
ടെക്‌സാസ്: മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിനെതിരെ സ്വകാര്യതയും എൻക്രിപ്ഷനും സംബന്ധിച്ച പുതിയ കേസ് ഫയൽ ചെയ്‌ത് അമേരിക്കൻ സംസ്ഥാനമായ ടെക്‌സസ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് പൂർണ്ണ സുരക്ഷിതമായ മെസേജിംഗ് സേവനം എന്ന നിലയിൽ വാട്‌സ്ആപ്പ് അവതരിപ്പിക്കപ്പെടുന്നുവെങ്കിലും, ആ അവകാശവാദങ്ങൾ യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്നില്ലെന്നതാണ് ടെക്‌സാസ് അറ്റോർണി ജനറൽ കെൻ പാക്‌ടൺ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ടെക്‌സാസിലെ ഡെസെപ്റ്റീവ് ട്രേഡ് പ്രാക്‌ടീസസ് ആക്റ്റ് പ്രകാരമാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സുരക്ഷിതമാണെന്നും സന്ദേശങ്ങൾ അയച്ചയാളും സ്വീകരിക്കുന്നയാളും മാത്രമേ അവ വായിക്കാൻ കഴിയൂവെന്നും ദീർഘകാലമായി കമ്പനി അവകാശപ്പെട്ടിരുന്നു. വാട്‌സ്ആപ്പിനുതന്നെ പോലും ഈ സന്ദേശങ്ങൾ വായിക്കാൻ കഴിയില്ല എന്നതാണ് കമ്പനിയുടെ പ്രധാന വാദം.
എന്നാൽ, ടെക്‌സാസ് സമർപ്പിച്ച പരാതിയിൽ ഈ അവകാശവാദങ്ങൾ പൂർണ്ണമായും ശരിയല്ലെന്നു വാദിക്കുന്നു. ചില സാഹചര്യങ്ങളിൽ കമ്പനിയിലെ ജീവനക്കാർക്ക് ഉപയോക്തൃ സന്ദേശങ്ങളിലേക്കുള്ള ആക്സസ് ഉണ്ടായിരിക്കാമെന്നും അയച്ച സന്ദേശങ്ങൾ പിന്നീട് പോലും തിരിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങൾ നിലനിൽക്കുന്നുവെന്നും സംസ്ഥാന സർക്കാർ ആരോപിക്കുന്നു. ഇത് വാട്‌സ്ആപ്പ് പൊതുവായി നൽകുന്ന പൂർണ്ണ സ്വകാര്യത എന്ന വാഗ്‍ദാനത്തിന് കടകവിരുദ്ധമാണെന്നാണ് ടെക്‌സാസ് അറ്റോർണി ജനറലിന്‍റെ വാദം.
ടെക്‌സാസിലെ പൗരന്മാർക്ക് അവരുടെ സ്വകാര്യ സംഭാഷണങ്ങൾ യഥാർഥത്തിൽ എത്രത്തോളം സുരക്ഷിതമാണെന്ന് അറിയേണ്ട അവകാശമുണ്ട് എന്ന് കെൻ പാക്‌ടണ്‍ വ്യക്തമാക്കി. മെറ്റയും വാട്‌സ്ആപ്പും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ സ്വകാര്യ ഡാറ്റ അനധികൃതമായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോടതി ഇടപെടലിലൂടെ മെറ്റയും വാട്‌സ്ആപ്പും ഉപയോക്തൃ സന്ദേശങ്ങളിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നത് തടയണമെന്ന് ടെക്‌സാസ് ആവശ്യപ്പെടുന്നു. കൂടാതെ സാമ്പത്തിക പിഴയും സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഈ ആരോപണങ്ങളെ മെറ്റ തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്പനിയുടെ വക്താവ് ആൻഡി സ്റ്റോൺ വ്യക്തമാക്കിയത്, വാട്‌സ്ആപ്പിന്‍റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം ഉറപ്പുള്ളതാണെന്നും ഉപയോക്തൃ സന്ദേശങ്ങൾ കമ്പനിക്ക് വായിക്കാൻ കഴിയില്ല എന്നും ആണ്.
ഈ നിയമപോരാട്ടം വലിയ ടെക് കമ്പനികൾക്കെതിരെ ടെക്‌സാസ് ആരംഭിച്ച സ്വകാര്യതാ കേസുകളുടെ പട്ടികയിലെ ഏറ്റവും പുതിയതായാണ് കാണപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിൽ നെറ്റ്ഫ്ലിക്‌സ് ഉൾപ്പെടെ മറ്റ് കമ്പനികൾക്കും എതിരേ ടെക്‌സാസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ കേസ് ഡിജിറ്റൽ സ്വകാര്യത, ഉപയോക്തൃ നിയന്ത്രണം, ഓൺലൈൻ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആഗോള ചർച്ചകൾ കൂടുതൽ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam