പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിനെ 'സപ്ലൈ ചെയിൻ റിസ്‍ക്' ആയി പ്രഖ്യാപിച്ച് യുഎസ് പ്രതിരോധ വകുപ്പായ പെന്‍റഗൺ വിലക്കി. സൈനിക ആവശ്യങ്ങൾക്ക് ക്ലോഡ് എഐ മോഡൽ ഉപയോഗിക്കുന്നതിലെ നയപരമായ ഭിന്നതകളാണ് ഇതിന് കാരണം. ഇതേത്തുടർന്ന് പെന്‍റഗണും ആന്ത്രോപിക്കും തമ്മിൽ നിയമയുദ്ധം നടക്കുകയാണ്, പെന്‍റഗൺ ഓപ്പൺഎഐയുടെ സാങ്കേതികവിദ്യയിലേക്ക് മാറാൻ ഒരുങ്ങുന്നു.
കാലിഫോര്‍ണിയ: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) കമ്പനിയായ ആന്ത്രോപിക്ക് വികസിപ്പിച്ച ക്ലോഡ് എഐ മോഡൽ യുഎസ് സൈനിക സംവിധാനങ്ങളിൽ നിന്ന് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്‍റഗൺ അടുത്തിടെ ഒഴിവാക്കിയിരുന്നു. ആന്ത്രോപിക്കിനെ വിതരണ അപകടസാധ്യത അഥവാ 'സപ്ലൈ ചെയിൻ റിസ്‍ക്'(supply chain risk) ആയി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പെന്‍റഗണിന്‍റെ ഈ തീരുമാനം. ഇതിന്‍മേല്‍ പെന്‍റഗണും ആന്ത്രോപിക്കും തമ്മില്‍ നിയമയുദ്ധം നടന്നുവരികയാണ്. ആന്ത്രോപിക്കിനെ വിലക്കിയതിന് പിന്നിലെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് യുഎസ് പ്രതിരോധ വകുപ്പ്.
ക്ലോഡ് എന്തിന് പെന്‍റഗണ്‍ വിലക്കി?
ആന്ത്രോപിക്ക് വികസിപ്പിച്ച ക്ലോഡ് എഐ മോഡലിൽ പെന്‍റഗണിന്‍റെ നയങ്ങളിൽ നിന്ന് വ്യത്യസ്‍തമായ പോളിസി പ്രിഫറൻസ് ഉൾപ്പെട്ടിട്ടുണ്ട് എന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് ഉപസെക്രട്ടറിയായ എമിൽ മൈക്കൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ വ്യത്യാസം സൈനിക സപ്ലൈ ചെയിനിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും അദേഹം ചൂണ്ടിക്കാട്ടി. ആന്ത്രോപിക്കിന്‍റെ ആഭ്യന്തര നയങ്ങളും നിയന്ത്രണങ്ങളും സൈനിക ആവശ്യങ്ങൾക്ക് അനുസൃതമല്ലെങ്കിൽ യുദ്ധസാഹചര്യങ്ങളിൽ എഐ മോഡലിന്‍റെ പ്രവർത്തനക്ഷമത കുറയാനിടയുണ്ടെന്ന് മൈക്കൽ പറഞ്ഞു.
എഐ മോഡലുകൾ എല്ലാ നിയമപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുവാദം വേണമെന്ന് അമേരിക്കൻ സൈന്യം ആന്ത്രോപിക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആന്ത്രോപിക്ക് ചില ഉപയോഗങ്ങളിൽ യുഎസ് സേനയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രത്യേകിച്ച് വലിയ തോതിലുള്ള ആഭ്യന്തര നിരീക്ഷണത്തിനും സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതിനും ക്ലോഡ് ഉപയോഗിക്കാനാവില്ലെന്നായിരുന്നു ആന്ത്രോപിക്കിന്‍റെ നിലപാട്. ഇതേത്തുടര്‍ന്നാണ് ആന്ത്രോപിക് കമ്പനിയെ 'സപ്ലൈ ചെയിൻ റിസ്‍ക്' ആയി പെന്‍റഗൺ പ്രഖ്യാപിച്ചത്.
സാധാരണയായി ഈ അപകടസാധ്യതാ ലേബൽ വിദേശ എതിരാളികളായ കമ്പനികൾക്ക് അമേരിക്കൻ സർക്കാർ നൽകുന്നതാണ്. ഉദാഹരണത്തിന് ചൈനയിലെ വാവെയ് പോലുള്ള കമ്പനികൾക്ക് ഇത്തരം അപകട ലേബൽ നൽകിയിരുന്നു. അതുകൊണ്ടുതന്നെ ആന്ത്രോപിക്ക് പോലുള്ള ഒരു അമേരിക്കൻ കമ്പനിക്ക് എതിരെ തന്നെ യുഎസ് സർക്കാർ ഈ നിലപാട് സ്വീകരിച്ച് വലിയ വിവാദം ഉയർത്തുന്നു.
പെന്‍റഗണിന്‍റെ നടപടിക്കെതിരെ ആന്ത്രോപിക്ക് ഫയല്‍ ചെയ്‌ത കേസ് കോടതിയുടെ പരിഗണനയിലാണ്. പെന്‍റഗണിന്‍റെ ഈ തീരുമാനം അഭൂതപൂർവവും നിയമവിരുദ്ധവുമാണ് എന്ന് കമ്പനി ആരോപിക്കുന്നു. ഇതുമൂലം തങ്ങൾക്ക് നൂറുകണക്കിന് മില്യൺ ഡോളർ വിലവരുന്ന കരാറുകൾ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആന്ത്രോപിക്കിന്‍റെ വാദം. പാലന്തിർ (Palantir) വികസിപ്പിച്ച മാവൻ സ്‌മാർട്ട് സിസ്റ്റം (Maven Smart System) എന്ന സംവിധാനത്തിൽ ക്ലോഡിനെ പെന്‍റഗണ്‍ ഉൾപ്പെടുത്തിയിരുന്നു. സൈനിക ഓപ്പറേഷനുകളിൽ ലക്ഷ്യങ്ങൾ തത്സമയം കണ്ടെത്താനും തെരഞ്ഞെടുക്കാനും ഈ സംവിധാനം സഹായിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആന്ത്രോപിക്കിന്‍റെ സാങ്കേതിക വിദ്യ പൂർണമായും മാറ്റാൻ പെന്‍റഗൺ ആറുമാസത്തെ ട്രാൻസിഷൻ കാലയളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഓപ്പൺഎഐയുടെ സാങ്കേതിക വിദ്യയിലേക്ക് മാറാനാണ് പദ്ധതി.
വിവാദങ്ങള്‍ക്കിടെ പൊതുജനങ്ങളിൽ നിന്ന് ആന്ത്രോപിക്കിന് പിന്തുണ ഉയർന്നിട്ടുണ്ട്. വിവാദത്തിന് പിന്നാലെ ക്ലോഡ് ആപ്പിന്‍റെ ഡൗൺലോഡുകൾ വലിയ തോതിൽ വർധിക്കുകയും അമേരിക്കയിലെ ആപ്പിൾ സ്റ്റോറിൽ മുൻനിരയിൽ എത്തുകയും ചെയ്തു. പെന്‍റഗണുമായുള്ള ഓപ്പൺഎഐയുടെ കരാറിനെത്തുടർന്ന് പലരും ക്ലോഡിന് അനുകൂലമായി ചാറ്റ്ജിപിടി ഉപേക്ഷിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.



