15000 തൊഴിലാളികളെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്, കമ്പനിയില്‍ അവശേഷിക്കുന്നവര്‍ക്ക് ഒരു ഉപദേശവും!

Published : Jul 12, 2025, 03:31 PM ISTUpdated : Jul 12, 2025, 03:35 PM IST
Microsoft

Synopsis

2025ല്‍ രണ്ട് ഘട്ടമായി 15,000 തൊഴിലാളികളെയാണ് അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഒഴിവാക്കിയത്

കാലിഫോര്‍ണിയ: ഈ വര്‍ഷം (2025) ഇതുവരെ അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് 15,000 തൊഴിലാളികളെ. കൂടുതല്‍ തൊഴില്‍ നഷ്ടം ഒഴിവാക്കാന്‍ എഐ കഴിവുകള്‍ തേച്ചുമിനുക്കാന്‍ അവശേഷിക്കുന്ന ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് എന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കഴിവുകള്‍ ഉപയോഗിക്കാതെ കമ്പനിയില്‍ പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് മുന്നറിയിപ്പ്. 

2025ല്‍ ടെക് ലോകത്ത് ഏറ്റവുമധികം പേരെ പിരിച്ചുവിട്ട കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റ്. ഇനിയുമൊരു പിരിച്ചുവിടല്‍ ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ നിര്‍ബന്ധമായും എഐ രംഗത്ത് പ്രാവീണ്യമുള്ളവരായിരിക്കണം, എഐ മികവ് ഒരു അധിക കഴിവ് മാത്രമായല്ല ഇനി മുതല്‍ കണക്കാക്കുക. കമ്പനിയുടെ ഏത് ഉയര്‍ന്ന ചുമതലയിലുള്ളയാളായാലും, എത്ര മുതിര്‍ന്ന ജീവനക്കാരനായാലും ദൈനംദിന ജോലികളില്‍ എഐ പ്രായോഗികമായി ഉപയോഗിക്കാന്‍ അറിവുള്ളവരായിരിക്കണമെന്ന് ജീവനക്കാര്‍ക്കായി മൈക്രോസോഫ്റ്റ് പങ്കുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.

മൈക്രോസോഫ്റ്റില്‍ ജീവനക്കാരുടെ മികവ് അളക്കാനുള്ള പ്രധാന അളവുകോലുകളിലൊന്നായും എഐ മാറും. ജീവനക്കാരുടെ പെര്‍ഫോമന്‍സ് അളക്കാനുള്ള നിര്‍ണായക ഘടകമായി എഐ ഉപയോഗം പരിഗണിക്കുമെന്ന് മൈക്രോസോഫ്റ്റിന്‍റെ ഡവലപ്പര്‍ ഡിവിഷന്‍ തലവന്‍ ജൂലിയ ലൂയിസണ്‍ മാനേജര്‍മാരെ അറിയിച്ചു. മൈക്രോസോഫ്റ്റില്‍ എഐ ജ്ഞാനം ജീവനക്കാരുടെ ചുമതലയും ഭാവിയും തീരുമാനിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ വമ്പന്‍ പദ്ധതികളിലാണ് മൈക്രോസോഫ്റ്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വർഷം എഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനായി മൈക്രോസോഫ്റ്റ് 80 ബില്യൺ ഡോളറിന്‍റെ വൻ നിക്ഷേപം നടത്തുന്നു. ഇതോടെ മറ്റ് മേഖലകളില്‍ കമ്പനി ചിലവ് ചുരുക്കല്‍ നടത്തുന്നത് തൊഴില്‍ നഷ്ടത്തിന് വഴിവെക്കുന്നു.

ഏകദേശം 9,000 ജീവനക്കാരെ ബാധിക്കുന്ന പിരിച്ചുവിടലാണ് ഒടുവിലായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ളതില്‍ നാല് ശതമാനം തൊഴിലാളികളെ പറഞ്ഞുവിടുന്നതായാണ് കമ്പനിയുടെ അറിയിപ്പ്. മൈക്രോസോഫ്റ്റിന്‍റെ ഗെയിം ഡിവിഷനില്‍ ഉള്‍പ്പടെ ഈ പിരിച്ചുവിടലുണ്ടാകും എന്നുറപ്പായിരുന്നു. മെയ് മാസത്തില്‍ 6,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പുറമെയാണിത്. ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റ്. ലോകമെമ്പാടും 228,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റിനുണ്ടെന്നാണ് 2024 ജൂണില്‍ പുറത്തുവന്ന കണക്ക്. എഐയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി ഗൂഗിള്‍, മെറ്റ, ആമസോണ്‍ അടക്കമുള്ള മറ്റ് ടെക് ഭീമന്‍മാരും തൊഴിലാളികളെ പിരിച്ചുവിടന്ന പാതയിലാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം