
അതിശക്ത മഴ തുടരുന്ന ഗുജറാത്തിൽ വെള്ളപ്പൊക്കം ജനജീവിതത്തെ സാരമായി ബാധിച്ചു. ഇതിനിടെ വൽസാദിലെ ഒരു ബാങ്ക് ജീവനക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടി. വീടിന് പുറത്തുള്ള റോഡിൽ കഴുത്തോളം ഉയർന്ന വെള്ളത്തിൽ നിൽക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് തനിക്ക് ജോലി സ്ഥലത്ത് എത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറയുന്നു. ബന്ദൻ ബാങ്കിൽ ജോലി ചെയ്യുന്ന യുവാവാണ് വീഡിയോ പങ്കുവെച്ചത്.
ബന്ദൻ ബാങ്കിലെ ചീഫ് റിലേഷൻഷിപ്പ് ഓഫീസറായ ശിവം സിംഗാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിലൂടെ വീഡിയോ പങ്കുവച്ചത്. ഗുജറാത്തിലെ വൽസാദിലെ മൊഗ്രവാഡിയിലുള്ള അക്ഷർധാം റെസിഡൻസി എന്ന സൊസൈറ്റിൽ നിന്നാണ് ശിവം വീഡിയോ പങ്കുവച്ചത്. വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ വെള്ളം അപകടകരമായ ഉയരത്തിലെത്തിയിരുന്നുവെന്നും യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഓഫീസിലെത്താൻ സാധിച്ചില്ലെന്നും ശിവം വീഡിയോയിൽ പറയുന്നു. വെള്ളക്കെട്ട് കാരണം പ്രദേശത്തെ ഗതാഗതവും പൂർണമായും താറുമാറായിരുന്നുവെന്നും ദൈനംദിന ജീവിതം ഏറെ ബുദ്ധിമുട്ടിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോയിൽ റോഡിൽ കഴുത്തോളം വെള്ളം ഉയർന്നത് കാണാം. ജൂലൈ 23 -ന് രാത്രിയും പകലും ഒരു പോലെ മഴയായിരുന്നെന്നും വീഡിയോ ചിത്രീകരിച്ചത് രാവിലെ ഏഴ് മണിക്കാണെന്നും ശിവം പറയുന്നു. ഓഫീസിന്‍റെ താക്കോൽ അദ്ദേഹത്തിന്‍റെ കൈയിലാണ്. പക്ഷേ, അവിടെ വരെ എത്താൻ ഒരു നിർവാഹവുമില്ലാത്ത അവസ്ഥയാണെന്നും ശിവം കൂട്ടിച്ചേർക്കുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിക്കേണ്ടതാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. അതീവ അപകടകരമായ സാഹചര്യത്തിൽ ജോലിസ്ഥലത്ത് എത്താൻ ശ്രമിക്കുന്നതിനെക്കാൾ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടു. മഴയും വെള്ളപ്പൊക്കവും ബാധിച്ച പ്രദേശങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനങ്ങൾ കൂടുതൽ സൗകര്യപ്രദമായ ജോലി ക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യവും ചിലർ മുന്നോട്ടുവച്ചു. അതേസമയം, ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലാകുകയും ഗതാഗതം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴയുടെ ശക്തി കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ദുരന്തനിവാരണ വിഭാഗം പൊതുജനങ്ങളോട് അഭ്യർഥിച്ചു.