
ബാങ്കോക്ക്: തായ്‌ലൻഡിലേയ്ക്ക് ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. 2025ന്റെ പകുതിയോടെ തായ്‌ലൻഡ് സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞു. ഇന്ത്യക്കാർക്കിടയിൽ തായ്‌ലൻഡിനുള്ള ജനപ്രീതിയെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ടൂറിസം ബന്ധത്തിലെ ഒരു പുതിയ അധ്യായത്തെയുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
2025 ജൂൺ പകുതിയോടെ തായ്‌ലൻഡിൽ എത്തിയ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. 2024-ൽ 3.5 കോടിയിലധികം അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് തായ്‌ലൻഡിലെത്തിയത്. ഇതിൽ 21 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരന്മാരായിരുന്നു. ഇന്ത്യക്കാരിൽ വളർന്നുവരുന്ന വിദേശ യാത്രാ പ്രവണതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഇന്ത്യക്കാരുടെ അവധിക്കാല യാത്രകളുടെ പ്രധാന ഡെസ്റ്റിനേഷനായും തായ്‌ലൻഡ് മാറിയിരിക്കുകയാണ്.
ഇന്ത്യൻ സഞ്ചാരികൾ തായ്‌ലൻഡിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ബാങ്കോക്കിലെ തിരക്കേറിയ തെരുവുകൾ മുതൽ ഫുക്കറ്റിലെ ശാന്തമായ ബീച്ചുകൾ വരെയുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ തായ്‌ലൻഡ് ഉറപ്പ് നൽകുന്നു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സ്ട്രീറ്റ് ഫുഡ് മുതൽ മികച്ച ഭക്ഷണശാലകൾ വരെയുള്ള രുചി വൈവിധ്യങ്ങളും കുടുംബങ്ങൾക്കും ദമ്പതികൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും ഒരുപോലെ ആകർഷകമായ സ്ഥലമാക്കി തായ്ലൻഡിനെ മാറ്റുന്നതിൽ നിര്‍ണായക പങ്കുവഹിച്ചവയാണ്.
ബജറ്റ് നോക്കി യാത്ര ചെയ്യുന്നവർക്കും ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ആസ്വദിക്കാനാവശ്യമായതെല്ലാം തായ്‌ലൻഡ് കാത്തുവെച്ചിട്ടുണ്ട്. ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമാകുന്ന ഒരു പ്രധാന ഘടകം തായ്‌ലൻഡ് നൽകുന്ന മെച്ചപ്പെട്ട യാത്രാ സൗകര്യമാണ്. തായ്‌ലൻഡ് 60 ദിവസം വരെ താമസത്തിനുള്ള വിസ ഇളവുകൾ ഏർപ്പെടുത്തിയത് ഇന്ത്യൻ പൗരന്മാർക്ക് ആശ്വാസകരമായി. കൂടാതെ, തായ്‌ലൻഡ് ഡിജിറ്റൽ അറൈവൽ കാർഡ് (TDAC) ആരംഭിച്ചത് ഇമിഗ്രേഷൻ പ്രക്രിയകൾ കാര്യക്ഷമമാക്കുകയും രാജ്യത്തേയ്ക്കുള്ള പ്രവേശനം വേഗത്തിലാക്കുകയും ചെയ്തു.