ഒരേ സ്വഭാവമുള്ള റീലുകള്‍ പരസ്‌പരം ലിങ്ക് ചെയ്‌ത് പരമ്പരയാക്കാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

Published : Aug 24, 2025, 04:36 PM IST
instagram hacks

Synopsis

ഒന്നിലധികം റീലുകൾ പരസ്‌പരം ലിങ്ക് ചെയ്യാൻ കഴിയുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് മാത്രമല്ല, കാഴ്‌ചക്കാര്‍ക്കും പുത്തന്‍ ഫീച്ചര്‍ ഉപകാരപ്പെടും. 

കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ ഒന്നിലധികം റീലുകൾ ലിങ്ക് ചെയ്യാൻ അനുവദിക്കുന്ന 'സീരീസ്' ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ഈ ഫീച്ചർ ഉപയോഗിച്ച് ഒന്നിലധികം റീല്‍ വീഡിയോകള്‍ പരസ്‌പരം കോര്‍ത്തിണക്കി ഒരു സീരീസ് ആയി അവതരിപ്പിക്കാനാകും. കാഴ്‌ചക്കാർക്ക് റീലുകളുടെ അനുബന്ധ കണ്ടന്‍റുകൾ പിന്തുടരുന്നതും കണ്ടെത്തുന്നതും എളുപ്പമാക്കുക എന്നതാണ് ഈ അപ്‌ഡേറ്റിലൂടെ ഇൻസ്റ്റഗ്രാം ലക്ഷ്യമിടുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകരെ കൂടുതൽ നേരം നിലനിർത്തുന്നതിനുമുള്ള ഇൻസ്റ്റഗ്രാമിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. കണ്ടന്‍റ് ക്രിയേറ്ററുടെ ഫീഡിലൂടെ സ്ക്രോൾ ചെയ്യാതെ തന്നെ സീരീസുകളുടെ ട്രാക്ക് സൂക്ഷിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.

ചില ക്രിയേറ്റര്‍മാര്‍ പരമ്പരയായി റീല്‍ വീഡിയോകള്‍ ചെയ്യാറുണ്ട്. എന്നാല്‍ നിലവില്‍ ഒരു സീരിസില്‍പ്പെട്ട റീല്‍ വീഡിയോകള്‍ ഏതെന്ന് എളുപ്പം കണ്ടെത്തുക പ്രയാസമാണ്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഒരു പരമ്പരയില്‍ പെട്ട വീഡിയോകള്‍ പരസ്‌പരം ബന്ധിപ്പിക്കാന്‍ സാധിക്കും. കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് റീലുകളെ അതിന്‍റെ പശ്‌ചാത്തലം, വിഷയം തുടങ്ങിയവയെ അടിസ്ഥാനമാക്കി മറ്റൊന്നിലേക്ക് ലിങ്ക് ചെയ്യാം. പുതിയ റീലുകളിലും സുഹൃത്തുക്കളുമായും ഫോളോവേഴ്‌സുമായും ഇതിനകം ഷെയർ ചെയ്‌ത റീലുകളിലും ലിങ്കിംഗ് സംവിധാനം പ്രയോജനപ്പെടുത്താം. എന്നാൽ സബ്‌സ്‌ക്രൈബർ ഓൺലി റീലുകളെ ലിങ്ക് ചെയ്യാൻ പുതിയ ഫീച്ചര്‍ വഴി സാധിക്കില്ല.

ഒരു റീൽ എങ്ങനെ ലിങ്ക് ചെയ്യാം?

1. റീലിന്‍റെ ക്യാപ്ഷൻ ബോക്‌സിന് താഴെ റീൽ ലിങ്ക് ചെയ്യാനുള്ള ഒരു ഓപ്ഷൻ പ്രത്യക്ഷപ്പെടും. ഒരു റീൽ ലിങ്ക് ചെയ്യാൻ അതിൽ ടാപ്പ് ചെയ്യുക.

2. നിങ്ങൾ ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന റീൽ തിരഞ്ഞെടുക്കുക. ഒരു സമയം ഒരു റീൽ മാത്രമേ തിരഞ്ഞെടുക്കാവൂ.

3. നിങ്ങളുടെ ലിങ്ക് ചെയ്‌ത റീലിന് ഒരു ടൈറ്റിൽ നൽകുക. ലിങ്ക് ചെയ്‌തിരിക്കുന്ന റീലിൽ മാത്രമേ ഈ റീലിന്‍റെ ടൈറ്റിൽ പ്രദർശിപ്പിക്കുകയുള്ളൂ. എപ്പോൾ വേണമെങ്കിലും ടൈറ്റിൽ മാറ്റാനോ നീക്കം ചെയ്യാനോ കഴിയും. ശ്രദ്ധിക്കുക നിങ്ങളുടെ റീലിന്റെ ടൈറ്റിൽ 15 വാക്കുകളിൽ കൂടുതൽ ഉണ്ടായിരിക്കണം.

4. ഓക്കെ അമർത്തുക, തുടർന്ന് ഷെയർ ചെയ്യുക.

ഒരു ക്രിയേറ്റര്‍ റീലുകള്‍ പരസ്‌പരം ബന്ധിപ്പിച്ചുകഴിഞ്ഞാല്‍ വീഡിയോയുടെ താഴെയായി ഇടതുവശത്ത് പുതിയൊരു നാവിഗേഷന്‍ ബട്ടണ്‍ കാണാനാകും. അതില്‍ ക്ലിക്ക് ചെയ്‌താല്‍ ആ പരമ്പരയില്‍പ്പെട്ട അടുത്ത റീല്‍ കാണാന്‍ സാധിക്കും.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്