ഗ്രോക്ക് എഐ ദുരുപയോഗം ചെയ്‌ത് സ്‌ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ അശ്ലീല ചിത്രങ്ങളാക്കുന്നു, വ്യാപക പ്രതിഷേധം

Published : Jan 01, 2026, 12:45 PM IST
Grok logo (Image/@grok)

Synopsis

സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റാൻ ഉപയോക്താക്കൾ ഗ്രോക്ക് എഐയെ ദുരുപയോഗം ചെയ്യുന്നു, ആഗോളതലത്തില്‍ പ്രതിഷേധം ശക്തം. 

കാലിഫോര്‍ണിയ: ഉപയോക്താക്കളെ ഗ്രോക്ക് എഐ സ്‌ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ലൈംഗിക ഉള്ളടക്കങ്ങളാക്കി മാറ്റാന്‍ അനുവദിക്കുന്നതില്‍ എക്‌സ് പ്ലാറ്റ്‌ഫോമിനെതിരെ ആഗോള പ്രതിഷേധം ശക്തം. ഗ്രോക്ക് ദുരുപയോഗം ചെയ്‌ത് സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകൾ അശ്ലീല ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സില്‍ വ്യാപകമായതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ലൈംഗിക ഉള്ളടക്കങ്ങള്‍ സൃഷ്‌ടിക്കാനും വ്യക്തികളെ തേജോവധം ചെയ്യാനും എഐയെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുള്ള ആഗോള ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഈ സംഭവം.

എഐ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു

സാധാരണ ഫോട്ടോകളെ ഗ്രോക്ക് എഐ ഉപയോഗിച്ച് അശ്ലീലവും അധിക്ഷേപകരവുമായ ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എക്‌സില്‍ വ്യാപകമായി തുടങ്ങിയത്. പുതുവത്സരദിനത്തില്‍ ഈ അപകടകരമായ ട്രെന്‍ഡ് കൂടുതല്‍ വ്യാപകമായി. എക്‌സ് ഉപയോക്താക്കള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും സാധാരണ ചിത്രങ്ങള്‍ ഗ്രോക്കില്‍ അപ്‌ലോഡ് ചെയ്‌ത ശേഷം നേരിട്ട് പ്രോംപ്റ്റുകള്‍ നല്‍കിയാണ് ഇവ നിര്‍മ്മിച്ചത്. ഇത്തരം ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. സ്‌ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെയും അവകാശങ്ങളെയും കുറിച്ച് ആഗോളതലത്തില്‍ വലിയ ചോദ്യങ്ങളുയര്‍ത്തി ഈ ദാരുണ സംഭവം. ആളുകളെ അപമാനിക്കാനും തേജോവധം ചെയ്യാനും പലരും ഇത്തരം എഐ നിര്‍മ്മിത ചിത്രങ്ങള്‍ ഉപയോഗിച്ചത് പ്രശ്‌നത്തിന്‍റെ തീവ്രത ചൂണ്ടിക്കാട്ടുന്നു.

എക്‌സിനെതിരെ വ്യാപക പ്രതിഷേധം

ഗ്രോക്ക് എഐ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ഉടന്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വനിതാ അവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രശ്‌നത്തില്‍ എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് അടിയന്തരമായി ഇടപെടണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതേത്തുടര്‍ന്ന് ഗ്രോക്ക് മീഡിയ ഫീച്ചര്‍ എക്‌സ് മറച്ചെങ്കിലും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെടുന്നതും ഷെയര്‍ ചെയ്യപ്പെടുന്നതും തടസ്സമില്ലാതെ തുടര്‍ന്നതായി സിഎന്‍ബിസിടിവി18-ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ ചിത്രങ്ങള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിലും പരാജയപ്പെടുന്ന എക്‌സ് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ഗ്രോക്ക് എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന ഈ സങ്കീര്‍ണ പ്രശ്‌നം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈനില്‍ സുഹൃത്തുക്കളെയും എതിരാളികളെയും ട്രോളുന്നതിനും അപ്പുറം വലിയ സൈബര്‍ ഭീഷണിയാണ് ഇത്തരം എഐ ചിത്രങ്ങള്‍ എന്ന് സൈബര്‍ വിദഗ്‌ധര്‍ പറയുന്നു. ഇത്തരത്തില്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ഇരകളെ മാനസികാഘാതത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വനിതാ എക്‌സ് യൂസര്‍മാര്‍ പലരും അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോകള്‍ നീക്കം ചെയ്യുന്നതായും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ടന്‍റ് ക്രിയേറ്റര്‍മാരുടെ അടുത്ത തട്ടകം എക്‌സ്? യൂട്യൂബിനേക്കാള്‍ പ്രതിഫലം നല്‍കുമെന്ന സൂചനയുമായി മസ്‌ക്
200എംപി ക്യാമറ, 10080 എംഎഎച്ച് ബാറ്ററി; 2026 ജനുവരി മാസം പുറത്തിറങ്ങുന്ന സ്‌മാര്‍ട്ട്‌ഫോണുകളുടെ പട്ടിക