
ദില്ലി: ഗൂഗിളിൽ ജോലി ലഭിക്കുക എന്നത് പല ടെക്കികളുടെയും കരിയറിലെ ഏറ്റവും വലിയ സ്വപ്‍നങ്ങളിൽ ഒന്നായിരിക്കും. പ്രത്യേകിച്ചും ഇന്ത്യൻ ടെക്കികൾ ഗൂഗിളിലെ ജോലിയെ ജീവിത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി കാണുന്നു. എന്നാൽ റെഡ്ഡിറ്റിലെ ഒരു പ്രൊഡക്‌ട് മാനേജരുടെ തുറന്നുപറച്ചിൽ ഗൂഗിളിൽ ജോലി തേടിയുള്ള യാത്ര എത്രത്തോളം കഠിനവും ക്ഷീണിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കുന്നു. മാസങ്ങളോളം അക്ഷീണം പരിശ്രമിച്ചിട്ടും ഗൂഗിളിൽ നിന്നും ആവർത്തിച്ചുള്ള നിരസിക്കലുകൾ നേരിട്ടതിനെത്തുടർന്ന് തന്‍റെ ഗൂഗിൾ സ്വപ്‌നം ഉപേക്ഷിക്കാൻ തീരുമാനിച്ച സങ്കടകഥ ഒരു അജ്ഞാത ടെക്കി റെഡ്ഡിറ്റിൽ പങ്കുവെച്ചു. ഈ പോസ്റ്റ് ഇപ്പോൾ വൈറലാണ്.
ഫിൻടെക്കിൽ 4.5 വർഷത്തെ പരിചയവും ടയർ-1 എംബിഎയും ടയർ-2 എഞ്ചിനീയറിംഗ് പശ്ചാത്തലവുമുള്ള ഒരു പ്രൊഡക്‌ട് മാനേജർ എന്ന് സ്വയം വിശേഷിപ്പിച്ച ഈ ഉപയോക്താവ്, ഒരുലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരുള്ള ഒരു കണ്ടന്‍റ് ക്രിയേറ്റർ കൂടിയാണ് താൻ എന്നും പറയുന്നു. നാല് മാസങ്ങള്‍ക്കിടെ 'ഗൂഗിൾ ഇന്ത്യയിൽ' കുറഞ്ഞത് എട്ട് തവണയെങ്കിലും താൻ ജോലിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും ടെക്കി കുറിച്ചു. മാത്രമല്ല സാധാരണ അപേക്ഷാ പ്രക്രിയയ്ക്ക് അപ്പുറമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമങ്ങൾ. തന്‍റെ ബയോഡാറ്റ എടിഎസ് (അപേക്ഷക ട്രാക്കിംഗ് സിസ്റ്റം) ഒപ്റ്റിമൈസ് ചെയ്‌തിട്ടുണ്ടെന്നും ഓരോ തവണയും ഒരു കസ്റ്റം കവർ ലെറ്റർ നൽകിയിരുന്നെന്നും അദേഹം പറയുന്നു. നിർദ്ദിഷ്‍ട റോളുകൾക്ക് അനുയോജ്യമായ മോക്ക്അപ്പുകളും രേഖകളും നിയമന മാനേജർമാരുമായി പങ്കിടുകയും ചെയ്‌തുവെന്നും അദേഹം പറയുന്നു. മാത്രമല്ല ഗൂഗിളിൽ ഇതിനകം ജോലി ചെയ്യുന്ന സുഹൃത്തുക്കളിൽ നിന്ന് ആന്തരിക റഫറലുകൾ തേടുന്നതിനു പുറമേ ഇമെയിൽ, ലിങ്ക്ഡ്ഇൻ, വാട്‌സ്ആപ്പ് എന്നിവയിലൂടെ 40-ൽ അധികം തവണ താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ ടെക്കി വെളിപ്പെടുത്തി. എന്നാൽ ഓരോ ശ്രമവും പരാജയപ്പെട്ടെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. നിരാശനായ അദേഹം തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്:
വളരെപ്പെട്ടെന്ന് വൈറലായ ഈ പോസ്റ്റിന് റെഡ്ഡിറ്റ് ഉപയോക്താക്കൾ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചു. പലരും ടെക്കിയോട് സഹതാപം പ്രകടിപ്പിച്ചു. എന്നാൽ ചിലർ, ഒരു കമ്പനിയെ മാത്രം പിന്തുടരുന്നതിനുപകരം വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളിലോ മറ്റ് ആഗോള ടെക്ക് സ്ഥാപനങ്ങളിലോ അവസരങ്ങൾ തേടാൻ ടെക്കിയോട് നിർദ്ദേശിച്ചു. ജോലിക്കായുള്ള അപേക്ഷ നിരസിക്കൽ പലപ്പോഴും കഴിവിന്‍റെ കുറവല്ലെന്നും മറിച്ച് മത്സരം കാരണമാണെന്നും ചിലർ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അതേസമയം ഗൂഗിൾ, മെറ്റ, ആപ്പിൾ തുടങ്ങിയ ആഗോള ടെക് ഭീമന്മാരിലേക്ക് കടന്നുചെല്ലുന്നത് കടുത്ത മത്സരബുദ്ധി അനിവാര്യമായ കാര്യമാണെന്ന് മറ്റു ചിലർ പറയുന്നു. ഒരു തസ്‍തികയിലേക്ക് തന്നെ ആയിരക്കണക്കിന് അപേക്ഷകൾ റിക്രൂട്ടർമാർ പലപ്പോഴും പരിശോധിക്കാറുണ്ടെന്നും ഒന്നിലധികം റൗണ്ട് അഭിമുഖങ്ങളിൽ സാങ്കേതിക കഴിവുകൾ, പ്രശ്‍നപരിഹാരം, നേതൃത്വം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ചിലർ എഴുതുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം