ഐക്യൂ ഇസഡ്11 ലൈറ്റ് ജൂലൈ 24-ന് ഇന്ത്യയിൽ അവതരിപ്പിക്കും, 20,000 രൂപയിൽ താഴെയായിരിക്കും വില. 44 വാട്ട് ഫാസ്റ്റ് ചാർജിങ്ങോടു കൂടിയ 6,500 എംഎഎഎച്ച് ബാറ്ററിയും മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറുമാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 120 ഹെർട്സ് ഡിസ്‌പ്ലേ, ഐപി65 റേറ്റിംഗ് എന്നിവയും ഫോണിനുണ്ട്.

ക്യൂവിന്റെ പുതിയ മിഡ് റേഞ്ച് സ്‍മാർട്ട്ഫോണായ ഐക്യൂ ഇസഡ്11 ലൈറ്റ് ഇന്ത്യയിൽ ജൂലൈ 24ന് അവതരിപ്പിക്കും. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഫോണിന്റെ വിലയും പ്രധാന സവിശേഷതകളും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. 20,000 രൂപയിൽ താഴെ ആരംഭിക്കുന്ന വിലയിൽ എത്തുന്ന ഈ സ്‍മാർട്ട്ഫോൺ പ്രധാനമായും വിദ്യാർഥികളെയും ബജറ്റ് വിഭാഗത്തിലെ ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്.

കമ്പനി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 6,500 എംഎഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഒറ്റ ചാർജിൽ 20 മണിക്കൂർ വരെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനോ 80 മണിക്കൂർ വരെ സംഗീതം കേൾക്കാനോ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫോണിൽ 44 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് സംവിധാനമുണ്ട്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ എട്ട് മണിക്കൂർ വരെ ഫോൺവിളിക്കോ 7.2 മണിക്കൂർ വരെ ഓൺലൈൻ വീഡിയോ കാണാനോ സാധിക്കുമെന്ന് കമ്പനി പറയുന്നു. അഞ്ച് വർഷത്തെ ഉപയോഗത്തിനുശേഷവും ബാറ്ററിയുടെ 80 ശതമാനം ശേഷി നിലനിർത്താൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിന് പുറമെ വയർഡ് റിവേഴ്‌സ് ചാർജിങ്, ബൈപാസ് ചാർജിങ് 2.0 എന്നീ സൗകര്യങ്ങളും ഫോണിലുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 6300 ഒക്ടാ കോർ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. ആൻടുടു ബെഞ്ച്മാർക്ക് പരിശോധനയിൽ 5.79 ലക്ഷത്തിലധികം പോയിന്റ് നേടിയതായി ഐക്യൂ വ്യക്തമാക്കുന്നു. 6 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ എത്തുക. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക. രണ്ട് വർഷത്തെ ആൻഡ്രോയിഡ് പതിപ്പ് നവീകരണവും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

120 ഹെർട്സ് റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് വരെ പരമാവധി തെളിച്ചവും നൽകുന്ന ഡിസ്പ്ലേയാണ് ഫോണിനുള്ളത്. പിന്നിൽ ഇരട്ട ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. ഇതിൽ 50 മെഗാപിക്സൽ സോണി സെൻസറോടുകൂടിയ പ്രധാന ക്യാമറയാണ് ശ്രദ്ധേയമായത്. കൂടാതെ, പൊടിയിൽ നിന്നും വെള്ളത്തിന്റെ ചെറു തുള്ളികളിൽ നിന്നുമുള്ള സംരക്ഷണം ഉറപ്പാക്കുന്ന ഐപി65 റേറ്റിങ്ങും സൈനിക നിലവാരത്തിലുള്ള എംഐഎൽ-എസ്‌ടിഡി-810എച്ച് കരുത്ത് സർട്ടിഫിക്കേഷനും ഐക്യൂ ഇസഡ്11 ലൈറ്റ് സ്‍മാർട്ട് ഫോണിനുണ്ട്. മിഡ്‌നൈറ്റ് ബ്ലൂ, സോളാർ ഫ്ലെയിം എന്നീ രണ്ട് നിറങ്ങളിൽ എത്തുന്ന ഐക്യൂ ഇസഡ്11 ലൈറ്റ് ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തും.