- Home
- Technology
- ചെറിയ തെറ്റ് മതി ബാങ്ക് അക്കൗണ്ട് കാലിയാവാന്‍, യുപിഐ പേയ്‌മെന്‍റ് നടത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ സൂക്ഷിക്കുക
ചെറിയ തെറ്റ് മതി ബാങ്ക് അക്കൗണ്ട് കാലിയാവാന്‍, യുപിഐ പേയ്‌മെന്‍റ് നടത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ സൂക്ഷിക്കുക
സൗകര്യത്തോടൊപ്പം അപകടസാധ്യതയും യുപിഐ പേയ്‌മെന്‍റുകളിലുണ്ട്. ചെറിയൊരു അശ്രദ്ധ നിങ്ങൾ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച പണം നഷ്‍ടമാക്കാൻ ഇടയാക്കും. അതിനാൽ, യുപിഐ പേയ്‌മെന്‍റുകൾ നടത്തുമ്പോൾ നിങ്ങൾ സ്വീകരിക്കേണ്ട പ്രധാന മുൻകരുതലുകളെ കുറിച്ച് വിശദമായി.

1. ഒടിപികൾ ഒരിക്കലും പങ്കിടരുത്
ബാങ്കുകളും യുപിഐ ആപ്പുകളും കോളുകൾ, മെസേജുകൾ അല്ലെങ്കിൽ ഇമെയിലുകൾ വഴി ഒരിക്കലും ഒടിപികൾ ആവശ്യപ്പെടില്ല. ഒരു ഒടിപി പങ്കിടുന്നത് നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ആക്‌സസ് നൽകുന്നു. ആരെങ്കിലും ഒടിപി ആവശ്യപ്പെട്ടാൽ അത് മിക്കവാറും ഒരു തട്ടിപ്പാണ് എന്ന് തിരിച്ചറിയുക.
2. നിങ്ങളുടെ യുപിഐ പിൻ ആരുമായും പങ്കിടരുത്
നിങ്ങളുടെ യുപിഐ പിൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്‍റെ താക്കോലായി പ്രവർത്തിക്കുന്നു. ആരുമായും ഒരിക്കലും ഈ പിൻ നമ്പര്‍ പങ്കിടരുത്. കാരണം ചോർന്ന പിൻ നിങ്ങളുടെ അക്കൗണ്ടിലെ പണം നിമിഷങ്ങൾക്കുള്ളിൽ കാലിയാക്കും.
3. സ്ക്രീൻ ലോക്ക് ചെയ്യാൻ മറക്കരുത്
നിങ്ങളുടെ ആപ്പുകളിൽ എപ്പോഴും ഫിംഗർപ്രിന്‍റ് അല്ലെങ്കിൽ ഫേസ് ലോക്ക് പ്രവർത്തനക്ഷമമാക്കുക. കൂടാതെ, നിങ്ങളുടെ യുപിഐ ആപ്പിൽ ലഭ്യമായ ആപ്പ് ലോക്ക് ഫീച്ചർ ഉപയോഗിക്കുക. ഇത് ആരെങ്കിലും നിങ്ങളുടെ ഫോൺ കൈക്കലാക്കുന്നതും ഇടപാടുകൾ നടത്തുന്നതും തടയും.
4. അറിയാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
വ്യാജ സന്ദേശങ്ങൾ, ഇമെയിലുകൾ, വാട്‌സ്ആപ്പ് ലിങ്കുകൾ എന്നിവയിലൂടെ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഫോണിലേക്ക് മാൽവെയർ കയറ്റിവിടാൻ കഴിയും. അതിനാൽ എത്ര വിശ്വസനീയമായ സന്ദേശമാണെന്ന് തോന്നിയാലും അജ്ഞാതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
5. കസ്റ്റമർ കെയർ നമ്പറുകൾ ഓൺലൈനിൽ തിരയരുത്
വ്യാജ കസ്റ്റമർ സപ്പോർട്ട് നമ്പറുകൾ പലപ്പോഴും തട്ടിപ്പുകാർ ഓൺലൈനിൽ പ്രചരിപ്പിക്കാറുണ്ട്. കസ്റ്റമർ കെയർ കോൺടാക്റ്റ് വിശദാംശങ്ങൾ കണ്ടെത്താൻ എപ്പോഴും ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ ബാങ്കിന്‍റെ വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കുക.
6. സ്‍കാൻ ചെയ്യുന്നതിനു മുമ്പ് ക്യുആർ കോഡ് പരിശോധിക്കുക
ചിലപ്പോൾ തിരക്കിനിടയിൽ നമ്മൾ ക്യുആർ കോഡുകൾ ശരിയായി പരിശോധിക്കാതെ സ്‍കാൻ ചെയ്യുന്നു. ഒരു കടയിൽ ഒരു ക്യുആർ കോഡ് സ്‍കാൻ ചെയ്യുമ്പോൾ, തുകയും സ്വീകർത്താവിന്‍റെ പേരും ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കുക. വ്യാജ ക്യുആർ കോഡുകൾ നിങ്ങളുടെ പണം തെറ്റായ അക്കൗണ്ടിലേക്ക് അയക്കുന്നതിലേക്ക് നയിച്ചേക്കാം.
7. ഇടപാട് പരിധികൾ സജ്ജമാക്കുക
നിങ്ങളുടെ യുപിഐ ആപ്പിൽ പ്രതിദിന ഇടപാട് പരിധി സജ്ജീകരിക്കാം. ആപ്പിന്‍റെ സെറ്റിംഗ്‍സിൽ നിങ്ങൾക്ക് കുറഞ്ഞ പ്രതിദിന പരിധി സജ്ജീകരിക്കാം. ഈ രീതിയിൽ, നിങ്ങളുടെ അക്കൗണ്ടോ ഉപകരണമോ തെറ്റായ കൈകളിൽ അകപ്പെട്ടാലും അവർക്ക് വലിയ തുകകൾ കൈമാറാൻ കഴിയില്ല.
8. ഔദ്യോഗിക സ്റ്റോറുകളിൽ നിന്ന് യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക
എപ്പോഴും ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾ ജിപേ, ഫോൺപേ, ഭീം പോലുള്ള ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ഉപയോക്താക്കൾ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും മാത്രം ഡൗൺലോഡ് ചെയ്യുക.
9. ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ പതിവായി പരിശോധിക്കുക
ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ ഇടയ്‌ക്കിടയ്‌ക്ക് നിരീക്ഷിക്കുന്നത് സംശയാസ്‌പദമായ ഇടപാടുകൾ നേരത്തേ കണ്ടെത്താൻ സഹായിക്കുന്നു. ഒരു ചെറിയ അനധികൃത ഡെബിറ്റ് പോലും വലിയ തട്ടിപ്പ് ശ്രമത്തിന്‍റെ സൂചനയാകാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

