വിവാഹഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അതിഥികൾ എൻട്രൻസ് കൗണ്ടറിലെത്തി പണമടങ്ങിയ എൻവലപ്പോ സമ്മാനങ്ങളോ കൈമാറേണ്ടതുണ്ട്. ഇതിന് പകരമായി അവിടെനിന്ന് ഒരു 'ഫുഡ് ടോക്കൺ' ലഭിക്കും.
ദക്ഷിണ കൊറിയയിൽ ഗവേഷണം നടത്തുന്ന ഇന്ത്യൻ യുവതി ആദ്യമായി പങ്കെടുത്ത കൊറിയൻ വിവാഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'jigyasa__.jd' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി കൊറിയയിലെ വേറിട്ടൊരു വിവാഹ ആചാരത്തെക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ കൊറിയൻ സഹപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള മറ്റ് രണ്ടു മുതിർന്ന സഹപ്രവർത്തകർക്കൊപ്പമാണ് ഇവർ എത്തിയത്.
വിവാഹവേദിയിൽ കൃത്യസമയത്ത് തന്നെ സംഘം എത്തിയിരുന്നു. നവദമ്പതികൾക്ക് പണമടങ്ങിയ എൻവലപ്പോ സമ്മാനങ്ങളോ നൽകുന്ന രീതിയുണ്ടെന്ന് ഇവർക്ക് അറിയാമായിരുന്നു. എന്നാൽ ചടങ്ങ് തുടങ്ങാൻ അല്പം സമയമുണ്ടായിരുന്നതിനാൽ ഇവർ പുറത്തേക്ക് പോയി. ചടങ്ങ് ആരംഭിച്ചതായി സുഹൃത്തിന്റെ സന്ദേശം ലഭിച്ചതോടെ ഇവർ തിരികെ പ്രധാന ഹാളിലേക്ക് എത്തുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ വിവാഹച്ചടങ്ങുകൾ അവസാനിച്ചു. തുടർന്ന് അതിഥികൾ ഉച്ചഭക്ഷണത്തിനായി ഹാളിലേക്ക് നീങ്ങിയപ്പോൾ ഇവരും ഒപ്പം ചേർന്നു. എന്നാൽ ഭക്ഷണശാലയുടെ പ്രവേശന കവാടത്തിൽ വെച്ച് അപ്രതീക്ഷിതമായ ഒരു തടസ്സം ഇവർ നേരിട്ടു.
സമ്മാനമായി നൽകാനുള്ള കവർ ഇവർ കയ്യിൽ കരുതിയിരുന്നില്ല; അത് പിന്നീട് ദമ്പതികൾക്ക് നേരിട്ട് നൽകാം എന്നായിരുന്നു ഇവർ കരുതിയത്. എന്നാൽ ഡൈനിംഗ് ഹാളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടയുകയും പ്രവേശനത്തിനുള്ള 'ടോക്കൺ' കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
സെക്യൂരിറ്റി ജീവനക്കാർക്ക് ഇംഗ്ലീഷോ ഇവർക്ക് കൊറിയൻ ഭാഷയോ അറിയാതിരുന്നതിനാൽ ആദ്യം കാര്യം മനസ്സിലായില്ല. ഒടുവിൽ സഹപ്രവർത്തകനായ വരനെ തന്നെ ഇവർ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. അപ്പോഴാണ് കൊറിയയിലെ ആ വേറിട്ട രീതിയെക്കുറിച്ച് ഇവർ അറിയുന്നത്.
വിവാഹഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അതിഥികൾ എൻട്രൻസ് കൗണ്ടറിലെത്തി പണമടങ്ങിയ എൻവലപ്പോ സമ്മാനങ്ങളോ കൈമാറേണ്ടതുണ്ട്. ഇതിന് പകരമായി അവിടെനിന്ന് ഒരു 'ഫുഡ് ടോക്കൺ' ലഭിക്കും. ഈ ടോക്കൺ നൽകിയാൽ മാത്രമേ ഡൈനിംഗ് ഏരിയയിലേക്ക് പ്രവേശനം ലഭിക്കൂ എന്ന് സഹപ്രവർത്തകൻ വിശദീകരിച്ചു നൽകി.
പിന്നീട് സഹപ്രവർത്തകൻ വന്ന് ജീവനക്കാരോട് കാര്യം വിശദീകരിച്ചതോടെയാണ് ഇവർക്ക് ഡൈനിംഗ് ഹാളിലേക്ക് പ്രവേശനം ലഭിച്ചത്. തുടർന്ന് എൻവലപ്പ് കൈമാറി ഇവർ മറ്റുള്ളവർക്കൊപ്പം ഭക്ഷണത്തിൽ പങ്കുചേർന്നു. ഇന്ത്യയിലെ വിവാഹച്ചടങ്ങുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഈ അനുഭവം യുവതിയെ ഏറെ അത്ഭുതപ്പെടുത്തി. ഇന്ത്യയിൽ ദമ്പതികൾക്ക് നേരിട്ട് ആശംസകളും സമ്മാനങ്ങളും കൈമാറാം എന്നല്ലാതെ, സമ്മാനം നൽകിയാൽ മാത്രമേ ഭക്ഷണം കഴിക്കാനുള്ള ടോക്കൺ ലഭിക്കൂ എന്ന രീതിയില്ലെന്ന് യുവതി ചൂണ്ടിക്കാട്ടി.
തനിക്ക് വളരെ വിചിത്രമായി തോന്നിയ ഈ സംഭവം, കൊറിയൻ കല്യാണ ആചാരങ്ങളെക്കുറിച്ച് മറ്റുള്ളവരെക്കൂടി അറിയിക്കാനായാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതെന്ന് യുവതി വ്യക്തമാക്കുന്നു.
