പരമ്പരാഗത ഐടി ജോലികള്‍ അപ്രസക്തമാകും, പകരം ഡിമാന്‍ഡ് ഉയരുക ഈ എഐ ജോലികള്‍ക്ക്: നന്ദൻ നിലേക്കനി

Published : Feb 20, 2026, 03:26 PM IST
Nandan Nilekani

Synopsis

ഫ്രണ്ട്-എൻഡ് ഡെവലപ്പർമാർ, ക്യുഎ ടെസ്റ്റർമാർ, ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റുകൾ, ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാർ തുടങ്ങിയ നിർദ്ദിഷ്‍ട പ്രവർത്തനങ്ങൾക്ക് പരിശീലനം നേടിയ എൻജിനീയർമാർക്ക് പ്രസക്തി കുറയും

ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ആഗോള സമ്പദ്‌വ്യവസ്ഥയിലും തൊഴിലവസരങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്‍ടിക്കുകയാണെന്ന് ഇൻഫോസിസ് സഹസ്ഥാപകന്‍ നന്ദൻ നിലേക്കനി അഭിപ്രായപ്പെട്ടു. 2026-ലെ ഇൻഫോസിസ് എഐ ഇൻവെസ്റ്റർ ഡേയിൽ ബെംഗളൂരുവിൽ നടത്തിയ പ്രസംഗത്തിലാണ് അദേഹം ഈ വിലയിരുത്തൽ അവതരിപ്പിച്ചത്. ഇതുവരെ ഉണ്ടായിട്ടുള്ള ഏതൊരു സാങ്കേതിക വിപ്ലവത്തേക്കാളും ശക്തമായ മാറ്റമാണ് എഐ സൃഷ്‍ടിക്കുന്നതെന്നും നിലേക്കനി വ്യക്തമാക്കി.

എഐ ചില തൊഴിലുകള്‍ മാറ്റും

നിലവിൽ ഇന്ത്യയിൽ വൻ തോതിൽ നിയമനങ്ങള്‍ നടന്നിരിക്കുന്ന നിരവധി ഐടി തൊഴിലുകൾക്ക് ഭീഷണിയുണ്ടെന്നാണ് നന്ദൻ നിലേക്കനിയുടെ മുന്നറിയിപ്പ്. ഫ്രണ്ട്-എൻഡ് ഡെവലപ്പർമാർ, ക്യുഎ ടെസ്റ്റർമാർ, ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റുകൾ, ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാർ തുടങ്ങിയ നിർദ്ദിഷ്‍ട പ്രവർത്തനങ്ങൾക്ക് പരിശീലനം നേടിയ എൻജിനീയർമാർക്ക് പ്രസക്തി കുറയുന്നു എന്നാണ് അദേഹത്തിന്‍റെ വിലയിരുത്തൽ. ഏകദേശം 90 മില്യൺ തൊഴിലുകൾ അപകടസാധ്യത നേരിടുന്നുവെന്നും നന്ദൻ നിലേക്കനി ചൂണ്ടിക്കാട്ടി.

എന്നാൽ നഷ്‍ടമാകുന്ന തൊഴിലുകൾക്ക് പകരമായി 170 ദശലക്ഷം പുതിയ എഐ കേന്ദ്രീകൃത തൊഴിലവസരങ്ങൾ സൃഷ്‍ടിക്കപ്പെടുമെന്നും നന്ദൻ നിലേക്കനി വിലയിരുത്തുന്നു. ഡാറ്റ അനോട്ടേറ്റർമാർ, എഐ എൻജിനീയർമാർ, എഐ ഫോറൻസിക് അനലിസ്റ്റുകൾ, ഫോർവേഡ്-ഡിപ്ലോയിഡ് എൻജിനീയർമാർ, ഏജന്‍റിക് വർക്ക്‌ഫ്ലോ ആർകിടെക്റ്റുകൾ തുടങ്ങിയ പുതിയ ജോലികൾക്ക് വലിയ ഡിമാൻഡായിരിക്കും ഭാവിയിൽ സംഭവിക്കുക എന്നും നന്ദൻ നിലേക്കനി വ്യക്തമാക്കുന്നു.

ലിങ്ക്ഡ് ഇൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ജോലികളിൽ പ്രോംപ്റ്റ് എൻജിനീയർ ഒന്നാം സ്ഥാനത്തും എഐ എൻജിനീയർ രണ്ടാം സ്ഥാനത്തുമാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ എഐ ഇൻഡക്‌സ് റിപ്പോർട്ട് 2025 പ്രകാരം, 2024-ൽ എഐ നിയമനത്തിൽ ഇന്ത്യ 33.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇത് ബ്രസീലിനെയും സൗദി അറേബ്യയെയും മറികടന്ന വളർച്ചയാണെന്ന് റിപ്പോർട്ട് പറയുന്നു.

സിസ്റ്റങ്ങള്‍ നവീകരിക്കുക പ്രധാനം 

കമ്പനികൾ അവരുടെ പഴയ സിസ്റ്റങ്ങൾ എഐ-റെഡി ആക്കാൻ ബജറ്റിന്‍റെ 60 മുതൽ 70 ശതമാനം വരെ ചെലവഴിക്കുന്ന സാഹചര്യത്തിൽ, കോഡ് എഴുതുന്നത് മാത്രമല്ല ലക്ഷ്യമെന്നും സിസ്റ്റങ്ങൾ നവീകരിക്കലാണ് പ്രാധാന്യം എന്നും നന്ദൻ നിലേക്കനി പറഞ്ഞു. വിദ്യാർഥികളും യുവ പ്രൊഫഷണലുകളും സാങ്കേതിക പരിജ്ഞാനത്തോടൊപ്പം മാനുഷിക കഴിവുകളും വികസിപ്പിക്കണമെന്ന് അദേഹം നിർദേശിക്കുന്നു. നന്ദൻ നിലേക്കനിയുടെ അവകാശവാദങ്ങൾ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എഐ അറിവും ആശയവിനിമയ കഴിവും ചേർന്ന ഹൈബ്രിഡ് നൈപുണ്യങ്ങളാണ് ഭാവിയിലെ തൊഴിൽ വിപണിയിൽ വിജയത്തിന് നിർണായകമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

OPPO Reno15c – ഫ്ലാഗ്ഷിപ് ലെവൽ ക്യാമറ, 5 വർഷം സോഫ്റ്റ് വെയർ അപ്ഡേറ്റ്
ആർട്ടിമിസ് 2 ദൗത്യം: വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം, മനുഷ്യന്‍റെ അടുത്ത ചാന്ദ്രയാത്ര സഫലമാകുന്നു