
ഇന്ത്യയെക്കുറിച്ച് വിദേശ രാജ്യങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്ന ചില പൊതുധാരണകൾക്ക് മറുപടിയുമായി ഒരു ഓസ്ട്രിയൻ യുവതി പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടി. ഇന്ത്യയിൽ യാത്ര ചെയ്ത അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പലരും വിശ്വസിക്കുന്ന തെറ്റായ ധാരണകളെ അവർ വിശദീകരിക്കുകയും തള്ളിക്കളയുകയും ചെയ്തത്. ഇന്ത്യക്കാരനെ വിവാഹം കഴിച്ച ഓസ്ട്രേലിയക്കാരിയായ കാട്രിൻ ആണ് വിദേശീയർക്കിടയിൽ ഇന്ത്യയെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ കുറിച്ച് സംസാരിച്ചത്. “ആളുകൾ ഇപ്പോഴും വിശ്വസിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള മിഥ്യകൾ” എന്ന അടിക്കുറിപ്പോടെയാണ് അവർ തന്‍റെ നിഗമനങ്ങൾ പങ്കുവച്ചത്.
ഇന്ത്യയെന്നാൽ എല്ലായിടത്തും കടുത്ത ചൂടും തിരക്കുമാണെന്ന ധാരണ യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന് കാട്രിൻ പറയുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഒരേ സമയം വ്യത്യസ്ത കാലാവസ്ഥയും ഭൂപ്രകൃതിയുമാണുള്ളതെന്നും, മലനിരകൾ ഉൾപ്പെടെ തണുപ്പേറിയ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഭക്ഷണവും ശുചിത്വവും സംബന്ധിച്ച ആശങ്കകളെക്കുറിച്ചും അവർ പ്രതികരിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ സുരക്ഷിതമായി പ്രാദേശിക ഭക്ഷണം ആസ്വദിക്കാനാകുമെന്നും, ഒരു രാജ്യത്തെ കുറിച്ച് ഒറ്റപ്പെട്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പൊതുവായ നിഗമനങ്ങളിൽ എത്തരുതെന്നും കാട്രിൻ ചൂണ്ടിക്കാണിച്ചു. ഇന്ത്യയിൽ ദാരിദ്ര്യം നിലനിൽക്കുന്നു, അത് തന്‍റെ ഹൃദയം തകർക്കുന്നു. എന്നാൽ ഇന്ത്യയുടെ ചരിത്രം വളരെ സങ്കീർണ്ണമാണ്. അത് ഒരുകാലത്ത് ലോകത്തിൽ തന്നെ മികച്ചതായിരുന്നെന്നും അവർ ചൂണ്ടിക്കാണിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത വൈവിധ്യമാണെന്നും അവർ പറഞ്ഞു. ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയും സംസ്കാരവും ഭക്ഷണരീതികളും ആചാരങ്ങളും ഉള്ളതിനാൽ ഇന്ത്യയെ ഒരൊറ്റ കാഴ്ചപ്പാടിലൂടെ വിലയിരുത്താൻ കഴിയില്ലെന്നും അത് ശരിയല്ലെന്ന് അവർ വിശദീകരിച്ചു. കാരണം. രാജ്യത്തെ വിവിധ മേഖലകളിലെ അനുഭവങ്ങൾ പരസ്പരം വ്യത്യസ്തമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സുരക്ഷയെയും നാട്ടുകാരുടെ പെരുമാറ്റത്തെയും കുറിച്ചും കാട്രിന് സ്വന്തം അനുഭവത്തിൽ നിന്നും സംസാരിച്ചു. പ്രശ്നങ്ങളില്ലാത്ത നഗരങ്ങളിൽ ശാന്തമായ വിശ്രമ കേന്ദ്രങ്ങളും ഇന്ത്യയിൽ ലഭ്യമാണെന്നും യാത്രകൾക്കിടെ കണ്ടുമുട്ടിയവരിൽ നിന്ന് സൗഹൃദപരമായ സമീപനവും സഹായ മനോഭാവവും തനിക്ക് ലഭിച്ചുവെന്നും അവർ പറയുന്നു. ഏതൊരു രാജ്യത്ത് പോകുമ്പോഴും ജാഗ്രത ആവശ്യമാണെങ്കിലും ഇന്ത്യയെക്കുറിച്ചുള്ള പൊതുവായ നെഗറ്റീവ് ധാരണകൾ മറ്റ് രാജ്യങ്ങളിലും ബാധകമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. യുവതിയുടെ വീഡിയോ വൈറലായതോടെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയെക്കുറിച്ചുള്ള വിലയിരുത്തലുകൾ മുൻവിധികളുടെ അടിസ്ഥാനത്തിലല്ല, നേരിട്ടുള്ള അനുഭവങ്ങളുടെയും യാഥാർഥ്യത്തിന്‍റെയും അടിസ്ഥാനത്തിലാകണമെന്ന അഭിപ്രായം പലരും കുറിച്ചു.