റെഡ്‍മി നോട്ട് 17 പ്രോ ജൂലൈ 14-ന് ചൈനയിൽ അവതരിപ്പിക്കും. 9,000 എംഎഎച്ച് ബാറ്ററി, 67 വാട്ട് ഫാസ്റ്റ് ചാർജിങ്, 3,500 നിറ്റ്സ് ബ്രൈറ്റ്നസുള്ള 1.5കെ ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. അഞ്ച് വർഷത്തെ ബാറ്ററി അപ്‌ഗ്രേഡ് ഗ്യാരന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

റെഡ്‍മിയുടെ പുതിയ റെഡ്‍മി നോട്ട് 17 സീരീസ് ജൂലൈ 14-ന് ചൈനയിൽ അവതരിപ്പിക്കാനിരിക്കെ, റെഡ്‍മി നോട്ട് 17 പ്രോയുടെ പ്രധാന സവിശേഷതകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തി. ബാറ്ററി, ചാർജിങ്, ഡിസ്‌പ്ലേ എന്നിവയിൽ മുൻതലമുറയെ അപേക്ഷിച്ച് ശ്രദ്ധേയമായ മാറ്റങ്ങളാണ് പുതിയ സ്‍മാർട്ട്ഫോണിൽ കൊണ്ടുവന്നിരിക്കുന്നത്. ഇതിനിടെ ഫോൺ തായ്‌വാനിലെ നാഷണൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എൻസിസി) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

9,000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി നോട്ട് 17 പ്രോ

റെഡ്‍മി നോട്ട് 17 പ്രോയിൽ 9,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 67 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോണിൽ 22.5 വാട്ട് റിവേഴ്സ് വയർഡ് ചാർജിങ് സംവിധാനവും ലഭിക്കും. താരതമ്യപ്പെടുത്തുമ്പോൾ, റെഡ്മി നോട്ട് 15 പ്രോയിൽ 6,580 എംഎഎച്ച് ബാറ്ററിയും 45 വാട്ട് ഫാസ്റ്റ് ചാർജിങുമാണ് ഉണ്ടായിരുന്നത്.

അഞ്ച് വർഷം വരെ ബാറ്ററി ഗ്യാരന്‍റി

ആദ്യ വിൽപ്പനയുടെ ഭാഗമായി ഉപയോക്താക്കൾക്കായി അഞ്ച് വർഷത്തെ ബാറ്ററി അപ്‌ഗ്രേഡ് ഗ്യാരന്റിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ നാല് വർഷത്തിനുള്ളിൽ ബാറ്ററിയുടെ ആരോഗ്യനില 80 ശതമാനത്തിൽ താഴെയായാൽ സൗജന്യമായി ബാറ്ററി മാറ്റിനൽകും. അഞ്ചാം വർഷത്തിൽ ബാറ്ററി ആരോഗ്യനില ഇതേ നിലവാരത്തിൽ താഴുകയാണെങ്കിൽ സാധാരണ ബാറ്ററിക്ക് പകരം കൂടുതൽ ശേഷിയുള്ള ബാറ്ററി സൗജന്യമായി നൽകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

1.5കെ ഡിസ്‌പ്ലേ, 3,500 നിറ്റ്സ് തെളിച്ചം

1.5കെ റെസല്യൂഷനുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. പുതിയ ലൂമിനസന്‍റ് മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്ന ഈ ഡിസ്‌പ്ലേയ്ക്ക് 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ വെളിച്ചത്തിൽ കണ്ണുകൾക്ക് സംരക്ഷണം നൽകുന്ന ഷവോമിയുടെ ഗ്രീൻ മൗണ്ടൻ ഐ പ്രൊട്ടക്ഷൻ സാങ്കേതികവിദ്യയും ഡിസ്‌പ്ലേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റാം, സ്റ്റോറേജ് വിവരങ്ങളും പുറത്ത്

റിപ്പോർട്ടുകൾ പ്രകാരം, റെഡ്മി നോട്ട് 17 പ്രോ അല്ലെങ്കിൽ റെഡ്മി നോട്ട് 17 പ്രോ മാക്‌സ് എന്ന പേരിൽ എത്താനിടയുള്ള മോഡൽ എൻസിസി ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 8 ജിബി + 256 ജിബി, 8 ജിബി + 512 ജിബി, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി എന്നീ റാം-സ്റ്റോറേജ് വകഭേദങ്ങളിൽ ഫോൺ ലഭ്യമായേക്കുമെന്നാണ് സൂചന.

100 വാട്ട് ചാർജിങ് പിന്തുണ ലഭിക്കുമോ?

എൻസിസി ലിസ്റ്റിങ്ങിൽ ബി.എം95 എന്ന കോഡ് നാമമുള്ള ബാറ്ററിയും എം.ഡി.വൈ-19-ഇ.എക്സ് ചാർജറും ഉൾപ്പെട്ടിട്ടുണ്ട്. ഇത് ഏകദേശം 9,210 എംഎഎച്ച് ബാറ്ററിയെയും 100 വാട്ട് വരെ ഫാസ്റ്റ് ചാർജിങ് പിന്തുണയെയും സൂചിപ്പിക്കാമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഐപി69കെ റേറ്റിങ്ങും ഗൊറില്ല ഗ്ലാസ് സംരക്ഷണവും

റെഡ്‍മി നോട്ട് 17 പ്രോയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണം ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഐപി66, ഐപി68, ഐപി69, ഐപി69കെ റേറ്റിങ്ങുകളുള്ള പൊടിയും വെള്ളവും പ്രതിരോധിക്കുന്ന രൂപകൽപ്പനയും ഫോണിനുണ്ടാകും. 5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, എൻഎഫ്‌സി, യു.എസ്.ബി ടൈപ്പ്-സി കണക്റ്റിവിറ്റി എന്നിവയും സ്മാർട്ട്ഫോണിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ജൂലൈ 14-ന് ലോഞ്ച്

റെഡ്‍മി നോട്ട് 17 സീരീസ് ജൂലൈ 14-ന് ചൈനയിൽ അവതരിപ്പിക്കും. ഇതിനോടകം തന്നെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി പ്രീ-ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു.