ഫോട്ടോകോപ്പികൾക്ക് പകരം ക്യൂആർ കോഡ്, വീട്ടിലിരുന്നും അപ്‌ഡേറ്റ് ചെയ്യാം; ആധാറിലെ ഈ മാറ്റങ്ങൾ നിങ്ങള്‍ അറിഞ്ഞിരിക്കുക

Published : Jun 19, 2025, 11:22 AM ISTUpdated : Jun 19, 2025, 11:25 AM IST
aadhaar

Synopsis

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനവും വരുന്നു

ദില്ലി: യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നു. ആധാറിന്‍റെ ഫോട്ടോകോപ്പികൾക്ക് പകരം ഉപയോഗിക്കാനാവുന്ന ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ആധാർ സംവിധാനമാണ് വരുന്നത്. പുതിയ സംവിധാനം നവംബറോടെ പൂർത്തിയാകുമെന്നും യുഐഡിഎഐ അറിയിച്ചു. അപ്‌ഡേറ്റുകള്‍ വരുത്താന്‍ ആധാര്‍ കേന്ദ്രങ്ങള്‍ ആളുകള്‍ സന്ദര്‍ശിക്കുന്നത് കുറയ്ക്കാനും യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

മറ്റ് നിരവധി മാറ്റങ്ങളും ആധാറില്‍ വരുന്നുണ്ട്. നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിനും നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിനും ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടതില്ല. നിങ്ങൾക്ക് വീട്ടിൽ നിന്ന് ഈ ജോലി പൂർത്തിയാക്കാൻ കഴിയും. വിരലടയാളവും ഐറിസും ഒഴികെ മറ്റെല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനം ഉടന്‍ വരും. ആധാർ ദുരുപയോഗം തടയുന്നതിന് ഈ സംവിധാനം വളരെ പ്രധാനമാണെന്ന് യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭുവനേഷ് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ജനന സർട്ടിഫിക്കറ്റ്, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പാൻ, പിഡിഎസ്, എംഎൻആർഇജിഎ ഡാറ്റാബേസ് എന്നിവയിൽ നിന്ന് നിങ്ങളുടെ വിലാസവും മറ്റ് വിശദാംശങ്ങളും ലഭിക്കുന്ന ഒരു പുതിയ സംവിധാനം യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് പൗരന്മാര്‍ക്ക് ഇടപാടുകള്‍ എളുപ്പമാക്കുക മാത്രമല്ല, ആധാർ ലഭിക്കുന്നതിന് വ്യാജ രേഖകൾ ഉപയോഗിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് യുഐഡിഎഐയുടെ പ്രതീക്ഷ. വൈദ്യുതി ബിൽ ഡാറ്റാബേസിലേക്ക് ഈ പുതിയ സംവിധാനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഇതോടെ ബിൽ അടയ്ക്കല്‍ പ്രക്രിയ കൂടുതൽ ലളിതമാക്കും.

ഹോട്ടല്‍ ചെക്ക്-ഇന്നുകള്‍, ട്രെയിന്‍ യാത്ര, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകള്‍ തുടങ്ങിയ സേവനങ്ങളില്‍ തിരിച്ചറിയലിനായി ഉപയോക്താക്കള്‍ക്ക് ആധാര്‍ ഡിജിറ്റലായി ഷെയര്‍ ചെയ്യാന്‍ കഴിയും. ആധാര്‍ കാര്‍ഡില്‍ വിലാസം, ഫോൺ നമ്പര്‍ അപ്ഡേറ്റ് ചെയ്യൽ, പേര് മാറ്റം, തെറ്റായ ജനനത്തീയതി തിരുത്തൽ തുടങ്ങിയവയെല്ലാം ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ ഭാവിയില്‍ ചെയ്യാൻ സാധിക്കും. ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമേ ഡാറ്റകൾ പങ്കിടാൻ കഴിയൂ.

അഞ്ച് മുതൽ ഏഴ് വയസ് വരെയും 15 മുതൽ 17 വയസ് വരെയും പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക്, മറ്റ് ഡാറ്റ അപ്‌ഡേറ്റ് ഉറപ്പാക്കുന്നതിനായി യുഐഡിഎഐ, സിബിഎസ്ഇയുമായും മറ്റ് പരീക്ഷാ ബോർഡുകളുമായും ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും ഭുവനേഷ് കുമാർ വ്യക്തമാക്കി. മാത്രമല്ല, സ്വത്ത് രജിസ്ട്രേഷൻ സമയത്ത് സബ് രജിസ്ട്രാർമാർക്കും രജിസ്ട്രാർമാർക്കും പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്. സ്വത്ത് രജിസ്റ്റർ ചെയ്യാൻ വരുന്നവരുടെ യോഗ്യതാപത്രങ്ങൾ പരിശോധിക്കാനായി ആധാർ ഉപയോഗിക്കാൻ യുഐഡിഎഐ സംസ്ഥാന സർക്കാറുമായി ചർച്ച ചെയ്യുന്നുണ്ടെന്നും അതുവഴി ചില തട്ടിപ്പുകൾ തടയാൻ കഴിയുമെന്നും ഭുവനേഷ് കുമാർ പറഞ്ഞു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻസ്റ്റാഗ്രാം പ്രേമികൾക്ക് ആവേശവാർത്ത; റീലുകൾ കാണാൻ ഇനി ഫോൺ വേണമെന്നില്ല, ടിവി മതി! പുതിയ ആപ്പ് പുറത്തിറക്കി
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും