ഒപ്പോയുടെ പുതിയ സ്മാർട്ട്ഫോണായ ഒപ്പോ കെ15 ജൂലൈ 24ന് ചൈനയിൽ അവതരിപ്പിക്കും. മീഡിയടെക് ഡൈമെൻസിറ്റി 7360 പ്രോസസർ, 8000mAh എന്ന കൂറ്റൻ ബാറ്ററി, 50MP ഡ്യുവൽ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഗെയിമിങ് പോലുള്ള ഉയർന്ന പ്രകടനത്തിനായി ആക്ടീവ് കൂളിങ് ഫാനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്പോയുടെ പുതിയ സ്‍മാർട്ട്ഫോണായ ഒപ്പോ കെ15 ജൂലൈ 24ന് ചൈനയിൽ അവതരിപ്പിക്കും. നേരത്തെ ഒപ്പോ കെ15 പ്രോ, ഒപ്പോ കെ15 പ്രോ പ്ലസ് മോഡലുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് കെ15 കൂടി കമ്പനി വിപണിയിൽ എത്തിക്കുന്നത്. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ സ്‍മാർട്ട് ഫോണിന്റെ പ്രധാന സവിശേഷതകൾ, സ്റ്റോറേജ് വകഭേദങ്ങൾ, നിറങ്ങൾ, രൂപകൽപ്പന എന്നിവ കമ്പനി ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെ പുറത്തുവിട്ടു.

ലോഞ്ചും സ്‍പെസിഫിക്കേഷനുകളും

ചൈനീസ് സമയം രാവിലെ 10 മണിക്കാണ് (ഇന്ത്യൻ സമയം രാവിലെ 7.30) ഫോൺ അവതരിപ്പിക്കുക. നിലവിൽ ചൈനയിൽ മുൻകൂർ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന പതിപ്പാണ് ആദ്യം വിപണിയിലെത്തുക. ഗേൽ ഗ്രേ, റാപ്പിഡ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാകും ഫോൺ ലഭ്യമാകുക.

6.59 ഇഞ്ച് വലുപ്പമുള്ള ഫ്ലാറ്റ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള മികച്ച സംരക്ഷണം ഉറപ്പാക്കുന്ന ഐപി69 റേറ്റിങ്ങും ഫോണിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7360 സൂപ്പർ ഒക്ടാ കോർ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. ഇതിനൊപ്പം ടൈഡൽ എൻജിൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോ മോഡലുകളിലേതുപോലെ ആക്ടീവ് കൂളിങ് ഫാനും ഈ ഫോണിലും ലഭിക്കും.

ഗെയിമിങ് പോലുള്ള ഉയർന്ന പ്രകടനം ആവശ്യമായ പ്രവർത്തനങ്ങളിൽ ഫോൺ അമിതമായി ചൂടാകാതിരിക്കാൻ 4,950 ചതുരശ്ര മില്ലിമീറ്റർ വിസ്തീർണമുള്ള വേപ്പർ ചേംബർ കൂളിങ് സംവിധാനവും നൽകിയിട്ടുണ്ട്. 8,000 എംഎഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് മറ്റൊരു പ്രധാന സവിശേഷത. 80 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 'ഗ്ലേഷ്യർ ബാറ്ററി എനർജി ഗാതറിങ് ചിപ്പ്' എന്നിവയും ഫോണിലുണ്ട്.

ക്യാമറ വിഭാഗത്തിലും മികച്ച സവിശേഷതകളാണ് ഒപ്പോ നൽകിയിരിക്കുന്നത്. പിന്നിൽ എൽഇഡി ഫ്ലാഷോടുകൂടിയ ഇരട്ട ക്യാമറ സംവിധാനമാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ലഭിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ മുൻ ക്യാമറയും ഫോണിലുണ്ട്.

നാവിഗേഷനായി ഡ്യുവൽ ഫ്രീക്വൻസി ജിപിഎസിനും ത്രി ഫ്രീക്വൻസി ബെയ്ഡോ സംവിധാനത്തിനും പിന്തുണ ലഭിക്കും. മികച്ച പ്രകടനവും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററിയും ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ഒപ്പോ കെ15, മിഡ്-പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തൽ.