
സോള്‍: ദക്ഷിണകൊറിയൻ ടെക് ഭീമനായ സാംസങ് ഉയർന്ന ശേഷിയുള്ള സ്മാർട്ട്ഫോൺ ബാറ്ററികൾ വികസിപ്പിക്കുന്നതിനായി പുതിയ പരീക്ഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ. 12,000 എംഎഎച്ച് ഉം 18,000 എംഎഎച്ച് ഉം ശേഷിയുള്ള സിലിക്കൺ-കാർബൺ (Si-C) ബാറ്ററി പ്രോട്ടോടൈപ്പുകൾ ഇപ്പോൾ സാംസങ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബാറ്ററി നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന അനുബന്ധ സ്ഥാപനമായ സാംസങ് എസ്‍ഡിഐ ഈ പുതിയ ബാറ്ററികൾക്ക് അനുയോജ്യമായ സെൽ സ്റ്റാക്കിംഗ് ഡിസൈൻ, ബാറ്ററി മാനേജ്മെന്‍റ് സോഫ്റ്റ്‍വെയർ, താപനിയന്ത്രണ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതായി ചോർന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.
2016-ൽ പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി നോട്ട് 7 മോഡലിലെ ബാറ്ററി പ്രശ്‍നങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന്, പുതിയ ബാറ്ററി സാങ്കേതികവിദ്യകളുടെ കാര്യത്തിൽ സാംസങ് ഏറെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ സിലിക്കൺ-കാർബൺ ബാറ്ററികൾ വ്യാപാരമായി അവതരിപ്പിക്കുന്നതിന് മുമ്പ് ദീർഘകാല പരീക്ഷണങ്ങളും സുരക്ഷാ പരിശോധനകളും കമ്പനി നടത്തുകയാണ്.
സാംസങ് മുമ്പ് 20,000 എംഎഎച്ച് ശേഷിയുള്ള സിലിക്കൺ-കാർബൺ ബാറ്ററിയും പരീക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാൽ ഏകദേശം 960 ചാർജ് സൈക്കിളുകൾക്കുശേഷം ഡ്യൂറബിലിറ്റി ടെസ്റ്റിൽ ആ മോഡൽ പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. അതിനാൽ ഇപ്പോൾ 12,000 എംഎഎച്ച് ഉം 18,000 എംഎഎച്ച് ഉം പോലുള്ള ചെറിയ കോൺഫിഗറേഷനുകളിലാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 12,000 എംഎഎച്ച് ബാറ്ററി ഡ്യുവൽ-സെൽ ഡിസൈൻ ആണ് ഉപയോഗിക്കുന്നത് എന്ന് ചോര്‍ന്ന വിവരങ്ങള്‍ പറയുന്നു. ഏകദേശം 6,800 എംഎഎച്ച് ശേഷിയുള്ള ഒരു സെലും 5,200 എംഎഎച്ച് ശേഷിയുള്ള മറ്റൊരു സെലും ചേർന്നതാണ് ഇത്. ഇവയുടെ മൊത്തം കട്ടി 9.3 മില്ലിമീറ്ററിനുള്ളിൽ നിലനിർത്തുക എന്നതാണ് ലക്ഷ്യം. ചില പരീക്ഷണ യൂണിറ്റുകളിൽ ഇത് അൽപ്പം കൂടുതലായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
18,000 എംഎഎച്ച് പതിപ്പിൽ ട്രിപ്പിൾ-സെൽ ഡിസൈൻ ആണ് ഉപയോഗിക്കുന്നത്. 6,699 എംഎഎച്ച്, 6,000 എംഎഎച്ച്, 5,257 എംഎഎച്ച് ശേഷിയുള്ള മൂന്ന് സെല്ലുകൾ ചേർന്നതാണ് ഈ സംവിധാനം. ഈ ബാറ്ററിയുടെ മൊത്തം സ്റ്റാക്ക് കനം ഏകദേശം 12.3 മില്ലിമീറ്ററാക്കി നിലനിർത്താനാണ് ശ്രമം. എന്നാൽ സെല്ലുകൾക്കിടയിലെ താപ സംരക്ഷണ പാളികൾ കാരണം ചില പ്രോട്ടോടൈപ്പുകൾ 12.8 മില്ലിമീറ്റർ വരെ എത്തിയിട്ടുണ്ട്. സിലിക്കൺ-കാർബൺ ബാറ്ററികളുടെ പ്രധാന ഗുണം കുറഞ്ഞ വലിപ്പത്തിൽ കൂടുതൽ ഊർജം സംഭരിക്കാൻ കഴിയും എന്നതാണ്. സാധാരണ ലിഥിയം-ഐയൺ ബാറ്ററികളിൽ ഗ്രാഫൈറ്റ് ആനോഡാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പുതിയ സാങ്കേതികവിദ്യയിൽ സിലിക്കൺ അടിസ്ഥാനത്തിലുള്ള ആനോഡ് ഉപയോഗിക്കുന്നതിനാൽ കൂടുതൽ ശേഷി ലഭിക്കും.
പരീക്ഷണ പദ്ധതി അനുസരിച്ച് 12,000 എംഎഎച്ച് ഉം 18,000 എംഎഎച്ച് ബാറ്ററികൾക്ക് ഏകദേശം 1,500 ചാർജ് സൈക്കിളുകൾ ആയുസായി ലക്ഷ്യമിടുന്നു. 12,000 എംഎഎച്ച് പതിപ്പ് സ്ഥിരതയ്ക്ക് മുൻഗണന നൽകുന്നതായും മൊബൈൽ ഡാറ്റയും വൈ-ഫൈയും ഒരുമിച്ച് ഉപയോഗിക്കുന്ന സാഹചര്യത്തിൽ 20 മുതൽ 25 മണിക്കൂർ വരെ സ്ക്രീൻ-ഓൺ സമയം നൽകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ വികസനം വിജയിച്ചാൽ ഭാവിയിലെ സാംസങ് ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകൾക്കും ഫോൾഡബിൾ ഫോണുകൾക്കും കൂടുതൽ നീണ്ട ബാറ്ററി ലൈഫ് നേടാൻ സാധിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam