
കോഴിക്കോട്: കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ആലപ്പുഴ ഹൗസ് ബോട്ട് ഉല്ലാസ യാത്ര നാളെ (ജൂൺ 19). കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഒരു ദിവസം പകൽ സമയം ഹൗസ് ബോട്ടിൽ ആർത്തുല്ലസിക്കാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
രാത്രി 10 മണിക്കാണ് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും യാത്ര തിരിക്കുക. അടുത്ത ദിവസം രാവിലെ ആലപ്പുഴയിലെത്തും. ഇതിന് ശേഷം അവിടെ ഫ്രഷാകാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇതിന് എക്സ്ട്രാ പെയ്മെൻറ് ഈടാക്കും. രാവിലെ 10 മണിയ്ക്ക് ഹൗസ് ബോട്ടിൽ കയറും. 5 മണി വരെയാണ് ഹൗസ് ബോട്ടിൽ സമയം ഉണ്ടായിരിക്കുക. ഹൗസ് ബോട്ടിൽ കയറിയ ശേഷം ഭക്ഷണം ഉണ്ടായിരിക്കുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
5 മണിക്ക് ഹൗസ് ബോട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം കോഴിക്കോട്ടേയ്ക്ക് തിരിക്കും. രാത്രി ഒരു മണിയോടു കൂടി കോഴിക്കോട് എത്തിച്ചേരും. ഒരാൾക്ക് 2,050 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 9946068832, 954447954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അതേസമയം, ജൂൺ 22ന് പൈതൽമലയിലേയ്ക്കും കെഎസ്ആർടിസി കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ 5 മണിക്ക് യാത്ര പുറപ്പെടും. രാത്രി 11 മണിക്ക് തിരികെ കോഴിക്കോട് കെഎസ്ആർടിസിയിൽ എത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക. ഒരാൾക്ക് 730 രൂപയാണ് ചാർജ് (ബസ് ചാർജ് മാത്രം). ഈ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും 9946068832, 954447954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.