
ബീജിംഗ്: കുന്നും മലയും കയറുകയെന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ, ആഗ്രഹമുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ടും ചിലർക്ക് ഇതിന് സാധിക്കാറില്ല. ക്ഷീണം, നീണ്ട ക്യൂ, സമയക്കുറവ് എന്നിവ കാരണം ഇത്തരം ദൗത്യങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവരുമുണ്ട്. എന്നാൽ, വെറുതെ കയ്യുംകെട്ടി ഇരുന്ന് മല കയറാൻ കഴിഞ്ഞാലോ? അത്തരത്തിൽ ഇരുന്ന് മല കയറുന്ന വിനോദസഞ്ചാരികളുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇപ്പോൾ ഇതാ ചൈനയിൽ നിന്നാണ് ഏവരെയും അമ്പരപ്പിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നത്. ട്രാവൽ വ്ലോഗറായ ഡാന വാങ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ അതിവേഗം വൈറലായി. ബുദ്ധിമുട്ടുകളൊന്നും തന്നെ നേരിടാതെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് വിനോദസഞ്ചാരികൾ ഒരു എസ്കലേറ്റര്‍ പോലെയുള്ള സംവിധാനത്തിൽ ഇരുന്ന് മല കയറുന്നതാണ് വീഡിയോയിലുള്ളത്. ചൈനയിൽ ഒരു അവധിക്കാലം ആഘോഷിക്കുകയാണെന്ന് വാങ് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിന് ശേഷം നിരവധിയാളുകൾ എസ്കലേറ്ററിൽ ഇരുന്ന് മല മുകളിലേയ്ക്ക് പോകുന്നതാണ് വീഡിയോയിൽ കാണാനാകുക. മല മുകളിലേക്ക് നടക്കുന്നതിന് പകരം എസ്കലേറ്ററിൽ ഇരുന്ന് യാത്ര ചെയ്യാൻ 10 യുവാൻ (ഏകദേശം 115 രൂപ) നൽകേണ്ടിവരുമെന്ന് ഡാന വാങ് പറയുന്നു.
ഡസൻ കണക്കിന് ആളുകൾ എസ്കലേറ്ററിൽ സുഖമായി ഇരിക്കുന്നതും മുകളിലേക്ക് നീങ്ങുന്നതും വീഡിയോയിൽ കാണാം. എന്നാൽ, എസ്കലേറ്ററിന് പകരം കാൽനടയായാണ് മല കയറിയതെന്നും ഇതിന് 3-4 മിനിട്ട് മാത്രമേ എടുത്തുള്ളൂവെന്നും ഡാന വാങ് പറഞ്ഞു. എന്നാൽ, എസ്കലേറ്റർ വിനോദസഞ്ചാരികൾക്കിടയിൽ കൂടുതൽ ജനപ്രിയമാണെന്നും ഡാന വാങ് പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. ശാരീരിക പ്രശ്നമുള്ളവർക്കും പ്രായമായവർക്കും ഇത് വളരെയധികം പ്രയോജനം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ നിരീക്ഷണം. അതേസമയം, ഇത് മടിയൻമാർക്കുള്ള സംവിധാനമാണെന്ന് പറയുന്നവരുമുണ്ട്.
അതേസമയം, ചൈന ആദ്യമായല്ല ഇത്തരം നൂതന സംവിധാനങ്ങളുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ടിയാൻയു പർവതത്തിൽ കയറുന്നതിന് സന്ദർശകർക്കായി 350 മീറ്റർ നീളമുള്ള ഒരു എസ്കലേറ്റർ സ്ഥാപിച്ചിരുന്നു. ഈ എസ്കലേറ്റർ യാത്രാ സമയത്തിൽ വലിയ വ്യത്യാസമാണുണ്ടാക്കിയത്. മുമ്പ് 50 മിനിറ്റ് സമയം ആവശ്യമായി വന്നപ്പോൾ എസ്കലേറ്ററിലൂടെ സന്ദർശകർക്ക് ഏകദേശം 10 മിനിറ്റിനുള്ളിൽ മുകളിലെത്താൻ കഴിയുമെന്നതായിരുന്നു ഇതിന്റെ പ്രധാന സവിശേഷത.