
ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ചൈനയിൽ പുതിയ മൊബൈൽ ആപ്പ് തരംഗമാകുന്നു. "ആർ യു ഡെഡ്?" ചൈനീസ് ഭാഷയിൽ 'Sile Me' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ചുരുങ്ങിയ കാലയളവിനുള്ളിൽ ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്തി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഏകാന്ത ജീവിതവും അതുമൂലമുണ്ടാകുന്ന സുരക്ഷാ ആശങ്കകളുമാണ് ആപ്പിന്റെ വിജയത്തിന് പിന്നിൽ.
വളരെ ലളിതമായ രീതിയിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഉപയോക്താവ് താൻ സുരക്ഷിതനാണെന്ന് ആപ്പിൽ ലോഗിൻ ചെയ്ത് അറിയിക്കണം. തുടർച്ചയായി രണ്ട് ദിവസം അറിയിപ്പ് ലഭിച്ചില്ലെങ്കിൽ, ആപ്പ് ഉടൻ തന്നെ ഉപയോക്താവ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള എമർജൻസി കോൺടാക്റ്റുകൾക്ക് ഇമെയിൽ വഴിയോ നോട്ടിഫിക്കേഷൻ വഴിയോ വിവരം കൈമാറും. പ്രത്യേക ലോഗിൻ വിവരങ്ങളോ വ്യക്തിഗത ഡാറ്റയോ ആപ്പ് ആവശ്യപ്പെടുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.
നേരത്തെ പ്രായമായവരെ ലക്ഷ്യമിട്ടാണ് ഇത്തരം സംവിധാനങ്ങൾ വന്നിരുന്നതെങ്കിൽ, പുതിയ ആപ്പിന്റെ ഉപയോക്താക്കളിൽ ഭൂരിഭാഗവും യുവാക്കളാണ്. ജോലി സംബന്ധമായും മറ്റും നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ഒറ്റയ്ക്ക് കഴിയുന്നതിനിടയിൽ ആരുമറിയാതെ മരണം സംഭവിക്കുമോ എന്ന ആശങ്കയാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. ഏകദേശം 125 ദശലക്ഷം ആളുകൾ ചൈനയിൽ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ട്.
'മൂൺസ്കേപ്പ് ടെക്നോളജീസ്' എന്ന കമ്പനിയിലെ മൂന്ന് ജെൻ സി യുവാക്കളാണ് ഈ ആപ്പിന് പിന്നിൽ. വെറും 1000 യുവാൻ (ഏകദേശം 13,000 രൂപ) ചിലവഴിച്ചാണ് അവർ ഇത് നിർമ്മിച്ചത്. നിലവിൽ എട്ട് യുവാൻ (ഏകദേശം 103 രൂപ) നൽകി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിനോടകം അമേരിക്ക, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ചൈനീസ് വംശജർക്കിടയിലും ആപ്പ് പ്രചാരം നേടിയിട്ടുണ്ട്.
ആപ്പിന്റെ പേര് അല്പം ക്രൂരമാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ, പേര് മാറ്റുന്നതിനെക്കുറിച്ചും നിർമ്മാതാക്കൾ ആലോചിക്കുന്നുണ്ട്. 2030-ഓടെ ചൈനയിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ എണ്ണം 200 ദശലക്ഷം കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam