
ദില്ലി: ഒരുവശത്ത് സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്നതിനിടയിലും ഇന്ത്യയില്‍ സ്‍മാർട്ട്‌ഫോണുകളിലേക്ക് സ്‌പേസ് അധിഷ്ഠിത മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നേരിട്ട് എത്തിക്കാനുള്ള നീക്കവുമായി വോഡാഫോണ്‍ ഐഡിയ (വി). ഇതിന്‍റെ ഭാഗമായി യുഎസ് ആസ്ഥാനമായുള്ള എഎസ്‍ടി സ്‌പേസ്‌മൊബൈലുമായി കൈകോർത്തതായി (വി) പ്രഖ്യാപിച്ചു.
മൊബൈൽ കവറേജ് പരിമിതമായതോ ഇല്ലാത്തതോ ആയ പ്രദേശങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത വോയ്‌സ്, വീഡിയോ, ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഈ സഹകരണം സഹായിക്കുമെന്ന് വോഡാഫോണ്‍ ഐഡിയ ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.
എഎസ്‍ടിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണ സ്‍മാർട്ട്‌ഫോണുകൾക്ക് പോലും അധിക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ നേരിട്ട് ഉപഗ്രഹങ്ങളുമായി കണക്റ്റ് ചെയ്യാൻ കഴിയും. എഎസ്‍ടി സ്‌പേസ്‌മൊബൈലിന്‍റെ ലോ-എർത്ത്-ഓർബിറ്റ് (LEO) ഉപഗ്രഹങ്ങള്‍ വഴിയാകും വി ഉപഭോക്താക്കള്‍ക്ക് കണക്റ്റിവിറ്റി ലഭിക്കുക. നിലവില്‍ നെറ്റ്‌വര്‍ക്ക് വളരെ മോശമായി ലഭിക്കുന്ന ഇടങ്ങളില്‍ ഉപഗ്രഹ കണക്റ്റിവിറ്റിയിലൂടെ നെറ്റ്‌വര്‍ക്ക് എത്തിക്കാന്‍ ഇതിലൂടെ വോഡാഫോണ്‍ ഐഡിയക്കാകും. രാജ്യത്തെ എല്ലാ മുക്കിലുംമൂലയിലുമുള്ള ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം എത്തിക്കാന്‍ ഇതിലൂടെയാവും എന്നാണ് വി-യുടെ പ്രതീക്ഷ.
എല്ലാ ഇന്ത്യക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പുത്തന്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിൽ വി എപ്പോഴും പ്രതിജ്ഞാബദ്ധമാണ് എന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു. ഇന്ത്യയിൽ ഉപഗ്രഹ അധിഷ്‍ഠിത മൊബൈൽ ആക്‌സസ് യാഥാർഥ്യമാകുമ്പോൾ, തടസ്സമില്ലാത്തതും സ്ഥിരതയുള്ളതുമായ കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ വോഡാഫോണ്‍ ഐഡിയ ആഗ്രഹിക്കുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിശാലവും ചലനാത്മകവുമായ ടെലികോം വിപണിയാണ് ഇന്ത്യയെന്ന് എഎസ്‍ടി സ്‌പേസ്‌മൊബൈലിന്‍റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ക്രിസ് ഐവറി പറഞ്ഞു. കമ്പനിയുടെ ബഹിരാകാശ അധിഷ്‍ഠിത സെല്ലുലാർ ബ്രോഡ്‌ബാൻഡിന് എത്ര എളുപ്പത്തിൽ ടെറസ്ട്രിയൽ നെറ്റ്‌വർക്കുകളെ പ്രാപ്‍തമാക്കാൻ കഴിയുമെന്ന് തെളിയിക്കാൻ അനുയോജ്യമായ സ്ഥലമാണ് ഇന്ത്യയെന്നും അദേഹം വ്യക്തമാക്കി. സ്‌മാർട്ട്‌ഫോണുകളില്‍ ഉപഗ്രഹ സംവിധാനങ്ങള്‍ വഴി നേരിട്ട് 4ജി, 5ജി സേവനങ്ങൾ ആക്‌സസ് ചെയ്യാന്‍ എഎസ്‍ടി സ്‌പേസ്‌മൊബൈല്‍ വഴിയൊരുക്കുന്നതായും അദേഹം പറഞ്ഞു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam