലങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ലെന്ന് പറഞ്ഞു. എഐ സമ്മറികൾ അവയെ മറികടക്കുന്നു എന്നാണ് എബ് ഗാർഗാനോ പറയുന്നത്. തന്‍റെ ക്രിസ്‌മസ് കേക്കിന്‍റെ എഐ ജനറേറ്റഡ് പതിപ്പിൽ വളരെ പ്രധാനപ്പെട്ട ഒരു പിശക് ഉണ്ടായിരുന്നുവെന്നും അത് ഒരു ചെറിയ കേക്കായിരുന്നിട്ടും ബേക്ക് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ ശുപാർശ ചെയ്‌തതായും ഗാർഗാനോ ആരോപിക്കുന്നു.

ഇത്തരം പിശകുകൾ പാചകക്കുറിപ്പ് നശിപ്പിക്കുക മാത്രമല്ല, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുമെന്ന് എബ് ഗാർഗാനോ പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ തന്റെ വെബ്‌സൈറ്റ് ട്രാഫിക് ഇതിനകം 40 ശതമാനം കുറഞ്ഞുവെന്നും എബ് ഗാർഗാനോ പറയുന്നു. മറ്റ് പല ഭക്ഷ്യ ബ്ലോഗർമാരും സമാനമായ പരാതികൾ പങ്കുവച്ചിട്ടുണ്ട്. ഒന്നിലധികം പാചകക്കുറിപ്പുകളുടെ വ്യത്യസ്‍ത ഭാഗങ്ങൾ കൂട്ടിച്ചേർത്ത് എഐ ആശയക്കുഴപ്പമുണ്ടാക്കുന്നതായും പലപ്പോഴും കൃത്യമല്ലാത്തതുമായ ഫലങ്ങൾ ഉണ്ടാക്കാൻ എഐ ശ്രമിക്കുന്നുവെന്നും പല ബ്ലോഗർമാരും ആരോപിക്കുന്നു. ഇത് പാചകത്തിലെ അപകടസാധ്യതകൾ വർദ്ധിപ്പിക്കുമെന്നും ബ്ലോഗർമാർ പറയുന്നു.

എഐ ജനറേറ്റഡ് ഫോട്ടോകളും സജീവം

അതേസമയം, ഈ പ്രശ്‍നം ഗൂഗിളിൽ മാത്രമായി ഒതുങ്ങുന്നില്ല. പിന്‍റെറെസ്റ്റ്, ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എഐ ജനറേറ്റഡ് ഭക്ഷണ ഫോട്ടോകൾ നിറഞ്ഞിരിക്കുന്നു. ഈ ചിത്രങ്ങൾ ആകർഷകമായി കാണപ്പെടും. പക്ഷേ അവ യഥാർത്ഥ പാചകക്കുറിപ്പുകളുമായി പൊരുത്തപ്പെടുന്നില്ല. ഇത് വായനക്കാർക്ക് കൃത്യവും പരീക്ഷിച്ചതും വിശ്വസനീയവുമായ പാചകക്കുറിപ്പുകളും വിഭവങ്ങളും കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. അതേസമയം തെറ്റായ ഉള്ളടക്കം വേഗത്തിൽ പ്രചരിക്കുന്നു. ഇത് തങ്ങളുടെ ജോലിയുടെ വിശ്വാസ്യതയെയും വ്യാപ്‍തിയെയും ബാധിക്കുന്നുണ്ടെന്നും ഫുഡ് ബ്ലോഗർമാർ പറയുന്നു.

എഐ ജനറേറ്റഡ് ഉള്ളടക്കത്തിന്റെ വർധിച്ചുവരുന്ന സ്വാധീനം ഭക്ഷ്യ ബ്ലോഗർമാരുടെ വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അവരുടെ വ്യൂവർഷിപ്പ് 80 ശതമാനം കുറഞ്ഞുവെന്നും ഇത് അവരുടെ ബിസിനസിന്റെ ചില ഭാഗങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരായെന്നും ഒരു ബ്ലോഗർ റിപ്പോർട്ട് ചെയ്‌തു. ഈ എഐ പ്രവണത തുടർന്നാൽ, ആധികാരികവും മനുഷ്യർ പരീക്ഷിച്ചതുമായ പാചകക്കുറിപ്പുകളിലേക്കുള്ള ആക്‌സസ് കൂടുതൽ കുറയുമെന്നും കൃത്യമല്ലാത്തതും സ്ഥിരീകരിക്കാത്തതുമായ എഐ ഉള്ളടക്കത്തിന്‍റെ ഒരു പ്രളയം തന്നെ സംഭവിക്കുമെന്നും ഫുഡ് ബ്ലോഗർമാർ ആശങ്കപ്പെടുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻസ്റ്റാഗ്രാം പ്രേമികൾക്ക് ആവേശവാർത്ത; റീലുകൾ കാണാൻ ഇനി ഫോൺ വേണമെന്നില്ല, ടിവി മതി! പുതിയ ആപ്പ് പുറത്തിറക്കി
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും