പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ, നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിൽ ആശയവിനിമയം സാധ്യമാക്കാൻ ഇൻമാർസാറ്റ് സാങ്കേതികവിദ്യയുള്ള പുതിയ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ചു. പ്രതിരോധം, ദുരന്തനിവാരണം, സമുദ്രയാനം തുടങ്ങിയ മേഖലകളെ ലക്ഷ്യമിടുന്ന ഈ ഫോണിന് കരുത്തുറ്റ രൂപകൽപ്പനയും എസ്ഓഎസ് ഫീച്ചറുമുണ്ട്.
രാജ്യത്തെ വിദൂര പ്രദേശങ്ങളിലും സാധാരണ മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത ഇടങ്ങളിലും ആശയവിനിമയം സാധ്യമാക്കാൻ പുതിയ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). ഇൻമാർസാറ്റ് (Inmarsat) സാറ്റലൈറ്റ് കണക്റ്റിവിറ്റിയോടെയാണ് പുതിയ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിരോധ മേഖല, സമുദ്രയാനം, ദുരന്തനിവാരണം, ഖനന മേഖല, വിദൂര പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ, സാഹസിക യാത്രകൾ എന്നിവ ലക്ഷ്യമിട്ടാണ് ഫോൺ പുറത്തിറക്കിയത്.
വില എത്ര?
ബിഎസ്എൻഎൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സാറ്റലൈറ്റ് ഫോണിന്റെ വില 1,34,166 രൂപയാണ്. എല്ലാ നികുതികളും ഉൾപ്പെടുന്ന വിലയാണിത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസുമായി ബന്ധപ്പെടുകയോ കമ്പനിയുടെ പ്രത്യേക ഹെൽപ്‌ലൈൻ ഉപയോഗിക്കുകയോ ചെയ്യാമെന്ന് ബിഎസ്‍എൻഎൽ അറിയിച്ചു.
നെറ്റ്‌വർക്ക് ഇല്ലെങ്കിലും കോളും എസ്‍എംഎസും
പരമ്പരാഗത മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും സാറ്റലൈറ്റ് കണക്റ്റിവിറ്റിയിലൂടെ വ്യക്തമായ വോയിസ് കോളുകൾ നടത്താൻ ഈ ഫോണിലൂടെ സാധിക്കും. വോയിസ് കോളുകൾക്കൊപ്പം എസ്എംഎസ് സേവനത്തിനും പിന്തുണയുണ്ട്. പ്രകൃതി ദുരന്തങ്ങൾ, സമുദ്രയാത്രകൾ, വനമേഖലകൾ, അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ആശയവിനിമയം ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
എസ്ഓഎസ് സംവിധാനവും കരുത്തുറ്റ രൂപകൽപ്പനയും
അടിയന്തര സാഹചര്യങ്ങളിൽ സഹായം അഭ്യർഥിക്കാൻ കഴിയുന്ന എസ്ഓഎസ് എമർജൻസി ഫീച്ചർ ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും ഉപയോഗിക്കാനാകുന്ന കരുത്തുറ്റ രൂപകൽപ്പനയും ദീർഘനേരം പ്രവർത്തിക്കുന്ന ബാറ്ററിയുമാണ് മറ്റൊരു പ്രധാന പ്രത്യേകത. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവരെ മുൻനിർത്തിയാണ് ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കി.
ആർക്കൊക്കെയാണ് കൂടുതൽ പ്രയോജനം?
പ്രതിരോധ സേന, കോസ്റ്റ് ഗാർഡ്, കപ്പൽ ജീവനക്കാർ, ദുരന്തനിവാരണ സേന, ഖനന മേഖലയിൽ പ്രവർത്തിക്കുന്നവർ, വിദൂര പ്രദേശങ്ങളിലെ ജീവനക്കാർ, ട്രെക്കിങ് ഉൾപ്പെടെയുള്ള സാഹസിക യാത്രകൾ നടത്തുന്നവർ എന്നിവർക്കാണ് ഈ സാറ്റലൈറ്റ് ഫോൺ കൂടുതൽ പ്രയോജനപ്പെടുക.
ഉപയോഗിക്കാൻ പ്രത്യേക നടപടിക്രമങ്ങൾ
2018 ജനുവരി 1 മുതൽ പൊതുജനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ സേവനം ഉപയോഗിക്കുന്നതിന് സാധാരണ മൊബൈൽ കണക്ഷനെപ്പോലെ നിർബന്ധമായ ഉപഭോക്തൃ തിരിച്ചറിയൽ (KYC) നടപടികൾ പൂർത്തിയാക്കണം. ഫോൺ ഉപയോഗിക്കുന്ന സ്ഥലം, ഉപയോഗ കാലാവധി, ഉപയോഗത്തിന്റെ ഉദ്ദേശ്യം തുടങ്ങിയ വിവരങ്ങളും നൽകേണ്ടതുണ്ട്. സാറ്റലൈറ്റ് ഫോൺ വഴിയുള്ള ആശയവിനിമയം എൻക്രിപ്റ്റ് ചെയ്തതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രത്യേക പ്രീപെയിഡ്, പോസ്റ്റ്‌പെയിഡ് പ്ലാനുകൾ
സർക്കാർ ഏജൻസികൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമായി ബിഎസ്എൻഎൽ പ്രത്യേക പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് സാറ്റലൈറ്റ് പ്ലാനുകളും നൽകുന്നുണ്ട്. നേരത്തെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ പ്രതിമാസം 3,500 രൂപ, 5,835 രൂപ, 11,670 രൂപ നിരക്കുകളിലാണ് ലഭ്യമാകുന്നത്. സർക്കാർ ഉപയോക്താക്കൾക്കുള്ള പ്രീപെയ്ഡ് പ്ലാനുകൾ 3,500 രൂപ മുതൽ ആരംഭിക്കുമ്പോൾ വാണിജ്യ ഉപഭോക്താക്കൾക്കുള്ള പ്ലാനുകൾ 5,835 രൂപ മുതലാണ്. ഇതിനുപുറമെ 200 രൂപ മുതൽ 10,000 രൂപ വരെ മൂല്യമുള്ള ടോപ്പ്-അപ്പ് വൗച്ചറുകളും ലഭ്യമാണ്.


