ആ പതിനാലുകാരന്‍ പയ്യന് വയസായി; സ്‌പേസ് എക്‌സിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയർ ലിങ്ക്ഡ്ഇനിൽ തിരിച്ചെത്തി

Published : Mar 11, 2025, 12:06 PM ISTUpdated : Mar 11, 2025, 12:15 PM IST
ആ പതിനാലുകാരന്‍ പയ്യന് വയസായി; സ്‌പേസ് എക്‌സിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയർ ലിങ്ക്ഡ്ഇനിൽ തിരിച്ചെത്തി

Synopsis

'കുഞ്ഞെന്ന്' പറഞ്ഞ് ഇനി ഒഴിവാക്കാനാവില്ല, 14-ാം വയസില്‍ സ്പേസ് എക്സില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച കൈരാന്‍ ക്വാസി ലിങ്ക്ഡ്ഇനിൽ മടങ്ങിയെത്തി

കാലിഫോര്‍ണിയ: പതിനാലാം വയസിൽ ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ചേർന്ന കമ്പ്യൂട്ടര്‍ പ്രതിഭ കൈരാൻ ക്വാസിയെ ഓർമ്മയുണ്ടോ? അദേഹം വീണ്ടും ലിങ്ക്ഡ്ഇനില്‍ എത്തിയിരിക്കുന്നു. 2023-ൽ പ്രായപൂർത്തിയാകാത്തതിനാൽ ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോം ക്വാസിയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി കൈരാൻ ക്വാസിക്ക് പ്ലാറ്റ്‌ഫോമിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകി. "ഇപ്പോൾ എനിക്ക് 16 വയസായി, ലിങ്ക്ഡ്ഇൻ എന്നെ വീണ്ടും പ്ലാറ്റ്‌ഫോമിലേക്ക് അനുവദിച്ചു"- ക്വാസി ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ എഴുതി. 

2023-ൽ എന്താണ് സംഭവിച്ചത്?

2023-ൽ, കൈരാൻ ക്വാസി തന്‍റെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് ഇല്ലാതാക്കിയതായി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ലിങ്ക്ഡ്ഇനില്‍ അക്കൗണ്ട് ആരംഭിക്കാനുള്ള കുറഞ്ഞ പ്രായം 16 വയസ് ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്വാസിയുടെ അക്കൗണ്ടിനെതിരെ ലിങ്ക്ഡ്‌ഇന്‍ നടപടിയെടുത്തത്. “എനിക്ക് 16 വയസ് തികയാത്തതിനാൽ എന്‍റെ ലിങ്ക്‌ഡ്‌ഇന്‍ അക്കൗണ്ട് റിമൂവ് ചെയ്യുകയാണെന്ന് ലിങ്ക്ഡ്ഇൻ അധികൃതര്‍ അറിയിച്ചിട്ടുണ്ട്”- അന്ന് കൈരാന്‍ ക്വാസി എഴുതി. ആ സമയത്ത് സോഷ്യൽ മീഡിയയിൽ തന്‍റെ നിരാശ പ്രകടിപ്പിച്ച അദേഹം, ലിങ്ക്‌ഡ്‌ഇന്‍ പ്ലാറ്റ്‌ഫോമിന്‍റെ ഈ തീരുമാനത്തെ വിമർശിക്കുകയും ചെയ്തിരുന്നു. പ്ലാറ്റ്‌ഫോമിന്‍റെ തീരുമാനത്തെ "യുക്തിരഹിതം" എന്നും "പ്രാകൃത വിഡ്ഢിത്തം" എന്നുമാണ് അന്ന് ക്വാസി വിശേഷിപ്പിച്ചത്. 

"ഇത് ഞാൻ നിരന്തരം നേരിടുന്ന യുക്തിരഹിതവും പ്രാകൃതവുമായ വിഡ്ഢിത്തമാണ്. ലോകത്തിലെ ഏറ്റവും കൊതിപ്പിക്കുന്ന എഞ്ചിനീയറിംഗ് ജോലികളിൽ ഒന്നിൽ പ്രവേശിക്കാൻ എനിക്ക് യോഗ്യതയുണ്ട്, പക്ഷേ ഒരു പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് ആക്‌സസ് ലഭിക്കാൻ എനിക്ക് യോഗ്യതയില്ലേ? ചില ടെക് കമ്പനി നയങ്ങൾ എത്രത്തോളം പിന്തിരിപ്പൻ ആണെന്ന് ലിങ്ക്ഡ്ഇൻ എല്ലാവരെയും കാണിക്കുന്നു." എന്നും കൈരാന്‍ ക്വാസി 2023-ല്‍ എഴുതി.

ഒരു പ്രതിഭയുടെ ശ്രദ്ധേയമായ യാത്ര

2023 മുതൽ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന കൈരാന്‍ ക്വാസി, സ്റ്റാർലിങ്ക് പ്രോജക്റ്റിന്‍റെയും ഭാഗമാണ്. നെറ്റ്‌വര്‍ക്ക് ബീം പ്ലാനിംഗ്, ന്യൂമറിക്കല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവയാണ് ക്വാസിയുടെ ചുമതലകളില്‍ ഉൾപ്പെടുന്നത്. ലോ-ലേറ്റൻസി, ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ്, തത്സമയ പ്രോഗ്രാമിംഗ് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഇതിന് ആവശ്യമാണ്. 

സ്‌പേസ് എക്‌സിൽ ചേരുന്നതിന് മുമ്പ് ക്വാസി ഇന്‍റൽ ലാബ്‌സിൽ നാല് വർഷം ഇന്‍റേൺ ആയിരുന്നു. ഓപ്പൺ സോഴ്‌സ് പ്രവചനാത്മക സംഭാഷണ ജനറേഷൻ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുന്നതിനായി ഹ്യൂമൻ എഐ ലാബുമായി സഹകരിച്ച ആദ്യത്തെ ബിരുദ ഇന്‍റേൺ ആയിരുന്നു ക്വാസി. ഇന്‍റലിലെ പ്രവർത്തനത്തിന് പുറമേ, ലിനക്സ് ഫൗണ്ടേഷൻ നോർത്ത് അമേരിക്ക ഉച്ചകോടിയിലും ഷിഫ്റ്റ് എഐ ഗ്ലോബൽ കോൺഫറൻസിലും അദ്ദേഹം മുഖ്യ പ്രഭാഷകനായി. 14-ാം വയസിൽ സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി സ്ഥാപനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ക്വാസി മാറി. അതിനുമുമ്പ്, വെറും 11 വയസുള്ളപ്പോൾ ലാസ് പോസിറ്റാസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ അസോസിയേറ്റ് ഓഫ് സയൻസ് ബിരുദം നേടിയും കൈരാന്‍ ക്വാസി ചരിത്രമെഴുതി. 

Read more: ഒന്നും രണ്ടുമല്ല, മൂന്ന് വട്ടം മസ്കിന്‍റെ എക്സ് താറുമാറാക്കി ഹാക്കിംഗ്; ആരാണ് കുപ്രസിദ്ധ ഡാർക്ക് സ്റ്റോം ടീം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കീശ കാലിയാവാതെ മികച്ച ഫീച്ചറുകളുള്ള ഫോണാണോ ലക്ഷ്യം; റിയൽമി പി4എക്‌സ് 5ജി ഇന്ത്യയിൽ പുറത്തിറങ്ങി
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ