
ദുൽഖർ നായകനായി എത്തുന്ന 'കാന്ത'യുടെ ടീസർ പുറത്ത്. ദുൽഖറിന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസർ റിലീസ് ചെയ്‍തത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്‍ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖറിന് ജന്മദിന ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു പോസ്റ്ററും "കാന്ത" ടീം ഇന്ന് പുറത്ത് വിട്ടിരുന്നു. 12.09.2025നാണ് ചിത്രം റിലീസ് ചെയ്യുക.
'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. ദുൽഖർ സൽമാൻ എന്ന നടന്റെ അഭിനയ പ്രതിഭയെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന ചിത്രമായിരിക്കും "കാന്ത" എന്ന സൂചനയാണ് ടീസർ നൽകുന്നത്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് ഭാഷകളിൽ ഉള്ള ടീസറുകൾ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ഉൾപ്പെടെ നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാനെ അവതരിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ, നായികാ വേഷം ചെയ്‍ത ഭാഗ്യശ്രീ ബോർസെയുടെ പോസ്റ്ററുകൾ, സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ എന്നിവയാണ് ഇതിനു മുൻപ് റിലീസ് ചെയ്‍തത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് "കാന്ത".
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക