ഭൂമിയിൽ നിന്ന് 11,000 പ്രകാശവർഷം അകലെ Gaia20ehk എന്ന നക്ഷത്രത്തിന് ചുറ്റും രണ്ട് ഗ്രഹങ്ങൾ കൂട്ടിയിടിച്ചതിന്‍റെ തെളിവുകൾ ഗവേഷകർ കണ്ടെത്തി. നക്ഷത്രത്തിന്‍റെ പ്രകാശത്തിലുണ്ടായ വ്യതിയാനങ്ങളും ഇൻഫ്രാറെഡ് വികിരണത്തിലെ വർധനവുമാണ് കണ്ടെത്തലിലേക്ക് നയിച്ചത്. 

ബഹിരാകാശ ശാസ്ത്ര രംഗത്ത് വലിയ കൗതുകമുണർത്തുന്ന കണ്ടെത്തലുമായി ഗവേഷകർ. ഭൂമിയിൽ നിന്ന് ഏകദേശം 11,000 പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രത്തിന് ചുറ്റും രണ്ട് ഗ്രഹങ്ങൾ തമ്മിൽ ശക്തമായി കൂട്ടിയിടിച്ചതിന്‍റെ തെളിവുകളാണ് ഗവേഷകർ കണ്ടെത്തിയത്. ഈ കണ്ടെത്തലുകൾ നമ്മുടെ വാസസ്ഥലമായ ഭൂമിയുടെയും ഉപഗ്രഹമായ ചന്ദ്രന്‍റെയും രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍ കൂടുതല്‍ വ്യക്തത കൊണ്ടുവന്നേക്കുമെന്ന് മാർച്ച് 11-ന് ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഗവേഷകർ വ്യക്തമാക്കുന്നതായി ലൈവ് സയൻസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

ഗ്രഹങ്ങളുടെ കൂട്ടിയിടിയും പ്രതീക്ഷകളും

Gaia20ehk എന്ന നക്ഷത്രത്തിന്‍റെ ചുറ്റുപാടിലാണ് ഈ സംഭവം നടന്നതെന്നാണ് കരുതുന്നത്. പ്യൂപ്പിസ് (Puppis) എന്ന നക്ഷത്രരാശിക്ക് സമീപമുള്ള ഈ നക്ഷത്രത്തിന്‍റെ പ്രകാശത്തിൽ ഉണ്ടായ അസാധാരണ മാറ്റങ്ങളാണ് ആദ്യം ശാസ്ത്രജ്ഞരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സാധാരണയായി സ്ഥിരതയുള്ളതായി കാണപ്പെടുന്ന ഈ നക്ഷത്രത്തിന്‍റെ പ്രകാശം കുറച്ച് വർഷങ്ങൾക്ക് മുമ്പ് പെട്ടെന്ന് കുറഞ്ഞതും തുടർന്ന് അതിന്‍റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതുമാണ് ഗവേഷണത്തിന് വഴിയൊരുക്കിയത്.

ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, 2016 വരെ ഈ നക്ഷത്രത്തിന്‍റെ പ്രകാശത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 2016-ൽ മൂന്നു തവണ ചെറിയ തോതിൽ പ്രകാശം കുറയുന്ന സംഭവങ്ങൾ നിരീക്ഷിക്കപ്പെട്ടു. പിന്നീട് 2021-ഓടെ ഈ നക്ഷത്രത്തിന്‍റെ പ്രകാശവ്യതിയാനങ്ങൾ വളരെ അസാധാരണമായി മാറി. ഖഗോളശാസ്ത്രത്തിൽ ഇത് “ലൈറ്റ് കർവ്” എന്ന് അറിയപ്പെടുന്ന രീതിയിൽ വലിയ വ്യതിയാനങ്ങൾ കാണിച്ചതായി റിപ്പോർട്ടുണ്ട്.

തുടർന്നുള്ള ഇൻഫ്രാറെഡ് നിരീക്ഷണങ്ങളിൽ, ദൃശ്യപ്രകാശം കുറയുന്ന സമയത്ത് അതീവ ശക്തമായ ചൂട് പുറത്തുവന്നതായി കണ്ടെത്തി. ഇതിന് കാരണം, ഒരു വലിയ കൂട്ടിയിടിയുടെ ഫലമായി രൂപപ്പെട്ട അത്യന്തം ചൂടുള്ള ധൂളി-അവശിഷ്‌ട മേഘം ആയിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഈ അവശിഷ്‌ടങ്ങൾ രണ്ട് ഗ്രഹങ്ങൾ തമ്മിൽ ഉണ്ടായ ഭീമൻ കൂട്ടിയിടിയിൽ നിന്നുണ്ടായതായിരിക്കാമെന്ന് അവർ കരുതുന്നു.

ദൃശ്യപ്രകാശം മങ്ങുകയും തിളക്കത്തിൽ വ്യതിയാനം ഉണ്ടാകുകയും ചെയ്യുന്ന സമയത്ത് ഇൻഫ്രാറെഡ് വികിരണം പെട്ടെന്ന് ഉയർന്നത്, നക്ഷത്രത്തെ മറയ്ക്കുന്ന അവശിഷ്‌ടങ്ങൾ അതീവ ചൂടുള്ളതാണെന്നതിന് വ്യക്തമായ തെളിവാണെന്ന് ഗവേഷണ സംഘത്തിലെ ശാസ്ത്രജ്ഞനായ അനസ്‌താസിയോസ് സാനിഡാകിസ് പറഞ്ഞു. ആദ്യം ഈ രണ്ട് ഗ്രഹങ്ങൾ തമ്മിൽ ‘തൊട്ടുപോകുന്ന’ വിധത്തിൽ ചെറുതായി ഉരസിയിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. തുടർന്ന് അവ ഭീകരമായി പരസ്‍പരം ഇടിച്ചുകയറിയതോടെ ഒരു വലിയ ചൂടേറിയ അവശിഷ്‍ട മേഘം രൂപപ്പെട്ടിരിക്കാം. ധൂമകേതുക്കളുടെ അവശിഷ്‌ടങ്ങൾ പോലുള്ള മറ്റ് സിദ്ധാന്തങ്ങൾ ഇത്രയും ഉയർന്ന ചൂട് വിശദീകരിക്കാൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു.

നക്ഷത്ര കൂട്ടിയിടികള്‍ തിരിച്ചറിയുന്നത് അപൂര്‍വം

ഇത്തരത്തിലുള്ള ഗ്രഹ കൂട്ടിയിടികൾ സാധാരണയായി നക്ഷത്ര സമൂഹങ്ങളുടെ ആരംഭഘട്ടത്തിൽ കൂടുതലായി സംഭവിക്കാറുണ്ടെങ്കിലും അവ നേരിട്ട് നിരീക്ഷിക്കാൻ കഴിയുന്നത് വളരെ അപൂർവമാണ്. ഇപ്പോൾ രൂപപ്പെട്ട ഈ അവശിഷ്‌ട മേഘം നക്ഷത്രത്തിൽ നിന്ന് ഏകദേശം ഒരു ആസ്ട്രണോമിക്കൽ യൂണിറ്റ് ദൂരത്ത് ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ലക്ഷക്കണക്കിന് വർഷങ്ങൾക്കുശേഷം ഇത് തണുത്ത് കൂടിച്ചേരാനും ചന്ദ്രനെപ്പോലുള്ള ഒരു പുതിയ ആകാശവസ്‌തുവായി രൂപപ്പെടാനും സാധ്യതയുണ്ട്.

ഈ സംഭവം ഭൂമിയും ചന്ദ്രനും രൂപപ്പെട്ടതായി കരുതുന്ന വമ്പൻ കൂട്ടിയിടിയോട് സാമ്യമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതായത് നമ്മുടെ ചന്ദ്രന്‍റെ രൂപീകരണത്തിനും ഇതുപോലൊരു വൻ കൂട്ടിയിടിയാണ് കാരണം. ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയുമായി ഒരു വലിയ ഗ്രഹം ഇടിച്ചപ്പോൾ അവശിഷ്‍ടങ്ങളിൽ നിന്നാണ് ചന്ദ്രൻ രൂപപ്പെട്ടത് എന്നാണ് നിലവിലെ പ്രധാന സിദ്ധാന്തം. ഭാവിയിൽ കൂടുതൽ ശക്തമായ ദൂരദർശിനികൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള ഗ്രഹസംഘർഷങ്ങൾ കൂടുതൽ കണ്ടെത്താൻ സാധിക്കും എന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. അത്തരത്തിലുള്ള കണ്ടെത്തലുകൾ ബഹിരാകാശത്തിലെ ഗ്രഹങ്ങളുടെ രൂപീകരണവും ജീവിക്കാൻ അനുയോലോകങ്ങളുടെ ഉത്ഭവവും മനസിലാക്കാൻ സഹായകരമാകും. ഭാവിയിൽ വലിയ സർവേ പദ്ധതികൾ ഇത്തരം ഗ്രഹ കൂട്ടിയിടികൾ കൂടുതൽ കണ്ടെത്താൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming