
മുംബൈ: രാജ്യത്തെ ടെലികോം നിരക്കുകൾ വീണ്ടും കൂടാൻ സാധ്യത. 2026 ജൂലൈ മാസത്തോടെ രാജ്യത്തെ ടെലികോം സേവനദാതാക്കൾ അടുത്ത റൗണ്ട് താരിഫ് വർധനവ് ആരംഭിച്ചേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വർഷം മാർച്ചോടെ ടെലികോം താരിഫ് വര്‍ധനവ് ഉണ്ടാകുമെന്ന് നേരത്തെ കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ജൂണിൽ, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ആസൂത്രണം ചെയ്‌ത ഐപിഒ, വോഡാഫോൺ ഐഡിയയുടെ (വി) ഫണ്ട്‌റൈസിംഗ് എന്നിവ കാരണമാണ് ഈ സമയക്രമത്തിൽ മാറ്റം വരുന്നത്. ടെലികോം നിരക്കുകളുടെ ശരാശരി ഹെഡ്‌ലൈൻ താരിഫ് ഏകദേശം 15 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ജിയോയുടേത് എന്നാണ് കണക്കുകൂട്ടല്‍. വിപണി വിലയിരുത്തലുകള്‍ പ്രകാരം ജിയോ ഐപിഒയ്‌ക്ക് 133 മുതൽ 182 ബില്യൺ യുഎസ് ഡോളർ വരെ മൂല്യം പ്രതീക്ഷിക്കുന്നു. ജിയോയുടെ ഐപിഒ ടെലികോം മേഖലയുടെ മൂല്യനിർണ്ണയം വർധിപ്പിക്കുമെന്നും മൊബൈൽ സേവന നിരക്കുകളിൽ വർധനവിന് പിന്തുണ നൽകുമെന്നും ഇക്വിറ്റി അനലിസ്റ്റ് അക്ഷത് അഗർവാളും ഇക്വിറ്റി അസോസിയേറ്റ് ആയുഷ് ബൻസാലും ചേർന്ന് തയ്യാറാക്കിയ ജെഫറീസ് റിപ്പോർട്ട് പറയുന്നു. ജിയോ മൊബൈൽ താരിഫിൽ 10-20 ശതമാനം വര്‍ധനവ് വരുത്തുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. കടക്കെണിയിലുള്ള ടെലികോം കമ്പനിയായ വോഡാഫോൺ ഐഡിയക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ 2027 സാമ്പത്തിക വർഷത്തിനും 2030 സാമ്പത്തിക വർഷത്തിനും ഇടയിൽ മൊബൈൽ സേവന നിരക്കുകൾ 45 ശതമാനം വർധിപ്പിക്കേണ്ടിവരുമെന്ന് റിപ്പോർട്ട് പറയുന്നു.
ഒരു ഐപിഒ നടന്നതിന് ശേഷം ലാഭം കാണിക്കാനും നിക്ഷേപകർക്ക് മികച്ച വരുമാനം നൽകാനും കമ്പനികൾ കൂടുതല്‍ സമ്മർദ്ദം നേരിടും. അത്തരമൊരു സാഹചര്യത്തിൽ, ടെലികോം മേഖലയിൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗമായി താരിഫ് വർധനവ് കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ജിയോ ഐപിഒയും മൊബൈൽ റീചാർജിന്‍റെ വിലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ചകൾ വ്യാപകമാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് ജിയോ. 500 ദശലക്ഷത്തിലധികം മൊബൈൽ ഉപഭോക്താക്കളുള്ള ജിയോ കമ്പനി ലോകത്തിലെ ഏറ്റവും വലിയ 5ജി ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് ബിസിനസിന് ഉടമകളാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam